ഷാജികുമാര്‍: മലയാളകഥയുടെ യൗവ്വനം‍‍‍‍











മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ച എവിടെയെത്തി നില്‍ക്കുന്നുവെന്ന അന്വേഷണം അവസാനിക്കുക ഒരുപക്ഷേ പി വി ഷാജികുമാര്‍ എന്ന പേരിലായിരിക്കും. യുവകഥാകൃത്തുക്കളുടെ നിരയില്‍ ചുരുങ്ങിയ കാലംകൊണ്ടു ഏറെ ശ്രദ്ധനേടിയ എഴുത്തുകാരനാണ്‌ ഷാജികുമാര്‍. ഇരുപത്തിമൂന്നാം വയസ്സില്‍ ആദ്യ കഥാസമാഹാരം 'ജനം ' ഡി സി ബുക്സ് പുറത്തിറക്കി. കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായിട്ടുള്ള ഷാജികുമാര്‍ കഥകളില്‍ ഒരേസമയം ഉത്തരാധുനിക ഭാവുകത്വവും നാടോടിക്കഥകളുടെ പാരമ്പര്യവും സമ്മേളിക്കുന്നു. ജീവിത്തോട്‌ ഒട്ടിനില്‍ക്കുന്ന നാട്ടുബിംമ്പങ്ങളും മികച്ച ക്രാഫ്റ്റും കരുത്തായി മാറുന്ന ഈ കഥകളില്‍ വായനക്കാരന്‍ കണ്ടെത്തുക സ്വന്തം ജീവിതംതന്നെയാണ്.

ഓര്‍മ്മകള്‍ തെയ്യം തുള്ളുന്ന കഥകളെഴുതിയ ഈ എഴുത്തുകാരന് ലഭിച്ച പുരസ്ക്കാരങ്ങള്‍ എണ്ണത്തില്‍ ഏറെയാണ്‌. കഥയ്ക്ക് തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്ത മലയാളി സമാജം എന്‍ഡോവ്‌മെന്റ്, മലയാള മനോരമ- ശ്രീ കഥാപുരസ്‌കാരം, മാധ്യമം കഥാ അവാര്‍ഡ്, ഭാഷാപോഷിണി കഥാപുരസ്‌കാരം, മലയാളം കഥാസമ്മാനം, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കലാലയകഥാ അവാര്‍ഡ്, രാജലക്ഷ്മി കഥാപുരസ്‌കാരം, ബഷീര്‍സ്മാരക പുരസ്കാരം, കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നാട്ടുമണമുള്ള കഥകളിലൂടെ ഗൗരവപൂര്‍ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ചെറുപ്പക്കാരനില്‍ മലയാള സാഹിത്യലോകത്തിനു ഏറെ പ്രതീക്ഷയാണ്. ഷാജിയുടെ പുതിയ കഥാസമാഹാരമായ 'വെള്ളരിപ്പാടം' തിങ്കളാഴ്ച ഡിസിബുക്സ് പുറത്തിറക്കും. മലയാള കഥയുടെ യുവവസന്തം ഷാജികുമാര്‍ വൈഗ ന്യൂസിനോട് സംസാരിക്കുന്നു.

എന്താണ് താങ്കള്‍ക്കു കഥ?

ഒരു ചെറുപ്പക്കാരന്‍ എന്നനിലയില്‍ ഒരുപാട് പരിമിതികളുള്ള ഒരാളാണ് ഞാന്‍ . എത്രശ്രമിച്ചിട്ടും ഉള്‍ഭയവും അപകര്‍ഷതയും വിട്ടുപോകാത്ത ഒരു പ്രതിസന്ധി എനിക്കുണ്ട് . ഈ അപൂര്‍ണ്ണതയെ പൂരിപ്പിക്കാനുള്ള വഴിയാണ് എനിക്ക് കഥ . ആശങ്കകളുടെ, ഒറ്റപ്പെടലുകളുടെ , വേവലാതികളുടെ ഇരുള്‍ഗുഹയിലേക്ക് സ്നേഹത്തിന്റെ ചൂട്ടും കത്തിച്ച് കഥ എന്റെ കൂടെ വരുന്നു.

എഴുത്ത് രീതികള്‍ ?

കഥ വായനക്കാരോട് ഇടപെടണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് വളഞ്ഞു വളഞ്ഞു വായനക്കാരനിലേക്ക് കഥയെ കൊണ്ട് പോകാന്‍ ശ്രമിക്കാറില്ല. എഴുതുമ്പോള്‍ ഇത് ശ്രദ്ധിക്കാറുണ്ട് . അതില്‍ എത്രമാത്രം വിജയിച്ചു എന്നറിയില്ല. വ്യത്യസ്ത കഥകള്‍ പറയണമെന്നാണ് ആഗ്രഹം; വ്യതസ്ത രീതികള്‍ പരീക്ഷിക്കുന്നതിനെക്കാള്‍ .

ആദ്യമെഴുതിയത് ?

നാടകം,കവിത ,കഥ ,ലേഖനം ഇതിലെല്ലാം കുറേ പരീക്ഷണങ്ങള്‍ നടത്തി . കഥയായിരുന്നു കൂടുതല്‍ ഇഷ്ടപ്പെടുത്തിയത്. ആദ്യകഥ ദേശാഭിമാനി വാരികയില്‍ . ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുമ്പോള്‍ .

പല കഥകളിലും വടക്കന്‍ ബിംബങ്ങളും ശൈലികളും കാണുന്നു. സ്വന്തം ജീവിതസാഹചര്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണോ ഇത് ?അതോ മന:പൂര്‍വ്വം വരുത്തുന്നതോ?

കാസര്‍കോട് ജില്ലയിലെ കാലിച്ചാംപൊതിയെന്ന തനി നാട്ടിന്‍ പുറത്താണ് ഞാന്‍ ജനിച്ചത്‌.നിറയെ തെയ്യങ്ങളും കമ്മ്യൂണിസ്റ്റുകാരും മരണങ്ങളും അണിയറയിലായ കാര്യങ്ങ ളുമുള്ള പ്രദേശം. പഠിത്തം കഴിയുംവരെ അവിടം വിട്ടുള്ള ഒരു ജീവിതം എനിക്കുണ്ടായിട്ടില്ല. ഞാന്‍ അനുഭവിച്ച ജീവിതം അതാണ്‌ . ആ ജീവിതമല്ലാതെ വേറൊന്നും എഴുതാന്‍ എനിക്കറിയില്ല . കൂടുതല്‍ അറിയുമ്പോള്‍ മാറിയേക്കും . പൂരക്കളി കളിച്ച , കബഡി കളിച്ചു അടികൂടിയ ,പ്രകടനത്തിന് പോയ പുഴയില്‍ ജീവിച്ച കാലത്തിന്റെയൊക്കെ നാടന്‍വാറ്റ് ലഹരി മനസ്സില്‍ ഉണ്ട് .കാലിച്ചാംപൊതിക്കാരന്‍ അല്ലായിരുന്നെങ്കില്‍ ഞാന്‍ കഥ എഴുതുമായിരുന്നില്ല.

നാട്ടുമണമുള്ള കഥകളാണ്‌ എഴുതിയതില്‍ പലതും . തെയ്യങ്ങളും വിശ്വാസവും പല കഥകളിലും ആവര്‍ത്തിച്ചു കാണപ്പെടുന്നു. കലാലയ ജീവിതത്തില്‍ ഇടതുപക്ഷസഹയാത്രികനായിരുന്നല്ലോ ? കഥകളിലെയും ജീവിതത്തിലെയും വൈരുദ്ധ്യം?


നേരത്തെ പറഞ്ഞപോലെയുള്ള ജീവിതപരിസരം ഫില്‍ ചെയ്തു എന്ന ഒറ്റക്കാര്യമേ ഞാന്‍ ചെയ്തിട്ടുള്ളൂ . എന്റെ കഥകള്‍ എന്റേതല്ല എന്ന് ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ടുതന്നെ . എന്റെ കഥകളുടെ പേറ്റന്റ്‌ മരിച്ചവരും ജീവിക്കുന്നവരുമായ അനുഭവങ്ങളുടെ പി എച്ച് ഡി എടുത്തവര്‍ക്ക് മാത്രമാണ് ,പിന്നെ വൈരുദ്ധ്യം, അമ്പലങ്ങളിലെ വെളിച്ചപ്പാടന്മാര്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . തലേന്ന് തെയ്യംകെട്ടി ദൈവത്തെ വിളിക്കുന്ന കേളുവേട്ടന്‍ പിറ്റേദിവസം മാര്‍ച്ചിനുപോയി പൊലീസിന്റെ തല്ലു കൊള്ളുന്നത്‌ ഞാന്‍ അറിഞ്ഞിട്ടുണ്ട് . പിന്നെ ഇത് വൈരുധ്യം ഒന്നുമല്ല , ജീവിതത്തിന്റെ ശീലമായാണ് എനിക്ക് തോന്നിയത് . അത് തന്നെയാണ് എന്റെ കഥകളിലും വന്നിട്ടുള്ളത്. അതിന്റെ വളരെ ആഴമേറിയ സൈദ്ധാന്തിക കാര്യങ്ങളില്‍ എനിക്ക് വലിയ പിടിപാടുകള്‍ ഇല്ലാത്തതു ഭാഗ്യം.
എഴുത്തില്‍ ഇടതു പക്ഷവും വലതുപക്ഷവും എന്ന് വേര്‍തിരിച്ചാല്‍ താങ്കള്‍ എതുപക്ഷത്തായിരിക്കും?
ഞാന്‍ എല്ലാക്കാലവും ഇടതുപക്ഷക്കാരനായിരിക്കും. പക്ഷെ അതൊരു പാര്‍ട്ടി അനുയായിയെന്ന നിലയിലല്ല. മനുഷ്യരും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെട്ട ലോകത്തെ സാമൂഹികമായി കാണുക , അറിയുക ,ഇടപെടുക എന്ന രീതിയല്‍ ഉള്ള ഇടതുപക്ഷത്തില്‍ ആണെന്റെ വിശ്വാസം .

സമകാലീന മാധ്യമപ്രവണതകളെക്കുറിച്ച് പ്രതിപാദിക്കുന്ന അതിശക്തമായ രണ്ട് കഥകള്‍ എഴുതിയിട്ടുണ്ടല്ലോ;കണ്ണുകീറലും, വെള്ളരിപ്പാടവും. ഇന്നത്തെ മാധ്യമപ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നു?

പ്രശ്നങ്ങളെ അതിന്റെ തീവ്രതയോടെ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട് . പക്ഷെ അതോടൊപ്പം വളരെ ബോറായ സംഭവങ്ങളെ പര്‍വതീകരിച്ച് കാണിക്കാനുള്ള ശ്രമങ്ങളും തീവ്രമായുണ്ട്. കത്തുന്ന പ്രശ്നങ്ങളേക്കാള്‍ ഫാഷന്‍ ഷോയും രാഖി സാവന്ത്‌ ആരെ താലികെട്ടും എന്നുള്ളതാണ് മാധ്യമങ്ങളുടെ ഉത്ക്കണ്ഠ. മരിച്ച പാപ്പാനേക്കള്‍ ആനയ്ക്ക് അരികില്‍ ഉണ്ടായിരുന്ന സിനിമാതാരങ്ങളെക്കുറിച്ച് വാര്‍ത്ത‍ അവതരിപ്പിക്കും വിധം നെഗറ്റീവായി മാധ്യമ രീതി മാറിയിരിക്കുന്നു .എല്ലാം ആഘോഷിക്കാന്‍ ഉള്ളതാണെന്ന് മാധ്യമങ്ങള്‍ നമ്മളെക്കൊണ്ട് തീരുമാനിപ്പിച്ചു കൊണ്ടിരിക്കുന്നു .

കലാലയ ജീവിതത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് താങ്കള്‍. ചുരുങ്ങിയ കാലം കൊണ്ടു നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു. സഹഎഴുത്തുകാരുടെ കൃതികള്‍ എങ്ങനെ വിലയിരുത്തുന്നു?

സന്തോഷേട്ടന്‍മാര്‍ക്കും ( ഏച്ചിക്കാനവും സന്തോഷ്‌ കുമാറും) സുഭാഷേട്ടനും ശേഷം വരുന്ന ചെറിയ തലമുറയാണ് ഞങ്ങള്‍ . ഇവര്‍ ഉയര്‍ത്തുന്ന ജീവിതംനോക്കി അത്ഭുതപ്പെടുന്നതിനൊപ്പം കഴിയാംവിധം മല്‍സരിക്കണം എന്ന വാശി ഞങ്ങള്‍ ബാലസംഘത്തിനുണ്ട് . എല്ലാവരും തീക്ഷണമായിത്തന്നെ തങ്ങളുടെ അനുഭവങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. ഏറെപ്പേരുണ്ട് ഈ നിരയില്‍, ഒരു സമരം വിജയിപ്പിക്കാന്‍ തക്കവണ്ണം .

യുവഎഴുത്തുകാരില്‍ പലരും ലൈംഗികഅതിപ്രസരമുള്ള കഥകളും മറ്റും എഴുതി ശ്രദ്ധനേടാനാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ടല്ലോ?

അങ്ങനെയുണ്ടെന്ന്‌ തോന്നുന്നില്ല . പ്രമേയം അങ്ങനെ ആവശ്യപെടുന്നുണ്ടെങ്കില്‍ അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പക്ഷെ മസാല പടങ്ങളില്‍ എന്നപോലെ ചേര്‍ക്കാന്‍വേണ്ടി ചേര്‍ക്കുന്നതിനോട് യോജിപ്പില്ല. മാത്രമല്ല ബഹുഭൂരി പക്ഷവും രഞ്ജിനി ഹരിദാസ്‌, റിമി ടോമി, തുടങ്ങിയവര്‍ നടത്തുന്ന എല്ലാ ആഭാസത്തരങ്ങളെയും ആരാധനയോടെ കാണുന്നതില്‍ പ്രശ്ന്നമില്ല , വായിക്കാന്‍ ആളില്ലാത്ത കഥയില്‍ അത് വന്നാല്‍ വലിയ തെറ്റ് .

ജീവിതം ആഘോഷമാക്കുന്ന യുവതലമുറയില്‍ നിന്നു ഗൗരവമുള്ള രചനകള്‍ പ്രതീക്ഷിക്കാമോ? അരാഷ്ട്രീയ രചനകളാണ് പലരുടേതും? യുവഎഴുത്തുകാരില്‍ പലരും സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടാറില്ല?

ഒരാള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ല കാര്യം അയാള്‍ എന്ത് എഴുതുന്നു എന്നതിലാണ് അയാളുടെ രാഷ്ട്രീയം കിടക്കുന്നത് .ഞാന്‍ ഇങ്ങനെ നോക്കിക്കാണുവാനാണ് ഇഷ്ടപെടുന്നത് . അരാഷ്ട്രീയം എന്നതിന്റെ അര്‍ഥം എല്ലാം മാറിക്കഴിഞ്ഞു. രാഷ്ട്രീയം എന്ന പദം രാഷ്ട്രീയക്കാര്‍ പോലും ഉച്ചരിക്കാന്‍ ഇഷ്ട്ടപെടുന്നില്ല ഇപ്പോള്‍. അവനവന്റെ വയര്‍ എത്ര കൂടി, പുതിയ മൊബൈല്‍ എങ്ങനെ വാങ്ങാം എന്നതൊക്കെയാണ് അവര്‍ക്കുപോലും സീരിയസ് വിഷയങ്ങള്‍. അപ്പോള്‍പ്പിന്നെ ഒരാളും മൈന്‍ഡ് ചെയ്യാത്ത പാവം എഴുത്തുകാരന്റെ അവസ്ഥ എന്തായിരിക്കും. പക്ഷെ ജീവിതത്തെ 100% പ്രതിബദ്ധതയോടെ എഴുതുയെന്നതില്‍ തന്നെ ഒരു രാഷ്ട്രീയമുണ്ട്.

എഴുത്തിലെ സാമൂഹ്യ പ്രതിബദ്ധത?

പരാജയപ്പെട്ടവനെ കുറിച്ചാണ് എല്ലാ കഥകളും സംസാരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരാജയപ്പെട്ടവനെ പകര്‍ത്തുമ്പോള്‍ തന്നെ അവന്‍ ഒരു സാമൂഹ്യ ഇടപെടല്‍ നടത്തുകയാണ്. നിലനില്‍ക്കുന്ന ഇടം കാണാതെ ഒരാള്‍ മുന്നോട്ടുപോകുക എന്നത് എനിക്ക് വിഷമകരം ആണ് . ഞാന്‍ ഇടപെടുന്നത്‌ ഒരു മനുഷ്യന്‍ എന്ന നിലയിലാണ്. എഴുത്തുകാരന്‍ എന്നനിലയിലല്ല. ഏഴുതുന്നവര്‍ എല്ലാം അങ്ങനെ സമരങ്ങളില്‍ പങ്കെടുക്കണമെന്നോ അടികൊള്ളണമെന്നോ പറയാന്‍ ഞാനാളല്ല .

എംസിഎ ബിരുദധാരിയായ താങ്കള്‍ എന്തുകൊണ്ടാണ് ബ്ലോഗെഴുത്ത് തുടങ്ങാന്‍ വൈകിയത്.?ബ്ലോഗ്‌ ഒരു സാഹിത്യരൂപമായി കണക്കാക്കുന്നില്ലേ?

കമ്പ്യൂട്ടറാണ് പഠിച്ചതെങ്കിലും കമ്പ്യൂട്ടറില്‍ മലയാളമെഴുത്ത് ഇപ്പോഴും പ്രയാസമാണ്. കഥകള്‍ കൈകൊണ്ട് എഴുതിയ ശീലമേയുള്ളൂ .എത്രശ്രമിച്ചിട്ടും കഥ ഏകാഗ്രതയോടെ കമ്പ്യൂട്ടറിലെഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല,അറിയില്ല. ബ്ലോഗ്‌ തുടങ്ങുന്നതുപോലും സുഹൃത്തുക്കള്‍ മുന്കയ്യെടുത്താണ്. ഞാനതില്‍ ഒന്നുമല്ല. മാറ്റര്‍ എഴുതി എന്നതൊഴിച്ച്.

ജീവിതമുള്ള കഥകളെഴുതിയ എഴുത്തുകാരനില്‍ നിന്നു നോവല്‍?

ഒരു നോവലിന്റെ ഇഷ്ടങ്ങളില്‍ ആണിപ്പോള്‍. അലസത, ചുറ്റല്‍ തുടങ്ങിയ അസുഖങ്ങള്‍ക്കു ആയുര്‍വേദ കഷായം ഉണ്ടെങ്കില്‍ വാങ്ങിക്കഴിക്കണം.

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?

പലകാലങ്ങളില്‍ പലരാണ്. പലരും വന്നും പോയി.സക്കറിയയോടുള്ള ഇഷ്ടം ഇത് വരെ കുറഞ്ഞിട്ടില്ല .എം സുകുമാരന്‍, ഉറൂബ്‌ , ആനന്ദ്‌, മാധവിക്കുട്ടി, കോവിലന്‍, സാറാ ജോസഫ്‌... ഇവരുമുണ്ട് കൂടെ . കൊച്ചുബാവ, അയ്മനം ജോണ്‍, ഇടശ്ശേരി,കുഞ്ചന്‍ നമ്പ്യാര്‍, ദസ്തയോവസ്കി , മാര്‍ക്വേസ് , പുതിയ തലമുറയില്‍ രണ്ടു സന്തോഷേട്ടന്‍മാര്‍, സുഭാഷേട്ടന്‍ അങ്ങനെനീളുന്നു. ആരോടും വെറുപ്പ്‌ തോന്നിയിട്ടില്ല . എഴുത്തങ്ങനെ വെറുക്കപ്പെടേണ്ട കാര്യമല്ല. കോവിലന്‍ പറഞ്ഞത് പോലെ :'എതു പതിരിനിടയിലും നെല്ലുണ്ടാകും. നെല്ല് പെരുക്കാനാണ് ഏറെ ഇഷ്ടം.

ഇഷ്ടകൃതി?

അങ്ങനെ പറയാന്‍ പറ്റില്ല. ഏറെയുണ്ട് . എന്നാലും യയാതിയും ആരോഗ്യനികേതനവും കാരമസോവ്‌ സഹോദരന്മാര്‍ ഒക്കെയിപ്പോഴും കിട്ടിയാല്‍ വായിക്കും.സുന്ദരികളും സുന്ദരന്മാരും വീണ്ടും വായിക്കും. മഹാഭാരതവും ബൈബിളും ഖുറാനും മനസ്സിലാക്കി വായിക്കുന്നു. ഇനിയും എത്രയോ വായിക്കപ്പെടാത്ത പുസ്തകങ്ങള്‍ ....

കഥകളെ എങ്ങനെ വിലയിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്?


അങ്ങനെ ആഗ്രഹങ്ങളൊന്നുമില്ല. മലയാളകഥയുടെ 100വര്‍ഷത്തിലധികമുള്ള പാരമ്പര്യത്തില്‍ ഷാജി കുമാര്‍ എന്ന കാലിച്ചാംപൊതിക്കാരന്‍ ഒന്നുമല്ലെന്ന പൂര്‍ണ ബോധ്യമെനിക്കുണ്ട്. എത്ര ബോറനെഴുത്തുകാരനും അപരിചിതനായൊരു വായനക്കാരന്‍ ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നു. ആ വായനക്കാരനു വേണ്ടി എല്ലാക്കാലത്തും എഴുതാന്‍ കഴിയണമെന്ന ആഗ്രഹമുണ്ട് , ആര്‍ത്തിപൂണ്ട ആഗ്രഹമാണ് . പക്ഷേ അതിനുവേണ്ട സ്വയം പൊളിച്ചെഴുത്തിനു ഞാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

പി വി ഷാജി കുമാര്‍
1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ ജനനം.
അച്ഛന്‍: പരേതനായ കല്ലിങ്കീല്‍ കുഞ്ഞിക്കണ്ണന്‍
അമ്മ: തങ്കമണി പി വി
കാസര്‍ഗോഡ് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എം സി എ ബിരുദം
മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

0 comments: