ആനന്ദിപ്പിക്കാന്‍ മാത്രമല്ല എഴുത്ത്: അംബികാസുതന്‍ മാങ്ങാട്
അംബികാസുതന്‍ മാങ്ങാടിന്റെ ഓരോ കഥകളും ഒരു നൊമ്പരപ്പെടുത്തലാണ്. അവ വായനക്കാരനെ വേട്ടയാടിക്കൊണ്ടിരിക്കും. അടക്കിപ്പിടിച്ച കരച്ചിലുകളായി തൊണ്ടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും. ആരൊക്കെയോ അനുഭവിച്ചതും ചിലര്‍ ഇനി പങ്കിടാനുള്ളതുമായ വേദനകള്‍ ആവിഷ്ക്കരിക്കുന്നത് അവ നന്മയിലേയ്ക്കുള്ള ചവിട്ടുപടികളാകണമെന്ന ആഗ്രഹത്തോടെയാണ്. അടക്കിപ്പിടിക്കുന്ന വേദനകള്‍ പുറംലോകത്തെ അറിയിക്കാനുള്ള വ്യഗ്രതയും ചിലപ്പോള്‍ കഥകളായി മാറുന്നു.
വാക്കുകളായി പകര്‍ത്തിവച്ചവ യാഥാര്‍ത്ഥ്യമാകുന്നതും കാണാം. എല്ലാം വായനക്കാര്‍ നെഞ്ചേറ്റിയവ. ഓരോ കാലത്തും പുനര്‍വായന ആവശ്യപ്പെടുന്നവ- അക്കൂട്ടത്തിലേയ്ക്കാണ് അംബികാസുതന്‍ മാങ്ങാടിന്റെ പുതിയ കൃതിയായ എന്‍മകജെയും ചേര്ത്തുവയ്ക്കപ്പെടുന്നത്. കാലത്തിന്റെ നേര്‍ക്കുള്ള ഒരു നിലവിളിയായി പരിണമിക്കപ്പെടുന്ന സംഭവങ്ങള്‍ അംബികാസുതന്‍ മാങ്ങാട് ആവിഷ്ക്കരിക്കുമ്പോള്‍ അതു മലയാള നോവല്‍ സാഹിത്യത്തിനു തന്നെ പുത്തനുണര്‍വുമാകുന്നു .
കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ എന്ന ഗ്രാമത്തിന്റെ കഥയാണ് ഈ നോവല്‍ പറയുന്നത്. എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിന്റെ കഥ. വര്‍ഷങ്ങളായി തുടരുന്ന വേദനകളുടെ കഥപറയുന്ന എന്‍മകജെ 2009 ലെ മികച്ച കൃതികളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. എന്‍മകജെയെ കുറിച്ചും എഴുത്ത് രീതികളെ കുറിച്ചും അംബികാസുതന്‍ മാങ്ങാട് വൈഗ ന്യൂസിനോട് സംസാരിക്കുന്നു.
എന്‍മകജെ എഴുതാനുണ്ടായ സാഹചര്യം?
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി രൂപീകരിച്ചപ്പോള്‍ അതിന്റെ ചെയര്‍മാന്‍ ഞാനായിരുന്നു. നിരവധി സമരങ്ങള്‍ അക്കാലത്ത് സംഘടിപ്പിച്ചു. എംടി അടക്കമുള്ള സാഹിത്യ-സാംസ്ക്കാരിക നായകന്‍മാര്‍ പങ്കെടുത്തു. വി എസ് അച്യുതാനന്ദന്‍ സംബന്ധിച്ച റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.
ഒറ്റപ്പെട്ട സമരങ്ങള്‍, ബോധവത്ക്കരണ യാത്രകള്‍, ലേഖനങ്ങള്‍ തുടങ്ങിയവയിലൂടെയും സമരത്തിനു ശക്തി പകര്‍ന്നു. എന്നാല്‍ എന്‍മകജെയിലെ രോഗികളെ കണ്ടപ്പോള്‍ ഒരിക്കലും അതിനെ കുറിച്ച് സാഹിത്യം എഴുതില്ല എന്നു കരുതിയതാണ്. ദുരിതത്തിന് ഇരകളാക്കപ്പെട്ടവരുടെ വേദന മാര്‍ക്കറ്റ് ചെയ്യരുതല്ലോ. ഇക്കാര്യം എഴുതില്ല എന്ന് കരുതിയതിനു മറ്റൊരു കാരണം അവരുടെ വേദനകള്‍ ഭാഷയിലൂടെ പകര്‍ത്താന്‍ അസാധ്യമാണ് എന്ന തിരിച്ചറിവുമാണ്.
സമരം വിജയിക്കുകയും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ചെയ്തതോടെ സമരസമിതിയുടെ ഊര്‍ജ്ജം കുറഞ്ഞു. സമരക്കാര്‍ പിന്‍വലിഞ്ഞു. പക്ഷേ അതിന്റെ ദുരിതം അനുഭവിക്കുന്നവര്‍ നിരവധിപേരായിരുന്നു. എന്റെ ഉത്തരവാദിത്വം എഴുത്താണ്. സമരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും ഞാന്‍ ഒരു ആക്ടിവിസ്റ്റല്ല. ആ പ്രദേശത്തെ ദുരിതം എഴുത്തിലൂടെ ലോകത്തെ അറിയിക്കേണ്ടതുണ്ട്. അതിനാല്‍ രണ്ടുവര്‍ഷം മുന്‍പ് വീണ്ടും ആ പ്രദേശങ്ങളില്‍ പോയി. കര്‍ണ്ണാടക അതിര്‍ത്തിയിലാണ് ഈ പ്രദേശം. ഒന്നരമണിക്കൂര്‍ എടുക്കും കാസര്‍ഗോഡില്‍ നിന്ന് ഇവിടെയെത്താന്‍. കാര്യങ്ങള്‍ മനസ്സിലാക്കിയും വേണ്ട പഠനം നടത്തിയും ഒടുവില്‍ എന്‍മകജെ എഴുതി.
ഈ നോവല്‍ എഴുതുമ്പോള്‍ ഞാന്‍ ഒരു കാര്യം തീര്‍ച്ചയാക്കിയിരുന്നു. നേരത്തെ പറഞ്ഞ കുറ്റബോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്‍മകജെ എന്ന നോവലിന്റെ റോയല്‍റ്റി വിഭാഗത്തില്‍ പെടുന്ന തുക ആ പ്രദേശത്തിന് നല്‍കുമെന്ന്.
തുക എന്‍മകജെ യ്ക്കു നല്‍കിയോ?
ഇല്ല. കാരണം ഈ പുസ്തകത്തിന്റെ കന്നട പതിപ്പ് ഉടന്‍ പുറത്തിറങ്ങും. അതിന്റെ കൂടെ പണം കിട്ടിയാല്‍ ഒരുമിച്ചു എന്‍മകജെയ്ക്ക് നല്‍കും.
മരക്കാപ്പിലെ തെയ്യങ്ങള്‍ എന്ന നോവലിന്റെ തുടര്ച്ചയായി എന്‍മകജെയെ വിലയിരുത്താമോ?
തുടര്‍ച്ചയാണ്. രണ്ടും പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബേക്കല്‍ ടൂറിസം വ്യാപിപ്പിക്കുന്നതിനെതിരെയുള്ള സമരത്തിലും ഞാന്‍ പങ്കെടുത്തിരുന്നു. അത് പരാജയമായിരുന്നു. അതിന്റെ കയ്പ്പ് തീര്‍ക്കാനാണ് മരക്കാപ്പിലെ തെയ്യങ്ങള്‍ എഴുതിയത്.
മരക്കാപ്പിലെ തെയ്യങ്ങള്‍ എന്ന നോവലിലുള്ളതിനു സമാനമായ കാര്യങ്ങള്‍ കണ്ടപ്പോള്‍ നിങ്ങള്‍ നോവല്‍ എഴുതിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്, ഇവിടത്തുകാര്‍ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് താങ്കളുടെ ഭാര്യ പറഞ്ഞതായി എഴുതിയത് വായിച്ചിട്ടുണ്ട്?
1998 ല്‍ പൂര്‍ത്തിയായ നോവലാണ് മരക്കാപ്പിലെ തെയ്യങ്ങള്‍. അന്നു അവിടെയുള്ള സ്ഥലം മുഴുവന്‍ സ്വദേശികളുടെ ആയിരുന്നു. എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടം വിദേശികളും മറ്റു വ്യവസായികളും വാങ്ങിയിരുന്നു. അവിടെ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഭാര്യക്കൊപ്പം പോയപ്പോള്‍ കെട്ടിടത്തില്‍ ഞങ്ങളെ പ്രവേശിപ്പിച്ചില്ല. അദ്ഭുതകരമായ ഒരു കാര്യം നോവലില്‍ പറഞ്ഞത് പോലെ അവിടെ സംഭവിച്ചിരിക്കുന്നു എന്നാണ്. ആ കെട്ടിടത്തില്‍ മസാജ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അപ്പോഴാണ് ഭാര്യ പറഞ്ഞത് നിങ്ങള്‍ നോവല്‍ എഴുതിയതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത്. ഇന്നാട്ടുകാര്‍ക്ക് നോവല്‍ എഴുതുന്നതിനു മുന്‍പ് ഇക്കാര്യം ഒന്നും അറിയാമായിരുന്നില്ല എന്ന്.
ഈ നോവല്‍ ഒരു സിനിമയാക്കുന്നതിന്റെ ഭാഗമായി അവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. സിനിമയ്ക്ക് വേണ്ട ലൊക്കേഷന്‍ അന്വേഷിച്ചപ്പോള്‍ നോവലില്‍ പറഞ്ഞത് പോലുള്ള കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നു. അതേസ്ഥലങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ അറംപറ്റിയിരിക്കുന്നു.
ഇതുപോലെ തന്നെ മറ്റൊരു കഥയിലെ സംഭവും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. മോക്ഷം എന്ന കഥയിലെ പെണ്‍കുട്ടി എപ്പോഴും കാമറയെ ഭയപ്പെടുന്ന ആളാണ്. അനങ്ങിയാല്‍, തിരിഞ്ഞാല്‍ എല്ലാം പേടി. ഒളികാമറയെ ഭയക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് അത്. മൊബൈല്‍ കാമറ വരുന്നതിനു മുന്‍പ് എഴുതിയ കഥയാണ് അത്. ഇപ്പോള്‍ കോഴിക്കോട്ട് സംഭവിച്ചതും ഇതു തന്നെയല്ലേ.
എന്‍മജയ്ക്ക് ലഭിച്ച സ്വീകാര്യത കേരളത്തില്‍ പരിസ്ഥിതി എഴുത്തുകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു എന്നതല്ലേ വെളിപ്പെടുത്തുന്നതു ?
പരിസ്ഥിതിസംബന്ധമായ കൃതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പി കുഞ്ഞിരാമന്‍ നായരൊക്കെ പരിസ്ഥിതി കൃതികള്‍ എഴുതിയവരായിരുന്നു. പക്ഷേ കേരളത്തില്‍ പരിസ്ഥി സംബന്ധമായ കൃതികള്‍ കുറവാണ് എന്നതാണ് വാസ്തവം. എന്തു കൊണ്ടു പ്ലാച്ചിമടയെ കുറിച്ച് മലയാളത്തില്‍ ഒരു നോവല്‍ ഉണ്ടാകുന്നില്ല. കേരളത്തില്‍ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇന്നുണ്ട്. പക്ഷേ അവ ആഖ്യാനം ചെയ്യുന്ന കൃതികള്‍ വളരെ കുറവാണ്.
പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം കഥകള്‍ താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ?
എന്നെ അലട്ടുന്ന പ്രശ്നങ്ങളാണ് ഞാന്‍ എഴുതുന്നത്. കൂടുതല്‍ അലട്ടുന്നതാണ് പരിസ്ഥിതി പ്രശ്നങ്ങള്‍. കാലം തെറ്റി പൂക്കുന്നതും. വെള്ളം വറ്റിപ്പോകുന്നതും. മഴ കുറയുന്നതും ഒക്കെ നമ്മളെ ബാധിക്കുന്ന പ്രശ്നമല്ലേ?
ഒരു ഗുഹയിലേയ്ക്ക് പുരുഷനും സ്ത്രീയും കയറുകയും കഴുത പ്രധാനമായ ഒരു കാര്യം പറയാന്‍ തുടങ്ങുകയും ചെയ്യുന്നിടത്താണ് എന്‍മക്ജെ അവസാനിക്കുന്നത്. പരിസ്ഥിതിയിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ് എല്ലാത്തിനും പരിഹാരം എന്നാണോ പറയുന്നത്?
വായനക്കാര്‍ക്കു എങ്ങനെയും വായിച്ചെടുക്കാം. പക്ഷേ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകന്നതാണ് എല്ലാത്തിന്റെയും പ്രശ്നം. വസ്ത്രം ഉപേക്ഷിച്ചു പരിസ്ഥിയുടെ ഭാഗമാകൂ എന്നാണ് പറയുന്നത്. വസ്ത്രം ധരിക്കാന്‍ തുടങ്ങിയത് മുതലാണ് മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകന്നു തുടങ്ങിയത്.
എന്‍മകജെയിലെ രാഷ്ട്രീയപരിസരം കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു എന്നു തോന്നുന്നു?
ഒരു ഫിക്ഷന്‍ എഴുതുമ്പോള്‍ എല്ലാ പാര്‍ട്ടികളെയും എടുത്തു പറയുക സാധ്യമല്ല. എല്ലാ പാര്‍ട്ടികളും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നു ആദ്യഘട്ടത്തില്‍. അപ്പോള്‍ ഇന്ന പാര്‍ട്ടി ഇതൊക്കെ ചെയ്തു പറയുമ്പോള്‍ നോവലിന്റെ ആഖ്യാനരീതി ശരിയാകില്ല. അതുകൊണ്ടാണ് എല്ലാ പാര്‍ട്ടിക്കാരെയും ഒരു നേതാവിലേയ്ക്ക് ഒതുക്കിയത്. വളരെ വൈകിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ഡോസള്‍ഫാനെ എതിര്‍ത്തു രംഗത്ത് വന്നത്.
ഓരോ വിഷയത്തോടുള്ള പ്രതികരണമോ അല്ലെങ്കില്‍ പ്രതിരോധമോ ആണല്ലോ മിക്ക കഥകളുടെയും പ്രതിപാദ്യവിഷയം?
അതേ. നേരത്തെ പറഞ്ഞതുപോലെ നമ്മളെ അലട്ടുന്ന പ്രശ്നമാണ് നാം എഴുതുന്നത്. ഞാന്‍ വിചാരിക്കുന്നത് എഴുത്തുകാരന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണം എന്നാണ്. ആനന്ദിപ്പിക്കാന്‍ മാത്രമായിക്കരുത് എഴുത്ത്. എഴുതുന്ന വിഷയത്തിനു ഒരു ഉത്തരവാദിത്വം ഉണ്ടായിരിക്കണം.
ബപ്പിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഞാന്‍ തോക്ക് എന്ന കഥഎഴുതിയത്. അതു ഒരു സാമൂഹ്യപ്രസക്തിയുള്ള വിഷയം കൂടിയായിരുന്നു.
'ആര്‍ത്തലയ്ക്കുന്ന മഴയില്‍ ഒരു ജുമൈല' എന്ന കഥയും ഒരു സംഭവത്തെ മുന്‍നിര്‍ത്തി എഴുതിയതാണ്. സഫിയ എന്ന പെണ്‍കുട്ടിയുടെ കൊലപാതകമാണ് വിഷയം. അത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. കാസര്‍ഗോഡ് ഒരു പെണ്‍കുട്ടിയെ കാണാതായപ്പോള്‍ ഈ കഥ ചര്‍ച്ച വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന കൊലപാതകി ആ കഥ വായിച്ചു കരഞ്ഞിട്ടുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ആ കഥയുടെ സാമൂഹ്യപ്രസക്തിയാണ് ഇന്നും പല വേദികളിലും അതു ചര്‍ച്ചചെയ്യപ്പെടാനുള്ള കാരണം.
വെറുതെ ഭാവനയില്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചു എഴുതുന്നതല്ല പ്രധാനം. അങ്ങനെ ആര്‍ക്കും എഴുതാം. പക്ഷേ ഒരു സംഭവം പ്രമേയമാക്കി എഴുതുമ്പോള്‍ അതിനു ഫീല്‍ഡ് വര്‍ക്ക് ആവശ്യമുണ്ട്. എന്‍മകജെ എഴുതുമ്പോള്‍ അതിനു ആവശ്യമായ ഗവേഷണം വളരെ വലുതാണ്.
താങ്കളുടെ കഥകള്‍ രണ്ടു വിഭാഗങ്ങളിലായി തരംതിരിക്കപ്പെടുന്നതായി തോന്നുന്നു. ആദ്യ കഥകള്‍ മാനസിക സംഘര്‍ഷങ്ങളും വ്യക്തിബന്ധങ്ങളും മറ്റും പറയുന്നു. പിന്നീട് നേരത്തെ പറഞ്ഞ വിഷയസംബന്ധമായ കഥകളും?
ശരിയാണ് . നിങ്ങള്‍ പറയുമ്പോഴാണ് ഞാന്‍ അക്കാര്യം ശ്രദ്ധിക്കുന്നത് . എന്റെ രണ്ടാമത്തെ കഥാസമാഹാരം മുതലാണ് ഇത്തരം പ്രമേയങ്ങള്‍ വിഷയമായി വരുന്നത്. ആദ്യസമാഹാരത്തിലെ കഥകളില്‍ മനുഷ്യരുടെ മാനസിക സംഘര്‍ഷങ്ങളും സങ്കീര്‍ണതയുമാണ് പ്രമേയം. എന്നാല്‍ അതിലെ ചില കഥകള്‍ സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവയും ഉണ്ട്. സീതായനം പോലുള്ളവ.എല്ലാം പറയുന്നത് മാനവികതലം തന്നെയാണ്.
മിക്ക കഥാപാത്രങ്ങളും സംസാരിക്കുന്നത് പ്രാദേശിക ഭാഷയാണ്. ഇതു ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണോ?
കഥാപാത്രങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിലെ ഭാഷയാണ് ഞാന്‍ സ്വീകരിക്കുന്നത്. മാത്രവുമല്ല പ്രാദേശികഭാഷ ഉപയോഗിക്കുന്നത് ഒരു പ്രതിരോധം കൂടിയാണ്. പ്രാദേശികസത്വത്തെ സജ്ജീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ആഗോളവതക്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കാലത്ത് പ്രതിരോധം എന്ന നിലയ്ക്കു ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണ് ഈ ഭാഷ.
അടുത്ത നോവല്‍?
മൂന്നു നാലു വിഷയങ്ങള്‍ മനസ്സിലുണ്ട് . പി കുഞ്ഞിരാമന്‍ നായരെ കുറിച്ച് നേരത്തെ ഒരു നോവല്‍ എഴുതാന്‍ തീരുമാനിച്ചതാണ്. എന്‍മകജെ എഴുതേണ്ടി വന്നപ്പോള്‍ അതു മാറി പോയി.
പുതിയ എഴുത്തുകാര്‍ സാമൂഹ്യരാഷ്ട്രീയ പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കുറവാണല്ലോ?
ചെറുപ്പക്കാരില്‍ കുറവാണ്. പക്ഷേ സുഭാഷ് ചന്ദ്രന്റെ തല്‍പ്പവും സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയുമൊക്കെ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ടാണ് അവര്‍ക്കു വായനക്കാരുണ്ടാവുന്നതും അവര്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും.
ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ കുറിച്ച്?
പി വി ഷാജി കുമാര്‍ എഴുതിത്തെളിഞ്ഞ കഥാകൃത്താണ്. ധന്യാ രാജും നന്നായി എഴുതുന്നുണ്ട്. വേറെ ആള്‍ക്കാരെ പെട്ടെന്നു അങ്ങനെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
യുവഎഴുത്തുകാര്‍ നോവല്‍ രചനയില്‍ സജീവമല്ലല്ലോ?
നോവല്‍ ഇപ്പോള്‍ കേരളത്തില്‍ കുറവല്ലേ. ആരും അതിനു ശ്രമിക്കുന്നില്ല . ഇ സന്തോഷ് കുമാര്‍ നോവലില്‍ ഭാവി ഉള്ള ആളാണ്. സുസ്മേഷ് ചന്ദ്രോത്ത് ഒക്കെ നോവല്‍ രംഗത്ത് സംഭാവന നല്‍കിയിട്ടുണ്ട്.
താങ്കളുടെ സമകാലീനരായ എഴുത്തുകാരെ എങ്ങനെ വിലയിരുത്തുന്നു?
രാമനുണ്ണി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി എന്‍ പ്രകാശ്, ജോര്‍ജ് ജോസഫ് കെ , ടി എസ് മാത്യുസ്, ശങ്കര നാരായണന്‍ എന്നിവരാണ് എന്റെ സമകാലീനര്‍. പക്ഷേ ജോര്‍ജ് ജോസഫ് , ടി എസ് മാത്യുസ് ഒക്കെ ഇപ്പോള്‍ സജീവമല്ല . പലരും നോവല്‍ രംഗത്തേയ്ക്കു വരുന്നില്ല. വളരെ നന്നായി കഥയെഴുതുന്ന ശിഹാബുദ്ദീന്‍ പോലും നോവല്‍ എഴുതുന്നില്ല. രാമനുണ്ണി നോവലില്‍ സംഭാവന നല്‍കിയിട്ടുണ്ട്.
എന്‍മകജെയെ കുറിച്ചുള്ള പ്രതികരണങ്ങള്‍ ?
സാധാരണ കേരളത്തില്‍ ഒരു നോവലിന് ലഭിക്കുന്നതിലധികം സ്വീകരണം ലഭിച്ചു. പല സര്‍വകലാശാലകളിലും ഇത് പാഠപുസ്തകമാക്കുന്നു. ഒന്നു രണ്ടു കുട്ടികള്‍ പി എച് ഡി ക്കും എംഫിലിനും ഒക്കെ ഈ നോവല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. പലരും ഫോണിലും മറ്റും പ്രതികരണങ്ങള്‍ അറിയിക്കുന്നു. നോവല്‍ പുറത്തിറങ്ങി മൂന്നാം മാസം ആവുമ്പോഴേക്കും പുസ്തകം വിറ്റു തീര്‍ന്നു. എറണാകുളത്തും നിന്നും കൊല്ലത്ത് നിന്ന് ഒന്നു രണ്ടു പേര്‍ എന്‍മകജെയില്‍ വന്നു താമസിച്ചു പോയി.നോവല്‍ നാലു ഭാഷകളിലേയ്ക്കു പരിഭാഷയും ചെയ്യുന്നു. കന്നടയില്‍ പൂര്‍ത്തിയായി.ഹിന്ദി, തമിഴ്, ഹീബ്രു ഭാഷകളിലും നോവല്‍ ഇറങ്ങുന്നുണ്ട്.
1 comments:
ezhuthu novanu...
Post a Comment