സൈക്കിള്‍ചരിതം
ആനപ്പുറത്ത് കയറിയ തോന്നലിലായിരുന്നു ഓരോ സൈക്കിള്‍ യാത്രയും. അതിന്റെ ചക്രങ്ങളില്‍ ഭൂമി ഉരുളുന്നുവെന്ന് സ്വയം വിശ്വസിപ്പിച്ച് കൈരണ്ടും വിട്ട് കുന്നിന്‍ചെരിവിലൂടെയുള്ള പാച്ചില്‍ ലോകം കീഴടക്കിയതിനു തുല്ല്യമായിരുന്നു.
ക്‌ളാസ്സ് കഴിഞ്ഞുവരുമ്പോള്‍ സൈക്കിള്‍ ബെല്ലുകള്‍ക്ക് കാതോര്‍പ്പിച്ച് ഇടവഴിയില്‍ കാത്തുനിന്ന പെണ്‍കുട്ടികളായിരുന്നു കാമുകിമാരില്‍ ഏറെയും. സൈക്കിളില്‍ നിന്നിറങ്ങാതെ നല്‍കുന്ന പ്രണയാക്ഷരങ്ങള്‍ നോട്ടുബുക്കില്‍ പൊതിയുമ്പോള്‍ പെണ്‍കുട്ടികളുടെ നോട്ടം പലപ്പോഴും തിരിഞ്ഞുംമറിഞ്ഞും പുളയുന്ന ചെറുകമ്പികളില്‍ തീര്‍ത്ത അതിന്റെ ചക്രങ്ങളിലാകുന്നതില്‍ കെറുവിച്ചവര്‍ പോലുമുണ്ട്.
ആദ്യമായി സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ വിമാനം പറത്തിയ പൈലറ്റിനെയാണ് ഓര്‍മ്മിപ്പിക്കുക. മുതിര്‍ന്നുവെന്ന് സ്വയം ബോധ്യപ്പെടുത്തലായി ചില കുട്ടിത്തങ്ങള്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചതിനെ സമര്‍ത്ഥിക്കുമായിരുന്നു. സൈക്കിളിന്റെ ഓരോ ഭാഗങ്ങളും കഴുകി വൃത്തിയാക്കുക പലരും സ്വന്തം കുഞ്ഞിനെയെന്ന പോലെയായിരുന്നു.
സൈക്കിളില്‍ നിന്നിറങ്ങാതെ പത്രം വീട്ടുമുറ്റത്തേയ്‌ക്ക് വലിച്ചെറിയുന്നവരെ സിനിമാകൊട്ടകയില്‍ കണ്ട് കൊതിപിടിച്ച് പത്രവിതരണക്കാരായവര്‍ എത്രയോ പേരുണ്ട്. വിഷ്‌ണുലോകമെന്ന സിനിമയില്‍ സെക്കിളില്‍ നിന്നിറങ്ങാതെ സൈക്കിള്‍ യഞ്‌ജം നടത്തുന്ന ജഗദീഷിനെ അനുകരിച്ച് സര്‍ക്കസുകാരായവര്‍ പലരാണ്. ഒരു വൃത്തത്തില്‍ ലോകത്തെ ചുരുക്കിയ സൈക്കിള്‍യഞ്‌ജം ഈ സിനിമയ്‌ക്ക് മുമ്പും ശേഷവും പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടിരുന്നു.
പത്രക്കാരോ സര്‍ക്കസ്സുകാരോ മാത്രമായിരുന്നില്ല സൈക്കിളില്‍ ജീവിതം ചവിട്ടിയവര്‍.പാല്‍ക്കാരനും പോസ്റ്റുമാനും മീന്‍കച്ചവടക്കാരനും പച്ചക്കറിക്കച്ചവടക്കാരനുമെല്ലാം സൈക്കിളില്‍ ജീവിതം ഓടിച്ചുതീര്‍ത്തവരാണ്.
സൈക്കിളില്‍ നിന്നിറങ്ങിയേറെ കാലംകഴിഞ്ഞപ്പോഴും അത് പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഇറ്റാലിയന്‍ ചിത്രമായ ബൈസൈക്കിള്‍ തീവ്‌സില്‍ ചെന്നപ്പോള്‍ സൈക്കിള്‍ മോഷണംപോയെങ്കിലും അത് കണ്ടുപിടിക്കാതിരിക്കാന്‍ വയ്യെന്നായി.മുനിസിപ്പാലിറ്റിയില്‍ പോസ്റ്ററൊട്ടിക്കുന്ന ജോലി ലഭിക്കണമെങ്കില്‍ സ്വന്തമായി സൈക്കിള്‍ വേണം.അതിനാല്‍ നായകന്‍ പുതപ്പ് പണയംവച്ച്‌സൈക്കിള്‍ വാങ്ങുന്നു.പക്ഷേ അത് മോഷണം പോകുന്നു.സൈക്കിള്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല.ഒടുവില്‍ സൈക്കിള്‍ മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നു.പക്ഷേ കയ്യോടെ പിടിക്കപ്പെടുന്നു.നായകന് ജീവിതം വഴിമുട്ടുകയാണ്.
വൈശാഖന്റെ സൈലന്‍സര്‍ എന്ന കഥയില്‍ സൈക്കിള്‍ വിസ്‌മൃതിയിലേക്ക് ഓടിച്ചുകയറ്റപ്പെടുകയാണ്. സൈലന്‍സറിലെ ഈനാശുവിന് സൈക്കിള്‍ വാടകയ്‌ക്ക്
കൊടുക്കുന്ന ഒരു കടയുണ്ട്. സൈക്കിള്‍ റിപ്പയറിംഗും നടത്തുമായിരുന്നു കടയില്‍.അവിടത്തെ പണിക്കാരനായ പീറ്റര്‍ മോട്ടോര്‍ ബൈക്ക് റിപ്പയറിംഗ് പഠിച്ച് വേറെ ജോലി കിട്ടിപ്പോയി. മകന് ബാര്‍ ഹോട്ടല്‍ തുടങ്ങാന്‍ വേണ്ടി കടയുള്ള സ്ഥലം വില്‍ക്കേണ്ടിയും വന്നു.
ഇരുപത്തിയഞ്ചുപൈസയ്‌ക്കുപോലും അരമണിക്കൂറത്തേയ്‌ക്ക് സൈക്കിള്‍ വാടകയ്‌ക്ക് കൊടുത്തു കൊണ്ടിരുന്ന പലകടകളില്‍ നിന്നും സൈക്കിളുകള്‍ അപ്രത്യക്ഷമായിക്കൊണ്ടേയിരുന്നു.
അതോടൊപ്പം ബൈക്കുകള്‍ മുരള്‍ച്ചയോടെ റോഡുകളില്‍ ചീറിപ്പാഞ്ഞു.പെട്രോളിനും ഡീസലിനും വിലകൂടിയെന്നു പറഞ്ഞ് സമരത്തില്‍ പങ്കെടുക്കാന്‍ തൊട്ടടുത്ത ജംഗ്‌ഷനിലേയ്‌ക്ക് പോകാന്‍ എല്ലാവരും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്‌തു.ശരീരം സൂക്ഷിക്കാനും പുറംവേദനയും കാല്‍മുട്ട് വേദനയുമൊക്കെ ഇല്ലാതാക്കാനും ജിമ്മിലോ ഈവനിംഗ് വാക്കിനോ പോകുന്ന വഴിക്ക് വീണ്ടും പെട്രോളടിക്കണം.
സൈക്കിള്‍ ചവിട്ടുകയെന്നത് വ്യായാമംകൂടിയാണെന്ന് ഓര്‍മ്മിപ്പിച്ചാലും അതിനു സ്ഥലമെവിടെ. നമ്മുടെ റോഡുകളിലും പാതകളിലും സൈക്കിളിന് അയിത്തം വന്നിരിക്കുന്നു. അപൂര്‍വമായെങ്കിലും ചിലര്‍ ഈ അയിത്തത്തിനെതിരെ പോരാടി സൈക്കിളിറക്കുന്നുവെന്നത് വിസ്‌മരിക്കുന്നുമില്ല.പക്ഷെ ഒരു പുതിയ ട്രാഫിക് സംസ്‌ക്കാരം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.സൈക്കിളിനും പ്രാതിനിധ്യം നല്‍കിക്കൊണ്ട്. അപ്പോള്‍ ആഗോളതാപനത്തെക്കുറിച്ചും മറ്റുമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു കുറച്ചൊന്നു വേണ്ടന്നു വയ്‌ക്കാന്‍ ചിലപ്പോള്‍ പറ്റിയേക്കും.
ഏതായാലും സത്യന്‍അന്തിക്കാട് ചിത്രത്തില്‍ ചിലപ്പോള്‍ ഇന്നസെന്റും ,ജയറാമും ,മാമുക്കോയെയുമൊക്കെ ഇനിയും സൈക്കിളോടിക്കുമായിരിക്കും.
എങ്ങനെയായാലും ഞാനൊരു സൈക്കിള്‍ വാങ്ങിക്കാന്‍ തീരുമാനിച്ചു.
0 comments:
Post a Comment