തെയ്യങ്ങള്‍ ഉറങ്ങാത്ത രാവുകള്‍
ഓരോ തെയ്യവും ചില ഓര്‍മ്മപ്പെടുത്തലാണ്. ഒരിക്കല്‍ അവഗണിക്കപ്പെട്ടിരുന്നവരുടെ വേദനനിറഞ്ഞ അനുഭവങ്ങളുടെ പുനരാവിഷ്കാരമാണ് തെയ്യം. അല്ലെങ്കില്‍ അധ:കൃതനു വേണ്ടിയുള്ള പരിഹാരമാണ് ഓരോ തെയ്യവും.കാളിയും ശിവനും ഒന്നുചേര്‍ന്നു നില്‍ക്കുന്ന കാളീശ്വരത്തെ തറവാട്ടില്‍ മൂവാളംകുഴി ചാമുണ്ഡി തെയ്യം കാണാന്‍ പോകുമ്പോഴും ചിന്തകള്‍ മറിച്ചായിരുന്നില്ല.
ഓരോ തെയ്യക്കാഴ്ചയും സമ്മാനിക്കുന്ന ഓര്‍മ്മകള്‍ ഒരുപാടാണ്. ദൂരെ നാട്ടില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ തെയ്യം കാണാന്‍ നാട്ടിലെത്തും. തെയ്യത്തെ തൊഴാന്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ നാണയത്തുട്ടുകള്‍ തരും. തെയ്യത്തോട് മനസ്സില്‍ ക്ഷമ ചോദിച്ചു കൊണ്ടു പാലൈസും ചന്തയിലെ കളിപ്പാട്ടങ്ങളും വാങ്ങാനായി നാണയത്തുട്ടുകളില്‍ പകുതി മാറ്റിവയ്ക്കുന്നത്... സംസാരിക്കുന്ന ദൈവത്തിനു മുന്നില്‍ വിവിധ പ്രാര്‍ത്ഥനകളുമായി കണ്ണീര്‍ വാര്‍ക്കുന്നവര്‍... സന്താനലബ്ധിക്കായി, മാറാരോഗങ്ങളുടെ ശമനത്തിന്...നല്ല ജോലി കിട്ടാന്‍... തെയ്യക്കാലം പരീക്ഷാസമയത്തായതിനാല്‍ കുട്ടികളുടെ പ്രാര്‍ത്ഥന കൂടുതല്‍ മാര്‍ക്ക് കിട്ടാനോ പരീക്ഷയില്‍ ജയിക്കാനോ ആവും... പ്രാര്‍ത്ഥന എന്തായാലും തെയ്യം കേള്‍ക്കും. തലയില്‍ കുറിയിട്ട് അനുഗ്രഹിക്കും..
ഓര്‍മ്മകളിലൂടെ നടക്കുമ്പോള്‍ ദൂരെ നിന്നേ കേള്‍ക്കാമായിരുന്നു അസുരവാദ്യത്തിന്റെ ഉച്ചത്തിലുള്ള താളത്തിനൊത്തുള്ള കാല്‍ചിലമ്പിന്റെ കിലുക്കം. തെയ്യാട്ട സ്ഥലത്ത് എത്തുന്നതിനു മുന്നേ മനസ്സില്‍ തെയ്യക്കോലങ്ങള്‍ നിറഞ്ഞാടാന്‍ തുടങ്ങിയിരുന്നു. ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന രൂപവുമായെത്തുന്ന ഉഗ്രമൂര്‍ത്തികള്‍... മനസ്സു നിറയെ വാത്സല്യമൊളിപ്പിച്ചുവെയ്ക്കുന്ന അമ്മതെയ്യങ്ങള്‍...
അസുരവാദ്യത്തിന്റെ താളം മുറുകുകയാണ്... വിഷ്ണുമൂര്‍ത്തി തെയ്യമായിരിക്കണം ഉറഞ്ഞാടുന്നത്. നിന്റെ ദൈവം എവിടെയുണ്ട് എന്ന ഹിരണ്യ കശിപുവിന്റെ ചോദ്യത്തിന് തൂണിലും തുരുമ്പിലുമുണ്ട് എന്നായിരുന്നു വിഷ്ണു ഭക്തനായ പ്രഹ്ളാദന്റെ മറുപടി. എന്നാല്‍ ആ ദൈവത്തെ കാണട്ടെ എന്ന് ആക്രോശിച്ച് തൂണില്‍ അസുര ചക്രവര്‍ത്തി ഗദ കൊണ്ട് ആഞ്ഞടിച്ചപ്പോള്‍ പുറത്തുവന്നത് ഉടല്‍ മനുഷ്യനും തല സിംഹവുമായുള്ള രൂപം. തുടര്‍ന്ന് രാത്രിയും പകലുമല്ലാത്ത സന്ധ്യക്ക് അകത്തും പുറത്തുമല്ലാതെ വാതില്‍പടിയില്‍ വച്ച് ആകാശത്തും ഭൂമിയിലുമല്ലാതെ മടിയില്‍ വച്ച് മനുഷ്യനും മൃഗവുമല്ലാത്ത രൂപം അസുരരാജാവിനെ വധിച്ചത് ...യമുനയില്‍ വിഷം വമിപ്പിച്ച കാളിയന്റെ നെറുകയില്‍ ശ്രീകൃഷ്ണന്‍ നൃത്തം ചവിട്ടിയത്.. ഉത്തര മലബാറിലെ പെരുദേവത എന്നു വിശേഷിപ്പിക്കുന്ന വിഷ്ണുമൂര്‍ത്തി തെയ്യത്തിന് ഐതിഹ്യങ്ങള്‍ ഏറെയാണ്.
തറവാട്ട് മുറ്റത്തെത്തുമ്പൊള്‍ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ കഴിയലായിരുന്നു. വിഷ്ണുമൂര്‍ത്തി മുടി അഴിച്ചപ്പോഴേക്കും തറവാട്ടിലെ പ്രധാന തെയ്യമായ മൂവാളംകുഴി ചാമുണ്ഡി തെയ്യം എത്തിയിരുന്നു. അസുരവാദ്യത്തിന്റെ പെരുക്കങ്ങള്‍ ഉച്ചസ്ഥായിലാവാന്‍ തുടങ്ങി. സ്ത്രീകളും കുട്ടികളും ദൂരെ മാറിനിന്നു. ഞങ്ങള്‍ ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ തെയ്യം നടക്കുന്ന മുറ്റത്തിന്റെ വരമ്പിനോട് ചേര്‍ന്ന് നിന്നു. 501 നായന്‍മാരോട് പട വെട്ടിയ ദൈവമാ. ഫോട്ടോ എടുക്കാന്‍ നോക്കണ്ട- കാമറാ ലെന്‍സ് അഡ്ജസ്റ്റ് ചെയ്യുന്നതിനിടയില്‍, തറവാട്ടിലെ ഏതോ തലമുതിര്‍ന്ന കാരണവര്‍ക്ക് ചെവി കൊടുത്തില്ല.
തോറ്റംപാട്ടിന്റെ താളത്തിനൊത്ത് മൂവാളംകുഴി ചാമുണ്ഡി അരക്കെട്ടു മുറുക്കി. വട്ടമുടിയണിഞ്ഞു. പിന്നെ കണ്ണാടിയില്‍ മുഖം നോക്കി.'തലേപ്പാളി തലയില്‍ വെച്ചാല്‍ ഞങ്ങള്‍ ദൈവമാണ്. കണ്ണാടിയില്‍ നോക്കി ദൈവങ്ങളുടെ പ്രതിരൂപം കണ്ടാല്‍ പിന്നെ ഒന്നുമറിയില്ല'- കോലക്കാരന്‍ കുഞ്ഞിരാമന്‍ പണിക്കരുടെ വാക്കുകള്‍ ഓര്‍ത്തെടുക്കുന്നതിനിടയില്‍, അങ്കക്കലി പൂണ്ട മൂവാളംകുഴി ചാമുണ്ഡി തെയ്യം അടുത്തെത്തിയത് കണ്ടില്ല. എന്റെ തൃക്കണ്യാവപ്പാ എന്ന് ഉച്ചത്തില്‍ അലറി തെയ്യം അടുത്തുവരുന്നതുകണ്ട്, ധൈര്യം സംഭരിച്ചു നിന്ന ചെറുപ്പക്കാരും ദൂരേക്ക് ഓടി മാറി. തെയ്യത്തെ കാമറമിഴിയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഫ്രെയിമുകള്‍ ചേരാത്തതില്‍ സ്വയം പഴിച്ച് വേലിക്കരികിരികിലേക്ക് മാറിനിന്നു.
ഐതിഹ്യങ്ങളെ ഓര്‍മ്മപ്പെടുത്തും വിധം മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ അങ്കപ്പുറപ്പാടായി പിന്നെ. ആയുധങ്ങള്‍ മാറിമാറി ഉപയോഗിച്ച് പലതരം അങ്കച്ചുവടുകളാല്‍ തെയ്യം അവിടം വീണ്ടുമൊരു യുദ്ധഭൂമിയാക്കി. മുക്കാല്‍ മണിക്കൂര്‍ നീണ്ട യുദ്ധം ഒടുവില്‍ മൂന്നു വട്ടം തൃക്കണ്യാവപ്പാ എന്ന വിളിയോടെ അവസാനിച്ചു.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ പുരാവൃത്തവും പടപ്പുറപ്പാടിനെ ചുറ്റിപ്പറ്റിയാണ്. തൃക്കണ്യാവിലെത്തിയ ചാമുണ്ഡിയുടെ സാന്നിദ്ധ്യം എടമന തന്ത്രിക്ക് രസിച്ചില്ല. എന്നാല്‍ ഇളയപുരത്ത് തന്ത്രി നിഷേധിച്ചില്ല. ഇതില്‍ കലിപൂണ്ട എടമന തന്ത്രി ചാമുണ്ഡിയെ ചെമ്പുകുടത്തില്‍ ആവാഹിച്ച് ഭൂമിയില്‍ കുഴിച്ചിട്ടു. പക്ഷേ തിരിച്ചു വീട്ടിലെത്തും മുന്‍പേ ഇടിനാദം കേള്‍ക്കുകയും ആ ശബ്ദത്തിന്റെ മൂര്‍ച്ചയില്‍ ഉഗ്രമായൊരു വാളുണ്ടാകുകയും, ആ കുഴിയില്‍നിന്ന് മൂന്ന് വാളുകള്‍ ഉയരുകയുംചെയ്തു. മൂന്ന് ആള് ആഴമുള്ള കുഴിയില്‍ നിന്ന് മൂന്ന് വാളുയര്‍ന്നതിനാലാണത്രെ മൂവാളംകുഴി ചാമുണ്ഡി എന്ന പേരു വന്നത്. ചാമുണ്ഡിയുടെ കോപത്തില്‍നിന്ന് രക്ഷപ്പെടാന്‍ എടമന തന്ത്രി തൃക്കണ്യാവപ്പന്റെ സന്നിധിയിലെത്തി അഭയം തേടുകയും ദേവതയുടെ ശക്തി മനസ്സിലാക്കിയ തൃക്കണ്യാവപ്പന്‍ പെരുദേവതാ സ്ഥാനം കല്‍പ്പിച്ച് മൂവാളംകുഴി ചാമുണ്ഡിക്ക് ആരൂഢം നല്‍കിയെന്നുമാണ് ഐതിഹ്യം.
മൂവാളംകുഴി ചാമുണ്ഡി കുറി കൊടുക്കുന്നതിനിടയിലാണ് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാടറിയിച്ച് ചെണ്ടയുടെ പെരുക്കങ്ങള്‍ തുടങ്ങിയത്. കുട്ടികളുടെ ഒരു ആഘോഷമാണ് ഗുളികന്‍ തെയ്യം. കൂക്കിവിളികളാല്‍ കളിയാക്കുന്ന കുട്ടികളെ ഗുളികന്‍ ഓടിക്കും. അവര്‍ക്ക് അത് ഒരു വിനോദം പോലെയാണ്. ചൂട്ട്കറ്റയുമായി കുട്ടികള്‍ക്കടുത്തെത്തുന്ന തെയ്യം അവര്‍ക്കു മുന്നില്‍ ചൂട്ട് കൊണ്ട് കുത്തും. വേദനിപ്പിക്കില്ല. ഗുളികന്‍ കുട്ടികളെ നോക്കുംപോലെ എന്ന ഒരു ചൊല്ലു തന്നെയുണ്ട് മലബാറില്‍.
ശിവന്റെ ഇടം പെരുവിരലില്‍നിന്ന് പൊട്ടിപ്പിളര്‍ന്നുണ്ടായ ദേവതയാണത്രേ ഗുളികന്‍. അര്‍ജ്ജുനനുമായുള്ള യുദ്ധത്തില്‍ ശിവന്റെ തലയ്ക്ക് അടിയേല്‍ക്കുകയും അപ്പോള്‍ തലച്ചില്‍ എന്ന ദേവതയുണ്ടായെന്നാണ് ഗുളികന്‍ തെയ്യത്തെപ്പറ്റിയുള്ള പുരാസങ്കല്‍പ്പം.
കുട്ടികളുടെ കൂക്കിവിളികള്‍ കേട്ട് ഐതിഹ്യങ്ങളില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ കണ്ടത് തെയ്യത്തറയോട് ചേര്‍ന്നുള്ള ചെമ്പകമരത്തിന്റെ മുകളില്‍ കയറിയിരുന്ന് അട്ടഹസിക്കുന്ന ഗുളികന്‍ തെയ്യത്തെയാണ്. എപ്പോഴാണ് വീണ്ടും ഓടിക്കുകയെന്ന് നോക്കി കുട്ടികള്‍ താഴെയും. പിന്നെ കുറച്ച് നേരം കൂടിയേ തെയ്യ പുറപ്പാട് നീണ്ടുള്ളു. പിന്നീട് ഗുളികന്‍ തെയ്യവും കുറി കൊടുക്കാന്‍ തുടങ്ങി.
തെയ്യം കഴിയാന്‍ നില്‍ക്കാതെ തറവാട്ടില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ചിലമ്പൊലിയുടെ കിലുക്കവും കൂടെ വരുന്നതുപോലെ തോന്നി. ചുറ്റും തെയ്യക്കോലങ്ങള്‍ ഉറഞ്ഞു തുള്ളുന്നതു പോലെയും.
1 comments:
Lovely
Post a Comment