ആനന്ദിപ്പിക്കാന്‍ മാത്രമല്ല എഴുത്ത്: അംബികാസുതന്‍ മാങ്ങാട്











അംബികാസുതന്‍ മാങ്ങാടിന്റെ ഓരോ കഥകളും ഒരു നൊമ്പരപ്പെടുത്തലാണ്. അവ വായനക്കാരനെ വേട്ടയാടിക്കൊണ്ടിരിക്കും. അടക്കിപ്പിടിച്ച കരച്ചിലുകളായി തൊണ്ടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും. ആരൊക്കെയോ അനുഭവിച്ചതും ചിലര്‍ ഇനി പങ്കിടാനുള്ളതുമായ വേദനകള്‍ ആവിഷ്ക്കരിക്കുന്നത് അവ നന്മയിലേയ്ക്കുള്ള ചവിട്ടുപടികളാകണമെന്ന ആഗ്രഹത്തോടെയാണ്. അടക്കിപ്പിടിക്കുന്ന വേദനകള്‍ പുറംലോകത്തെ അറിയിക്കാനുള്ള വ്യഗ്രതയും ചിലപ്പോള്‍ കഥകളായി മാറുന്നു.

വാക്കുകളായി പകര്‍ത്തിവച്ചവ യാഥാര്‍ത്ഥ്യമാകുന്നതും കാണാം. എല്ലാം വായനക്കാര്‍ നെഞ്ചേറ്റിയവ. ഓരോ കാലത്തും പുനര്‍വായന ആവശ്യപ്പെടുന്നവ- അക്കൂട്ടത്തിലേയ്ക്കാണ് അംബികാസുതന്‍ മാങ്ങാടിന്റെ പുതിയ കൃതിയായ എന്‍മകജെയും ചേര്ത്തുവയ്ക്കപ്പെടുന്നത്. കാലത്തിന്റെ നേര്‍ക്കുള്ള ഒരു നിലവിളിയായി പരിണമിക്കപ്പെടുന്ന സംഭവങ്ങള്‍ അംബികാസുതന്‍ മാങ്ങാട് ആവിഷ്ക്കരിക്കുമ്പോള്‍ അതു മലയാള നോവല്‍ സാഹിത്യത്തിനു തന്നെ പുത്തനുണര്‍വുമാകുന്നു .

കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍മകജെ എന്ന ഗ്രാമത്തിന്റെ കഥയാണ്‌ ഈ നോവല്‍ പറയുന്നത്. എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിന്റെ കഥ. വര്‍ഷങ്ങളായി തുടരുന്ന വേദനകളുടെ കഥപറയുന്ന എന്‍മകജെ 2009 ലെ മികച്ച കൃതികളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. എന്‍മകജെയെ കുറിച്ചും എഴുത്ത് രീതികളെ കുറിച്ചും അംബികാസുതന്‍ മാങ്ങാട് വൈഗ ന്യൂസിനോട് സംസാരിക്കുന്നു.

എന്‍മകജെ എഴുതാനുണ്ടായ സാഹചര്യം?

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി രൂപീകരിച്ചപ്പോള്‍ അതിന്റെ ചെയര്‍മാന്‍ ഞാനായിരുന്നു. നിരവധി സമരങ്ങള്‍ അക്കാലത്ത് സംഘടിപ്പിച്ചു. എംടി അടക്കമുള്ള സാഹിത്യ-സാംസ്ക്കാരിക നായകന്‍മാര്‍ പങ്കെടുത്തു. വി എസ് അച്യുതാനന്ദന്‍ സംബന്ധിച്ച റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.

ഒറ്റപ്പെട്ട സമരങ്ങള്‍, ബോധവത്ക്കരണ യാത്രകള്‍, ലേഖനങ്ങള്‍ തുടങ്ങിയവയിലൂടെയും സമരത്തിനു ശക്തി പകര്‍ന്നു. എന്നാല്‍ എന്‍മകജെയിലെ രോഗികളെ കണ്ടപ്പോള്‍ ഒരിക്കലും അതിനെ കുറിച്ച് സാഹിത്യം എഴുതില്ല എന്നു കരുതിയതാണ്. ദുരിതത്തിന് ഇരകളാക്കപ്പെട്ടവരുടെ വേദന മാര്‍ക്കറ്റ് ചെയ്യരുതല്ലോ. ഇക്കാര്യം എഴുതില്ല എന്ന് കരുതിയതിനു മറ്റൊരു കാരണം അവരുടെ വേദനകള്‍ ഭാഷയിലൂടെ പകര്‍ത്താന്‍ അസാധ്യമാണ് എന്ന തിരിച്ചറിവുമാണ്.

സമരം വിജയിക്കുകയും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ചെയ്തതോടെ സമരസമിതിയുടെ ഊര്‍ജ്ജം കുറഞ്ഞു. സമരക്കാര്‍ പിന്‍വലിഞ്ഞു. പക്ഷേ അതിന്റെ ദുരിതം അനുഭവിക്കുന്നവര്‍ നിരവധിപേരായിരുന്നു. എന്റെ ഉത്തരവാദിത്വം എഴുത്താണ്. സമരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും ഞാന്‍ ഒരു ആക്ടിവിസ്റ്റല്ല. ആ പ്രദേശത്തെ ദുരിതം എഴുത്തിലൂടെ ലോകത്തെ അറിയിക്കേണ്ടതുണ്ട്. അതിനാല്‍ രണ്ടുവര്‍ഷം മുന്‍പ് വീണ്ടും ആ പ്രദേശങ്ങളില്‍ പോയി. കര്‍ണ്ണാടക അതിര്‍ത്തിയിലാണ് ഈ പ്രദേശം. ഒന്നരമണിക്കൂര്‍ എടുക്കും കാസര്‍ഗോഡില്‍ നിന്ന് ഇവിടെയെത്താന്‍. കാര്യങ്ങള്‍ മനസ്സിലാക്കിയും വേണ്ട പഠനം നടത്തിയും ഒടുവില്‍ എന്‍മകജെ എഴുതി.

ഈ നോവല്‍ എഴുതുമ്പോള്‍ ഞാന്‍ ഒരു കാര്യം തീര്‍ച്ചയാക്കിയിരുന്നു. നേരത്തെ പറഞ്ഞ കുറ്റബോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്‍മകജെ എന്ന നോവലിന്റെ റോയല്‍റ്റി വിഭാഗത്തില്‍ പെടുന്ന തുക ആ പ്രദേശത്തിന് നല്‍കുമെന്ന്.

തുക എന്‍മകജെ യ്ക്കു നല്‍കിയോ?

ഇല്ല. കാരണം ഈ പുസ്തകത്തിന്റെ കന്നട പതിപ്പ് ഉടന്‍ പുറത്തിറങ്ങും. അതിന്റെ കൂടെ പണം കിട്ടിയാല്‍ ഒരുമിച്ചു എന്‍മകജെയ്ക്ക് നല്‍കും.

മരക്കാപ്പിലെ തെയ്യങ്ങള്‍ എന്ന നോവലിന്റെ തുടര്ച്ചയായി എന്‍മകജെയെ വിലയിരുത്താമോ?

തുടര്‍ച്ചയാണ്. രണ്ടും പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബേക്കല്‍ ടൂറിസം വ്യാപിപ്പിക്കുന്നതിനെതിരെയുള്ള സമരത്തിലും ഞാന്‍ പങ്കെടുത്തിരുന്നു. അത് പരാജയമായിരുന്നു. അതിന്റെ കയ്പ്പ് തീര്‍ക്കാനാണ് മരക്കാപ്പിലെ തെയ്യങ്ങള്‍ എഴുതിയത്.

മരക്കാപ്പിലെ തെയ്യങ്ങള്‍ എന്ന നോവലിലുള്ളതിനു സമാനമായ കാര്യങ്ങള്‍ കണ്ടപ്പോള്‍ നിങ്ങള്‍ നോവല്‍ എഴുതിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്, ഇവിടത്തുകാര്‍ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് താങ്കളുടെ ഭാര്യ പറഞ്ഞതായി എഴുതിയത് വായിച്ചിട്ടുണ്ട്?


1998 ല്‍ പൂര്‍ത്തിയായ നോവലാണ്‌ മരക്കാപ്പിലെ തെയ്യങ്ങള്‍. അന്നു അവിടെയുള്ള സ്ഥലം മുഴുവന്‍ സ്വദേശികളുടെ ആയിരുന്നു. എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടം വിദേശികളും മറ്റു വ്യവസായികളും വാങ്ങിയിരുന്നു. അവിടെ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഭാര്യക്കൊപ്പം പോയപ്പോള്‍ കെട്ടിടത്തില്‍ ഞങ്ങളെ പ്രവേശിപ്പിച്ചില്ല. അദ്ഭുതകരമായ ഒരു കാര്യം നോവലില്‍ പറഞ്ഞത് പോലെ അവിടെ സംഭവിച്ചിരിക്കുന്നു എന്നാണ്. ആ കെട്ടിടത്തില്‍ മസാജ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അപ്പോഴാണ്‌ ഭാര്യ പറഞ്ഞത് നിങ്ങള്‍ നോവല്‍ എഴുതിയതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത്. ഇന്നാട്ടുകാര്‍ക്ക് നോവല്‍ എഴുതുന്നതിനു മുന്‍പ് ഇക്കാര്യം ഒന്നും അറിയാമായിരുന്നില്ല എന്ന്‌.


ഈ നോവല്‍ ഒരു സിനിമയാക്കുന്നതിന്റെ ഭാഗമായി അവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. സിനിമയ്ക്ക് വേണ്ട ലൊക്കേഷന്‍ അന്വേഷിച്ചപ്പോള്‍ നോവലില്‍ പറഞ്ഞത് പോലുള്ള കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നു. അതേസ്ഥലങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ അറംപറ്റിയിരിക്കുന്നു.

ഇതുപോലെ തന്നെ മറ്റൊരു കഥയിലെ സംഭവും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. മോക്ഷം എന്ന കഥയിലെ പെണ്‍കുട്ടി എപ്പോഴും കാമറയെ ഭയപ്പെടുന്ന ആളാണ്‌. അനങ്ങിയാല്‍, തിരിഞ്ഞാല്‍ എല്ലാം പേടി. ഒളികാമറയെ ഭയക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ അത്. മൊബൈല്‍ കാമറ വരുന്നതിനു മുന്‍പ് എഴുതിയ കഥയാണ്‌ അത്. ഇപ്പോള്‍ കോഴിക്കോട്ട് സംഭവിച്ചതും ഇതു തന്നെയല്ലേ.

എന്‍മജയ്ക്ക് ലഭിച്ച സ്വീകാര്യത കേരളത്തില്‍ പരിസ്ഥിതി എഴുത്തുകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു എന്നതല്ലേ വെളിപ്പെടുത്തുന്നതു ?

പരിസ്ഥിതിസംബന്ധമായ കൃതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പി കുഞ്ഞിരാമന്‍ നായരൊക്കെ പരിസ്ഥിതി കൃതികള്‍ എഴുതിയവരായിരുന്നു. പക്ഷേ കേരളത്തില്‍ പരിസ്ഥി സംബന്ധമായ കൃതികള്‍ കുറവാണ് എന്നതാണ് വാസ്തവം. എന്തു കൊണ്ടു പ്ലാച്ചിമടയെ കുറിച്ച് മലയാളത്തില്‍ ഒരു നോവല്‍ ഉണ്ടാകുന്നില്ല. കേരളത്തില്‍ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇന്നുണ്ട്. പക്ഷേ അവ ആഖ്യാനം ചെയ്യുന്ന കൃതികള്‍ വളരെ കുറവാണ്.

പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം കഥകള്‍ താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ?


എന്നെ അലട്ടുന്ന പ്രശ്നങ്ങളാണ് ഞാന്‍ എഴുതുന്നത്‌. കൂടുതല്‍ അലട്ടുന്നതാണ് പരിസ്ഥിതി പ്രശ്നങ്ങള്‍. കാലം തെറ്റി പൂക്കുന്നതും. വെള്ളം വറ്റിപ്പോകുന്നതും. മഴ കുറയുന്നതും ഒക്കെ നമ്മളെ ബാധിക്കുന്ന പ്രശ്നമല്ലേ?

ഒരു ഗുഹയിലേയ്ക്ക് പുരുഷനും സ്ത്രീയും കയറുകയും കഴുത പ്രധാനമായ ഒരു കാര്യം പറയാന്‍ തുടങ്ങുകയും ചെയ്യുന്നിടത്താണ് എന്‍മക്ജെ അവസാനിക്കുന്നത്. പരിസ്ഥിതിയിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ് എല്ലാത്തിനും പരിഹാരം എന്നാണോ പറയുന്നത്?

വായനക്കാര്‍ക്കു എങ്ങനെയും വായിച്ചെടുക്കാം. പക്ഷേ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകന്നതാണ് എല്ലാത്തിന്റെയും പ്രശ്നം. വസ്ത്രം ഉപേക്ഷിച്ചു പരിസ്ഥിയുടെ ഭാഗമാകൂ എന്നാണ് പറയുന്നത്. വസ്ത്രം ധരിക്കാന്‍ തുടങ്ങിയത് മുതലാണ്‌ മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകന്നു തുടങ്ങിയത്.

എന്‍മകജെയിലെ രാഷ്ട്രീയപരിസരം കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു എന്നു തോന്നുന്നു?

ഒരു ഫിക്ഷന്‍ എഴുതുമ്പോള്‍ എല്ലാ പാര്‍ട്ടികളെയും എടുത്തു പറയുക സാധ്യമല്ല. എല്ലാ പാര്‍ട്ടികളും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നു ആദ്യഘട്ടത്തില്‍. അപ്പോള്‍ ഇന്ന പാര്‍ട്ടി ഇതൊക്കെ ചെയ്തു പറയുമ്പോള്‍ നോവലിന്റെ ആഖ്യാനരീതി ശരിയാകില്ല. അതുകൊണ്ടാണ് എല്ലാ പാര്‍ട്ടിക്കാരെയും ഒരു നേതാവിലേയ്ക്ക് ഒതുക്കിയത്. വളരെ വൈകിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ഡോസള്‍ഫാനെ എതിര്‍ത്തു രംഗത്ത്‌ വന്നത്.

ഓരോ വിഷയത്തോടുള്ള പ്രതികരണമോ അല്ലെങ്കില്‍ പ്രതിരോധമോ ആണല്ലോ മിക്ക കഥകളുടെയും പ്രതിപാദ്യവിഷയം?


അതേ. നേരത്തെ പറഞ്ഞതുപോലെ നമ്മളെ അലട്ടുന്ന പ്രശ്നമാണ് നാം എഴുതുന്നത്‌. ഞാന്‍ വിചാരിക്കുന്നത് എഴുത്തുകാരന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണം എന്നാണ്. ആനന്ദിപ്പിക്കാന്‍ മാത്രമായിക്കരുത് എഴുത്ത്. എഴുതുന്ന വിഷയത്തിനു ഒരു ഉത്തരവാദിത്വം ഉണ്ടായിരിക്കണം.

ബപ്പിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഞാന്‍ തോക്ക് എന്ന കഥഎഴുതിയത്. അതു ഒരു സാമൂഹ്യപ്രസക്തിയുള്ള വിഷയം കൂടിയായിരുന്നു.

'ആര്‍ത്തലയ്ക്കുന്ന മഴയില്‍ ഒരു ജുമൈല' എന്ന കഥയും ഒരു സംഭവത്തെ മുന്‍നിര്‍ത്തി എഴുതിയതാണ്. സഫിയ എന്ന പെണ്‍കുട്ടിയുടെ കൊലപാതകമാണ് വിഷയം. അത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. കാസര്‍ഗോഡ് ഒരു പെണ്‍കുട്ടിയെ കാണാതായപ്പോള്‍ ഈ കഥ ചര്‍ച്ച വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന കൊലപാതകി ആ കഥ വായിച്ചു കരഞ്ഞിട്ടുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ആ കഥയുടെ സാമൂഹ്യപ്രസക്തിയാണ് ഇന്നും പല വേദികളിലും അതു ചര്‍ച്ചചെയ്യപ്പെടാനുള്ള കാരണം.

വെറുതെ ഭാവനയില്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചു എഴുതുന്നതല്ല പ്രധാനം. അങ്ങനെ ആര്‍ക്കും എഴുതാം. പക്ഷേ ഒരു സംഭവം പ്രമേയമാക്കി എഴുതുമ്പോള്‍ അതിനു ഫീല്‍ഡ് വര്‍ക്ക് ആവശ്യമുണ്ട്. എന്‍മകജെ എഴുതുമ്പോള്‍ അതിനു ആവശ്യമായ ഗവേഷണം വളരെ വലുതാണ്‌.

താങ്കളുടെ കഥകള്‍ രണ്ടു വിഭാഗങ്ങളിലായി തരംതിരിക്കപ്പെടുന്നതായി തോന്നുന്നു. ആദ്യ കഥകള്‍ മാനസിക സംഘര്‍ഷങ്ങളും വ്യക്തിബന്ധങ്ങളും മറ്റും പറയുന്നു. പിന്നീട് നേരത്തെ പറഞ്ഞ വിഷയസംബന്ധമായ കഥകളും?


ശരിയാണ് . നിങ്ങള്‍ പറയുമ്പോഴാണ് ഞാന്‍ അക്കാര്യം ശ്രദ്ധിക്കുന്നത് . എന്റെ രണ്ടാമത്തെ കഥാസമാഹാരം മുതലാണ്‌ ഇത്തരം പ്രമേയങ്ങള്‍ വിഷയമായി വരുന്നത്. ആദ്യസമാഹാരത്തിലെ കഥകളില്‍ മനുഷ്യരുടെ മാനസിക സംഘര്‍ഷങ്ങളും സങ്കീര്‍ണതയുമാണ് പ്രമേയം. എന്നാല്‍ അതിലെ ചില കഥകള്‍ സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവയും ഉണ്ട്. സീതായനം പോലുള്ളവ.എല്ലാം പറയുന്നത് മാനവികതലം തന്നെയാണ്.

മിക്ക കഥാപാത്രങ്ങളും സംസാരിക്കുന്നത് പ്രാദേശിക ഭാഷയാണ്‌. ഇതു ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണോ?


കഥാപാത്രങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിലെ ഭാഷയാണ്‌ ഞാന്‍ സ്വീകരിക്കുന്നത്. മാത്രവുമല്ല പ്രാദേശികഭാഷ ഉപയോഗിക്കുന്നത് ഒരു പ്രതിരോധം കൂടിയാണ്. പ്രാദേശികസത്വത്തെ സജ്ജീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ആഗോളവതക്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കാലത്ത് പ്രതിരോധം എന്ന നിലയ്ക്കു ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണ് ഈ ഭാഷ.

അടുത്ത നോവല്‍?

മൂന്നു നാലു വിഷയങ്ങള്‍ മനസ്സിലുണ്ട് . പി കുഞ്ഞിരാമന്‍ നായരെ കുറിച്ച് നേരത്തെ ഒരു നോവല്‍ എഴുതാന്‍ തീരുമാനിച്ചതാണ്. എന്‍മകജെ എഴുതേണ്ടി വന്നപ്പോള്‍ അതു മാറി പോയി.

പുതിയ എഴുത്തുകാര്‍ സാമൂഹ്യരാഷ്ട്രീയ പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കുറവാണല്ലോ?

ചെറുപ്പക്കാരില്‍ കുറവാണ്. പക്ഷേ സുഭാഷ് ചന്ദ്രന്റെ തല്‍പ്പവും സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയുമൊക്കെ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ടാണ് അവര്‍ക്കു വായനക്കാരുണ്ടാവുന്നതും അവര്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും.



ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ കുറിച്ച്?


പി വി ഷാജി കുമാര്‍ എഴുതിത്തെളിഞ്ഞ കഥാകൃത്താണ്‌. ധന്യാ രാജും നന്നായി എഴുതുന്നുണ്ട്. വേറെ ആള്‍ക്കാരെ പെട്ടെന്നു അങ്ങനെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

യുവഎഴുത്തുകാര്‍ നോവല്‍ രചനയില്‍ സജീവമല്ലല്ലോ?

നോവല്‍ ഇപ്പോള്‍ കേരളത്തില്‍ കുറവല്ലേ. ആരും അതിനു ശ്രമിക്കുന്നില്ല . ഇ സന്തോഷ്‌ കുമാര്‍ നോവലില്‍ ഭാവി ഉള്ള ആളാണ്‌. സുസ്മേഷ് ചന്ദ്രോത്ത് ഒക്കെ നോവല്‍ രംഗത്ത്‌ സംഭാവന നല്‍കിയിട്ടുണ്ട്.

താങ്കളുടെ സമകാലീനരായ എഴുത്തുകാരെ എങ്ങനെ വിലയിരുത്തുന്നു?

രാമനുണ്ണി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി എന്‍ പ്രകാശ്, ജോര്‍ജ് ജോസഫ് കെ , ടി എസ് മാത്യുസ്, ശങ്കര നാരായണന്‍ എന്നിവരാണ് എന്റെ സമകാലീനര്‍. പക്ഷേ ജോര്‍ജ് ജോസഫ് , ടി എസ് മാത്യുസ് ഒക്കെ ഇപ്പോള്‍ സജീവമല്ല . പലരും നോവല്‍ രംഗത്തേയ്ക്കു വരുന്നില്ല. വളരെ നന്നായി കഥയെഴുതുന്ന ശിഹാബുദ്ദീന്‍ പോലും നോവല്‍ എഴുതുന്നില്ല. രാമനുണ്ണി നോവലില്‍ സംഭാവന നല്‍കിയിട്ടുണ്ട്.

എന്‍മകജെയെ കുറിച്ചുള്ള പ്രതികരണങ്ങള്‍ ?

സാധാരണ കേരളത്തില്‍ ഒരു നോവലിന് ലഭിക്കുന്നതിലധികം സ്വീകരണം ലഭിച്ചു. പല സര്‍വകലാശാലകളിലും ഇത് പാഠപുസ്തകമാക്കുന്നു. ഒന്നു രണ്ടു കുട്ടികള്‍ പി എച് ഡി ക്കും എംഫിലിനും ഒക്കെ ഈ നോവല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. പലരും ഫോണിലും മറ്റും പ്രതികരണങ്ങള്‍ അറിയിക്കുന്നു. നോവല്‍ പുറത്തിറങ്ങി മൂന്നാം മാസം ആവുമ്പോഴേക്കും പുസ്തകം വിറ്റു തീര്‍ന്നു. എറണാകുളത്തും നിന്നും കൊല്ലത്ത് നിന്ന് ഒന്നു രണ്ടു പേര്‍ എന്‍മകജെയില്‍ വന്നു താമസിച്ചു പോയി.നോവല്‍ നാലു ഭാഷകളിലേയ്ക്കു പരിഭാഷയും ചെയ്യുന്നു. കന്നടയില്‍ പൂര്‍ത്തിയായി.ഹിന്ദി, തമിഴ്, ഹീബ്രു ഭാഷകളിലും നോവല്‍ ഇറങ്ങുന്നുണ്ട്.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

അവാര്‍ഡുകള്‍ സ്വീകരിക്കില്ല; ലക്ഷ്യം സോപാനസംഗീതത്തിന്റെ നിലനില്‍പ്പ്












ഇടയ്ക്ക തോളിലേറ്റി പാടുന്ന അതേ ആവേശമാണ് ഹരിഗോവിന്ദന്റെ പ്രവൃത്തികളെ നയിക്കുന്നത്. പാടുമ്പോള്‍ ഹരിഗോവിന്ദന്റെ മനസ്സില്‍ ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ .പാട്ടു നന്നാവുക . ആസ്വാദക മനസ്സിനെ സന്തോഷിപ്പിക്കുക.പുരസ്ക്കാരങ്ങളോ പാട്ടു പാടി കിട്ടുന്ന പ്രശസ്തിയോ ഒന്നും ഹരിഗോവിന്ദന്‍ ആലോചിക്കാറില്ല. അനുഷ്ഠാനങ്ങളുടെ ശ്രീകോവില്‍ നിന്ന് സോപാനസംഗീതത്തെ ജനമനസ്സുകളുടെ ഈശ്വരമുറ്റത്തെത്തിച്ച ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഇങ്ങനയല്ലാതെ മറ്റെങ്ങനെയാണ് പെരുമാറുക.

വര്‍ഷം പന്ത്രണ്ടിലേറെ വെറുതെ പോയി. സര്‍ക്കാരും അധികാരസ്ഥാപനങ്ങളും സഹായിക്കുമെന്ന് കരുതിയത്‌ മഠയത്തരം. ഈ തിരിച്ചറിവ് വന്നപ്പോഴാണ് ഹരിഗോവിന്ദന്‍ സ്വന്തം വഴിയില്‍ നടന്നു തുടങ്ങിയത്. ഹരിഗോവിന്ദന്‍ പ്രഖ്യാപിച്ചു: അച്ഛന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഇടയ്ക്ക ലേലം ചെയ്യും . സ്വന്തം കുടുംബത്തെ പോറ്റാന്‍ പണം കണ്ടെത്താനായിരുന്നില്ല അത്. കേരളീയ സംഗീതത്തിനായി അച്ഛന്റെ പേരില്‍ ഒരു സ്മാരകം; അതായിരുന്നു ആ സംഗീത ഉപാസകന്റെ ലക്ഷ്യം.വാര്‍ത്തകളില്‍ ഉരുണ്ടഅക്ഷരങ്ങളായി ആ പ്രഖ്യാപനം രൂപപ്പെട്ടെങ്കിലും സഹായത്തിനായി മന്ത്രിമാരോ രാഷ്ട്രീയ കലാസാംസ്ക്കാരിക നായകന്മാരെയോ കണ്ടില്ല.

ലേലപ്രഖ്യാപനം സംബന്ധിച്ചു പ്രമുഖരില്‍ പലരും ഒരേ ഈണമായപ്പോള്‍ അയല്‍ക്കാരിയായ കല്യാണിയമ്മയെ പോലെ ചിലര്‍ ഹരിഗോവിന്ദനെ സഹായിക്കാനെത്തി. തന്റെ പതിനാറു സെന്റ് പുരയിടം സംഗീതസ്മാരകത്തിനായി വിട്ടുകൊടുത്തു. സര്‍ക്കാരിന്റെ സഹായമില്ലാതെ ഞരളത്ത് രാമപ്പൊതുവാളിന്റെ പേരില്‍ ഒരു കലാശ്രമം പണിതുയര്ത്തുന്നതിനുള്ള തിരക്കിലാണ് ഹരിഗോവിന്ദന്‍ ഇപ്പോള്‍. സോപാനസംഗീതത്തെ കുറിച്ചും തനിക്കും കേരളസംഗീതത്തിനും നേരിടേണ്ടി വന്ന അവഗണനയെ കുറിച്ചും ഹരിഗോവിന്ദന്‍ വൈഗാന്യൂസിനോട് സംസാരിക്കുന്നു.

സോപാനസംഗീതത്തില്‍ തുടക്കം എങ്ങനെയായിരുന്നു?

അച്ഛന് അറുപതു വയസ്സുള്ളപ്പോള്‍ ഉണ്ടായ മകനാണ് ഞാന്‍. അദ്ദേഹം പാടിയ അപൂര്‍വ രാഗങ്ങളൊന്നും കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല . അഞ്ചു വയസ്സുമുതല്‍ അച്ഛന്റെ സഹായിയായി പോകുമായിരുന്നു. അച്ഛന്‍ പാടുന്നത് കേട്ട എന്നിലും സോപാനസംഗീതത്തിന്റെ ഈണം പതിയുകയായിരുന്നു.തിരുവനന്തപുരത്തു പട്ടത്തു ഒരു അമ്മാളിന്റെ വീട്ടില്‍ വെറും ആറുദിവസം മാത്രമാണ് ഞാന്‍ പഠനം നടത്തിയതെന്ന് വേണമെങ്കില്‍ പറയാം. ഇതല്ലാതെ ശാസ്ത്രീയമായി ഒരു പഠനവും ഞാന്‍ നടത്തിയിരുന്നില്ല.

അച്ഛന്‍ നാമം ജപിക്കുന്ന കൂടത്തില്‍ കേട്ടു പഠിക്കുമായിരുന്നു ആദ്യമായി ഇടയ്ക്ക തോളിലേറ്റുന്നത് ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ രൂപകല്‍പ്പന ചെയ്ത ഒരു പ്ലോട്ടില്‍ വേഷം കേട്ടിയപ്പോഴാണ്. അച്ഛന്റെ പാട്ടു റിക്കോര്ഡ് ചെയ്തു കേള്പ്പിച്ചാണ് ആ പ്ലോട് അവതരിപ്പിച്ചത്.

വിദ്യാഭ്യാസം?

ചിറ്റൂര്‍ കോളേജില്‍ സംഗീത പഠനത്തിനു ചേര്‍ന്നിരുന്നു. പക്ഷേ ഞാന്‍ ആഗ്രഹിച്ച ഒരു പഠനം അവിടെ നിന്നും ലഭിച്ചില്ല.ഹോസ്റ്റലില്‍ പണം അടക്കാന്‍ പറ്റാതായപ്പോള്‍ സംഗീതപഠനം ഉപേക്ഷിച്ചു. പിന്നീട് ബി എ മലയാളത്തിനു ചേര്‍ന്നു. ആ വിഷയത്തില്‍ ബിഎഡും കഴിഞ്ഞു.

സംഗീതം പാരമ്പര്യമായി കിട്ടിയതല്ലേ?

അച്ഛന്റെ കൂടെ യാത്ര ചെയ്തു കേട്ടു കേട്ടുള്ള ശീലമാണ് എന്റെ പാട്ട്‌. കേട്ട പാട്ടുകള്‍ റീപ്രോഡ്യൂസ് ചെയ്യുകമാത്രമാണ് ഞാന്‍ ചെയ്തത്. സ്വന്തം തോട്ട്സ് ,ഈണങ്ങള്‍ , ശൈലികള്‍ എല്ലാം അവയില്‍ കടന്നു വരും.അച്ഛന്റെയും എന്റെയും പാട്ടു തീര്‍ത്തും വ്യത്യസ്തമാണ്. എന്നാല്‍ അച്ഛന്റെ സ്വരം എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്.

ആദ്യമായി പാടിയത് ?

1995 നവംബറില്‍ ഇടപ്പാള്‍ കുളങ്ങര സംഗീതോത്സവത്തിലാണ് ഞാന്‍ ആദ്യമായി പാടിയത്. ഞാന്‍ പാടുന്നത് അച്ഛന്‍ കേട്ടിട്ടില്ല. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അച്ഛന്റെ ജീവിതം .അച്ഛനിലെ കലാകാരനെ നിലനിര്‍ത്തിയത് അമ്മയാണ്.1996 ലാണ്‌ അച്ഛന്‍ മരിക്കുന്നത്.
പിന്നീട് സംഗീത പാരമ്പര്യം നിലനിര്‍ത്തേണ്ടത് എന്റെ കടമയായി.ഇതുവരെ 3600 ഓളം വേദിയില്‍ ഞാന്‍ പാടിയിട്ടുണ്ട്.മൂന്നു വര്‍ഷമായി ഇടക്കകൊട്ടാന്‍ പെരിങ്ങോട് സുബ്രഹ് മണ്യനും കൂട്ടിനുണ്ട്.ഉദ്ഘാടനപരിപാടികളില്‍ ഞാന്‍ ഒറ്റയ്ക്കാണ് പോകാറുള്ളത്.

സോപാനസംഗീതാലാപനത്തിനു പുറമേ മറ്റു ജോലി?


മഞ്ചേരിയിലെ ഒരു അണ്‍എയ് ഡഡ് സ്കൂളില്‍ ഞാന്‍ അധ്യാപനായിരുന്നു. സര്‍ക്കാര്‍ തരുന്നതിലും കൂടുതല്‍ ശമ്പളം അവര്‍ തരുമായിരുന്നു. പക്ഷേ മിക്ക ദിവസവും പരിപാടി ഉള്ളതിനാല്‍ എനിക്ക് ക്ലാസ് എടുക്കാന്‍ അധികം അവസരം ലഭിക്കാറില്ല. അതുകൊണ്ടു ആ ജോലി രാജി വച്ചു. നമ്മള്‍ ചെയ്യുന്ന ജോലി ആത്മാര്‍ഥമായിരിക്കണം എന്നു എനിക്ക് നിര്‍ബന്ധമുണ്ട്.

സോപാനസംഗീതത്തെ സര്‍ക്കാര്‍ ഒരുതരത്തിലും പരിഗണിച്ചില്ലേ?

97 മുതല്‍ മാറിമാറിവരുന്ന സര്‍ക്കാരുകളോടു ഇപ്പോഴുള്ള സോപാന സംഗീതത്തെ നിലനിര്‍ത്താനും സംഗീതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും കേരളസംഗീതോത്സവം നടത്താനും ആവശ്യപ്പെട്ടു.ഗ്രാമീണ ഗാനങ്ങളുടെ ആകെത്തുകയാണ് കേരള സംഗീതം.എന്നാല്‍ അവഗണനയായിരുന്നു ഫലം.എ കെ ആന്റണി, ഇ കെ നായനാര്‍, ഉമ്മന്‍ചാണ്ടി എം എം ബേബി തുടങ്ങിയവരൊക്കെ ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞു. ഉറപ്പില്‍ വിശ്വസിച്ചു 12 വര്‍ഷം കളഞ്ഞു. കുറേ കൊല്ലം കളഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഇടയ്ക്ക ലേലം ചെയ്യുമെന്ന് പറഞ്ഞത്.

ഞരളത്ത് സോപാന സംഗീതോത്സവം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നല്ലോ?

കഴിഞ്ഞ നവംബര്‍ ഡിസംബര്‍ മാസത്തില്‍ സര്‍ക്കാര്‍ ഞരളത്ത് സംഗീതോത്സവത്തിനു വേണ്ടി ഒരു ലക്ഷം രൂപ മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതുവരെ അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. ഈ മാര്‍ച്ചില്‍ തുക ലാപ്സായി പോകും.ഈ പണം തന്നാല്‍ നല്ല രീതിയില്‍ ഞങ്ങള്‍ സംഗീതോത്സവം നടത്താം എന്നു പറഞ്ഞതാണ് . ഞരളത്ത് രാമപൊതുവാളിന്റെ പേരില്‍ സംഗീതോത്സവം നടത്താന്‍ ഈ തുക ധാരാളം മതി.അക്കാദമി സെക്രട്ടറി പഴശ്ശി പ്രഭാകരന്‍ രണ്ടു തവണ മീറ്റിംഗ് വിളിച്ചു.പക്ഷേ എന്നെ ക്ഷണിച്ചിരുന്നില്ല.

ഇക്കാര്യത്തില്‍ സാംസ്ക്കാരിക വകുപ്പില്‍ നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെ?

സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു താല്‍പ്പര്യവുമില്ല. ഞാന്‍ എം എ ബേബിക്ക് ഒരു കത്തയച്ചു. സര്‍ക്കാരെന്ന നിലയ്ക്കോ മന്ത്രിയെന്ന നിലയ്ക്ക് നിങ്ങള്ക്ക് ഒന്നും ചെയ്യാനായില്ല . ഒരു വ്യക്തിയെന്ന നിലയ്ക്ക് ഞരളത്ത് കലശ്രമത്തിനു 10000 രൂപ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് എടുത്തു തരാമോ എന്നു. എന്നാല്‍ അദ്ദേഹം കലാശ്രമം അനാവര്ത്തന ഫണ്ട് എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 15000 രൂപ അനുവദിച്ചു.ഞാന്‍ അദ്ദേഹത്തോട് വ്യക്തിപരമായി തുക ആവശ്യപ്പെട്ടു കൊണ്ടു അയച്ച കത്ത് റെഫ്രന്‍സ് കാണിച്ചാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിച്ചത്. ഞാന്‍ ഒംബുഡ്സ്മാനോടു പരാതിപ്പെട്ടാല്‍ സാംസ്ക്കാരിക മന്ത്രി നിയമനടപടിക്കു വിധേയമാകേണ്ടി വരും.ആ പണം സ്വീകരിച്ചു. ഞാന്‍ അഹങ്കാരിയാണെന്ന് വീണ്ടും പറയിപ്പിക്കരുതല്ലോ .

വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ താങ്കള്‍ക്കു അനുകൂലമായ നിലപാടെടുത്തിരുന്നല്ലോ?

അങ്ങനെയുണ്ടായിട്ടില്ല. ആരെങ്കിലും സഹായിക്കുമെന്ന് കരുതി ഞാന്‍ ഒരു നിലപാടും എടുത്തിട്ടുമില്ല. ഉമ്മന്‍ചാണ്ടിഎന്റെ വീടു സന്ദര്‍ശിക്കാന്‍ ഒരുങ്ങിയിട്ടു ഒരു വര്‍ഷം കഴിഞ്ഞു. വീടു സന്ദര്‍ശിക്കുന്നതിനു മുന്‍പ് കെപിസിസിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുമോ എന്നു ഞാന്‍ ചോദിച്ചു. അതിനു അദ്ദേഹത്തിന് മറുപടി ഉണ്ടായിട്ടില്ല. അതുകൊണ്ടു ഇതുവരെ അദ്ദേഹം വീടു സന്ദര്‍ശിച്ചിട്ടുമില്ല. കുമ്മനം രാജശേഖരന്‍ വീട്ടില്‍ വന്നു ഇടത് വലതു സര്‍ക്കാരുകളെ കുറ്റം പറഞ്ഞു. നിങ്ങള്ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു ഞാന്‍ ചോദിച്ചു.അപ്പോള്‍ അദ്ദേഹത്തിനും മിണ്ടാട്ടമില്ല. ഇവരൊക്കെ ആദ്യം പ്രവര്‍ത്തിക്കാന്‍ തയ്യാറാവട്ടെ . എന്നിട്ട് വേണ്ടേ സംസാരിക്കാന്‍.

പുരോഗമനപ്രസ്ഥാനങ്ങള്‍ സഹായത്തിനെത്തിയില്ലേ?

തൊഴില്‍ അവകാശത്തിനു വേണ്ടി മുറവിളി കൂട്ടുന്ന മാര്‍ക്സിസ്റ്റുകാര്‍ തന്നെയാണ് തൊഴില്‍ നിഷേധിക്കുന്നതും. സംഘം ചേര്‍ന്നു ആര്‍ക്കും ആരെയും കൈയേറ്റം ചെയ്യാം എന്നായിരിക്കുന്നു. പാട്ട്‌ പാടല്‍ എന്റെ ധര്‍മ്മമാണ്. ആരെതിര്‍ത്താലും അതു ഞാന്‍ നിര്‍വഹിക്കും.


സഹായത്തിനായി കലാകാരന്‍മാര്‍ പോലും തയ്യാറായില്ല എന്നു പറഞ്ഞത് വായിച്ചിട്ടുണ്ട്?

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയെ പോലുള്ളവര്‍ പോലും എനിക്കൊപ്പം നിന്നില്ല. ഒരു കലയെ ഉപാസിക്കുമ്പോള്‍ ആ കലാരൂപത്തിന്റെ രക്ഷയ്ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യേണ്ടേ? സ്വന്തം സ്ഥാനം ഉറപ്പിക്കുക മാത്രമാണോ ഒരു കലോപാസകന്റെ കടമ? തനിക്കു ലഭിക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും കലയ്ക്കു വേണ്ടി വിനിയോഗിക്കേണ്ടതല്ലേ.



സോപാനസംഗീതത്തെ സംരക്ഷിക്കാന്‍ ഇടയ്ക്ക ലേലം ചെയ്യുമെന്ന വാര്‍ത്ത ഗുണം ചെയ്തോ?

തീര്‍ച്ചയായും. ഞാന്‍ പ്രതീകാത്മകമായി പറഞ്ഞതാണ് ഇടയ്ക്ക ലേലം ചെയ്യുമെന്ന്. എന്നാല്‍ പലരും എന്റെ ലക്ഷ്യത്തെ നിസ്സാരവത്ക്കരിക്കുകയാണ് ചെയ്തത്.അഴിക്കോട്‌ മാഷിനെപ്പോലുള്ളവര്‍ ഞാന്‍ പൈതൃകത്തെ തള്ളിപ്പറയുകയാണെന്നു വരെ ആക്ഷേപിച്ചു.അദ്ദേഹം പണം തന്നാല്‍ ലേലത്തില്‍ നിന്ന് പിന്മാറാം എന്നു പറഞ്ഞപ്പോള്‍ പതിവുപോലെ അഴീക്കോട് വാക്കുമാറ്റി.പ്രസംഗം കഴിഞ്ഞപ്പോള്‍ അഴീക്കോടിന്റെ ആവേശം അലിഞ്ഞുപോയിട്ടുണ്ടാവണം.

ഇപ്പോള്‍ റിസള്‍ട്ട്‌ വന്നു തുടങ്ങിയിട്ടുണ്ട് .സാധാരണക്കാരായ പലരും 100 ആയിരം രൂപയുമൊക്കെ തന്നെ സഹായിക്കും . അതിനു കണക്കും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല.

രാജേഷ് അച്യുതന്‍ എന്നയാള്‍ സോപാനസംഗീതത്തിന്റെ ഡോക്യുമെന്റേഷന് സഹകരണം വാഗ്ദാനം ചെയ്തിരുന്നല്ലോ?

രാജേഷ് അച്യുതന് കല വളര്‍ത്തുക മാത്രമായിരുന്നില്ല ലക്ഷ്യം. അദ്ദേഹത്തിനു താത്പര്യം ബിസിനസ് ആണ്.സോപാന സംഗീതകാരന്‍മാരുടെ ഡോക്യുമെന്റേഷന് 22 പേരുടെ പേര് രജിസ്റ്റര്‍ ചെയ്തതാണ്.പക്ഷേ ഇതിന്റെയൊക്കെ കോപ്പി റൈറ്റ് അദ്ദേഹത്തിനു വേണമെന്നാണ് പറയുന്നത്.ഗായകരില്‍ നിന്ന് കോണ്‍ട്രാക്റ്റ് അദ്ദേഹത്തിന്റെ കമ്പനി നേരിട്ട് വാങ്ങുമെന്ന് പറഞ്ഞു . എന്റെ ലക്ഷ്യം അദ്ദേഹത്തില്‍ നിന്ന് വിഭിന്നമായിരുന്നു.സോപാനസംഗീതം പ്രചരിപ്പിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം .അദ്ദേഹം പ്രൊജക്റ്റിനു വേണ്ടി പണം പോലും കണ്ടെത്തിയിരുന്നില്ല. ഞാന്‍ വഞ്ചിക്കപ്പെട്ടു.

ഞരളത്ത് രാമപ്പൊതുവാള്‍ ട്രസ്റ്റിനെ കുറിച്ച്?


2009 ജനുവരിയില്‍ ട്രസ്റ്റ്‌ രൂപീകൃതമായി.കലാശ്രമാത്തിനു 16 സെന്റ്‌ സ്ഥലം തന്ന കല്യാണിയമ്മയും ഞാനും എന്റെ അമ്മയുമാണ് അംഗങ്ങള്‍. ചാര്‍ട്ടെഡ് അക്കൌണ്‍ഡിനെ വരെ നിയമിച്ചിട്ടുണ്ട് ട്രസ്റ്റിന്റെ കണക്കുകള്‍ പരിശോധിക്കാന്‍.
കലാശ്രമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അടക്കമുള്ളവര്‍ തന്നെയാണ് ചെയ്യുന്നത്. തോളില്‍ ഇടക്കയേറ്റുന്ന അതേ ആവേശത്തോടെ പണിക്കാരുടെ കൂടെ ഞാനും കൂടാറുണ്ട്. കലാപരിപാടി ഉള്ള ദിവസം വൈകുന്നേരം വന്നു കല്ലു ചുമക്കാനും മറ്റും കൂടും.

ഞങ്ങള്‍ രണ്ടും ചെയ്യുന്നു. സ്വന്തം പ്രതിഭയും തെളിയിച്ചാണ് കലയ്ക്കു വേണ്ടി നിലകൊള്ളുന്നത്‌. ഒരാളും അവന്റെ മേഖലയിലുള്ള ആളെ പ്രോത്സാഹിപ്പിക്കുകയില്ല. എം ടി വാസുദേവന്‍ നായര്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാറുണ്ടോ. അഴീക്കോട് ഏതെങ്കിലും പ്രാസംഗികരെ പ്രമോട്ട് ചെയ്യാറുണ്ടോ? ഞാന്‍ ഇങ്ങനെ ചെയ്യുന്നത് എന്റെ മഹത്വമല്ല, രാമപ്പൊതുവാളിന്റെ മകനായത്‌ കൊണ്ടുമാത്രമാണ് എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നത്.

താങ്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു വിധ പുരസ്ക്കാരങ്ങളും ലഭിച്ചില്ല?

എ ആര്‍ റഹ്മാനും , മട്ടന്നൂരിനുമൊക്കെ പത്മശ്രീ . കള്ളു കുടിച്ചും മറ്റു എന്തു തോന്ന്യാസം ചെയ്താലും അവര്‍ക്കൊക്കെ പത്മശ്രീ.ഗോപിയാശാനെ പോലുള്ളവര്‍ കള്ളു കുടിച്ചു അരങ്ങിലെത്തിയാലും ഒരു പ്രശ്നവുമില്ല. ഇവരൊക്കെ സ്വന്തം കല നിര്‍ത്താന്‍ എന്താണ് ചെയ്യുന്നത്. എന്റെ പ്രതിഭയില്‍ എനിക്ക് വിശ്വാസമുണ്ട്‌.രാഷ്ട്രീയ സ്വാധീനത്തിലല്ല ഞാന്‍ നിലനില്‍ക്കുന്നത്.ജാതിമതഭേദമില്ലാതെയാണ് ഞാന്‍ നിലകൊള്ളുന്നത്‌.

ഒരു അവാര്‍ഡും ഞാന്‍ ഇനി സ്വീകരിക്കില്ല. പത്മശ്രീയോ എന്തോ ആയിക്കോട്ടെ അവാര്‍ഡുകള്‍ ആരു തന്നാലും ഇനി ഞാന്‍ സ്വീകരിക്കില്ല.എന്നാല്‍ കലാശ്രമത്തിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ആരു പണം നല്‍കിയാലും ഞാന്‍ സ്വീകരിക്കും.

സോപാനസംഗീതത്തില്‍ താങ്കളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നുണ്ടല്ലോ?

സോപാന സംഗീതത്തില്‍ എന്തും പാടാം. കേരളത്തിലാണ് 24 അഷ്ടപദികള്‍ സോപാന സംഗീതത്തില്‍ പാടുന്നത്. പുഴയെ കുറിച്ചോ , പ്രകൃതിയെ കുറിച്ചോ എന്തും സോപാന സംഗീതത്തില്‍ ഉള്‍പ്പെടുത്താം. എല്ലാം ഈശ്വര സ്തുതിയാണ്.

ക്ഷേത്രങ്ങളിലല്ലേ സാധാരണയായി സോപാന സംഗീതം പാടാറുള്ളത്?

കെട്ടിടത്തിനുള്ളില്‍ മാത്രമല്ല ഈശ്വരനുള്ളത്. പ്രകൃതി ശ്രീകോവിലാണ്. എവിടെ നിന്നും ഞാന്‍ പാടും. ഞാന്‍ മനുഷ്യരുടെ മുന്നിലാണ് പാടുന്നത്. ബിജെപിക്കാരെന്നോ , കോണ്ഗ്രസുകാരെന്നോ .സി പിഎംകാരെന്നോ , ഹിന്ദുവെന്നോ , ക്രിസ്ത്യാനിയെന്നോ , മുസ്ലിമെന്നോ അതിനു വ്യത്യാസമില്ല.ഞാന്‍ ജനിച്ച ജാതിയുടെ പേരില്‍ എന്നെ ആരും പാടാന്‍ വിളിച്ചിട്ടില്ല. ടാഗോര്‍ തീയേറ്ററില്‍ നടന്ന മുസ്ലിം ലീഗിന്റെ ഒരു പരിപാടിയില്‍ ഞാന്‍ പാടിയതിന് എനിക്ക് നേരെ വധ ഭീഷണി വരെ ഉണ്ടായി.

ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു നാള്‍ ഞാന്‍ പാടും എന്നു പറയുന്ന യേശുദാസിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. എന്തു കൊണ്ടാണ് അങ്ങു ഗുരുവായൂര്‍ അമ്പലനടയില്‍ പാടണമെന്ന് വാശിപ്പിടിക്കുന്നത് . എവിടെ നിന്ന് പാടിയാലും കൃഷ്ണന്‍ കേള്‍ക്കും. അതു തിരിച്ചറിയാനുള്ള ബുദ്ധി താങ്കള്‍ക്ക് ഉടന്‍ ഉണ്ടാവട്ടെ എന്നും ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. കേരളാദിത്യപുരം കേളമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് നല്‍കിയ സ്വീകരണച്ചടങ്ങിലാണ് അദ്ദേഹത്തോട് ഞാന്‍ ഇക്കാര്യം പറഞ്ഞത്.

മറ്റു വിഭാഗക്കാരില്‍ സോപാനസംഗീതം ആലപിക്കുന്ന ആള്‍ക്കാര്‍ ഉണ്ടോ?

ജോഷ്വല്‍ ബാബു എന്ന ചെണ്ട കൊട്ടുന്ന ആളാണ്‌ സോപാനസംഗീതം.കോമിന്റെ ഉദ്ഘാടനം ചെയ്തത്.അദ്ദേഹം ഈയിടെ ഇടക്കകൊട്ടി ശിവസ്തുതി പാടി സോപാനസംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചു. സോപാനസംഗീതത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ മുസ്ലിംമതക്കാരനാണ് അദ്ദേഹം.
മഞ്ച് സ്റ്റാറില്‍ രണ്ടാം സ്ഥാനം നേടിയ ശ്വേത അശോകും നന്നായി ഇടക്ക വായിക്കും.ഞാന്‍ പറഞ്ഞു വരുന്നത് ജാതിമതലിംഗഭേദമന്യേ ആര്‍ക്കും സോപാന സംഗീതം ആലപിക്കാം എന്നാണ്.

ഞരളത്ത് കലാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ?

കലയ്ക്കു വേണ്ടി ഒരു ആശ്രമം ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കും. എന്നാല്‍ ഇതു ഒരു ട്യൂഷന്‍ സെന്റര്‍ അല്ല. ആര്‍ക്കും പെന്‍ഷന്‍ നല്‍കാനും ഉദ്ദേശിക്കുന്നില്ല. കേരള സംഗീതത്തിനെ സംബന്ധിച്ച എല്ലാം ഇവിടം ഉണ്ടാവും. പുസ്തകങ്ങള്‍, വാദ്യോപരണങ്ങള്‍ അങ്ങനെ എല്ലാം.സോപാന സംഗീതം അഭ്യസിപ്പിക്കാനും പദ്ധതിയുണ്ട്. ഇവിടെവച്ചു മറ്റു കലകള്‍ അഭ്യസിപ്പിക്കാന്‍ ആര്‍ക്കെങ്കിലും താല്പ്പര്യമുണ്ടെങ്കില്‍ അതിനു അവസരം ഒരുക്കും. കലാസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പണച്ചിലവുമില്ലാതെ ആര്‍ക്കും വേണേലും ഇവിടെ വന്നു ഒന്നു രണ്ടു ദിവസം താമസിക്കാം.

സോപാനസംഗീതം .കോമിന്റെ പ്രവര്‍ത്തനങ്ങള്‍?

സോപാനസംഗീതം ജനങ്ങളില്‍ എത്തിക്കുക എന്നു തന്നെയാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം. സോപാന സംഗീതത്തിലെ ഗുരുക്കന്‍മാരെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുക. കേരളത്തില്‍ 48 ഓളം സോപാന സംഗീതകാരന്‍മാര്‍ മാത്രമെ ഇന്നുള്ളൂ. അവരില്‍ 20 പേര്‍ മാത്രമെ ഇന്ന് സജീവമായി കലാരംഗത്തുള്ളൂ. ഇവരെ കലാരംഗത്ത്‌ നിലനിര്ത്തേണ്ടത് ഉണ്ട്.
ഇപ്പോള്‍ത്തന്നെ വെബ്സൈറ്റില്‍ ഇരുപത്തിയെട്ടോളം ഗുരുക്കന്മാരുടെ വിവരങ്ങള്‍ അവരുടെ പാട്ടുകളോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഫോണ്‍ നമ്പര്‍ അടക്കമാണ് നല്‍കുന്നത്. ആള്‍ക്കാര്‍ക്ക് അവരെ നേരിട്ട് ബന്ധപ്പെടാനാണ് ഇങ്ങനെ നല്‍കുന്നത്. എല്ലാവര്‍ക്കും വേദി ലഭിക്കണം .ഹരിഗോവിന്ദന് മാത്രമായി ഇതുകൊണ്ടു നേട്ടം വേണ്ട.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

ഷാജികുമാര്‍: മലയാളകഥയുടെ യൗവ്വനം‍‍‍‍











മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ച എവിടെയെത്തി നില്‍ക്കുന്നുവെന്ന അന്വേഷണം അവസാനിക്കുക ഒരുപക്ഷേ പി വി ഷാജികുമാര്‍ എന്ന പേരിലായിരിക്കും. യുവകഥാകൃത്തുക്കളുടെ നിരയില്‍ ചുരുങ്ങിയ കാലംകൊണ്ടു ഏറെ ശ്രദ്ധനേടിയ എഴുത്തുകാരനാണ്‌ ഷാജികുമാര്‍. ഇരുപത്തിമൂന്നാം വയസ്സില്‍ ആദ്യ കഥാസമാഹാരം 'ജനം ' ഡി സി ബുക്സ് പുറത്തിറക്കി. കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായിട്ടുള്ള ഷാജികുമാര്‍ കഥകളില്‍ ഒരേസമയം ഉത്തരാധുനിക ഭാവുകത്വവും നാടോടിക്കഥകളുടെ പാരമ്പര്യവും സമ്മേളിക്കുന്നു. ജീവിത്തോട്‌ ഒട്ടിനില്‍ക്കുന്ന നാട്ടുബിംമ്പങ്ങളും മികച്ച ക്രാഫ്റ്റും കരുത്തായി മാറുന്ന ഈ കഥകളില്‍ വായനക്കാരന്‍ കണ്ടെത്തുക സ്വന്തം ജീവിതംതന്നെയാണ്.

ഓര്‍മ്മകള്‍ തെയ്യം തുള്ളുന്ന കഥകളെഴുതിയ ഈ എഴുത്തുകാരന് ലഭിച്ച പുരസ്ക്കാരങ്ങള്‍ എണ്ണത്തില്‍ ഏറെയാണ്‌. കഥയ്ക്ക് തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്ത മലയാളി സമാജം എന്‍ഡോവ്‌മെന്റ്, മലയാള മനോരമ- ശ്രീ കഥാപുരസ്‌കാരം, മാധ്യമം കഥാ അവാര്‍ഡ്, ഭാഷാപോഷിണി കഥാപുരസ്‌കാരം, മലയാളം കഥാസമ്മാനം, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കലാലയകഥാ അവാര്‍ഡ്, രാജലക്ഷ്മി കഥാപുരസ്‌കാരം, ബഷീര്‍സ്മാരക പുരസ്കാരം, കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നാട്ടുമണമുള്ള കഥകളിലൂടെ ഗൗരവപൂര്‍ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ചെറുപ്പക്കാരനില്‍ മലയാള സാഹിത്യലോകത്തിനു ഏറെ പ്രതീക്ഷയാണ്. ഷാജിയുടെ പുതിയ കഥാസമാഹാരമായ 'വെള്ളരിപ്പാടം' തിങ്കളാഴ്ച ഡിസിബുക്സ് പുറത്തിറക്കും. മലയാള കഥയുടെ യുവവസന്തം ഷാജികുമാര്‍ വൈഗ ന്യൂസിനോട് സംസാരിക്കുന്നു.

എന്താണ് താങ്കള്‍ക്കു കഥ?

ഒരു ചെറുപ്പക്കാരന്‍ എന്നനിലയില്‍ ഒരുപാട് പരിമിതികളുള്ള ഒരാളാണ് ഞാന്‍ . എത്രശ്രമിച്ചിട്ടും ഉള്‍ഭയവും അപകര്‍ഷതയും വിട്ടുപോകാത്ത ഒരു പ്രതിസന്ധി എനിക്കുണ്ട് . ഈ അപൂര്‍ണ്ണതയെ പൂരിപ്പിക്കാനുള്ള വഴിയാണ് എനിക്ക് കഥ . ആശങ്കകളുടെ, ഒറ്റപ്പെടലുകളുടെ , വേവലാതികളുടെ ഇരുള്‍ഗുഹയിലേക്ക് സ്നേഹത്തിന്റെ ചൂട്ടും കത്തിച്ച് കഥ എന്റെ കൂടെ വരുന്നു.

എഴുത്ത് രീതികള്‍ ?

കഥ വായനക്കാരോട് ഇടപെടണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് വളഞ്ഞു വളഞ്ഞു വായനക്കാരനിലേക്ക് കഥയെ കൊണ്ട് പോകാന്‍ ശ്രമിക്കാറില്ല. എഴുതുമ്പോള്‍ ഇത് ശ്രദ്ധിക്കാറുണ്ട് . അതില്‍ എത്രമാത്രം വിജയിച്ചു എന്നറിയില്ല. വ്യത്യസ്ത കഥകള്‍ പറയണമെന്നാണ് ആഗ്രഹം; വ്യതസ്ത രീതികള്‍ പരീക്ഷിക്കുന്നതിനെക്കാള്‍ .

ആദ്യമെഴുതിയത് ?

നാടകം,കവിത ,കഥ ,ലേഖനം ഇതിലെല്ലാം കുറേ പരീക്ഷണങ്ങള്‍ നടത്തി . കഥയായിരുന്നു കൂടുതല്‍ ഇഷ്ടപ്പെടുത്തിയത്. ആദ്യകഥ ദേശാഭിമാനി വാരികയില്‍ . ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുമ്പോള്‍ .

പല കഥകളിലും വടക്കന്‍ ബിംബങ്ങളും ശൈലികളും കാണുന്നു. സ്വന്തം ജീവിതസാഹചര്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണോ ഇത് ?അതോ മന:പൂര്‍വ്വം വരുത്തുന്നതോ?

കാസര്‍കോട് ജില്ലയിലെ കാലിച്ചാംപൊതിയെന്ന തനി നാട്ടിന്‍ പുറത്താണ് ഞാന്‍ ജനിച്ചത്‌.നിറയെ തെയ്യങ്ങളും കമ്മ്യൂണിസ്റ്റുകാരും മരണങ്ങളും അണിയറയിലായ കാര്യങ്ങ ളുമുള്ള പ്രദേശം. പഠിത്തം കഴിയുംവരെ അവിടം വിട്ടുള്ള ഒരു ജീവിതം എനിക്കുണ്ടായിട്ടില്ല. ഞാന്‍ അനുഭവിച്ച ജീവിതം അതാണ്‌ . ആ ജീവിതമല്ലാതെ വേറൊന്നും എഴുതാന്‍ എനിക്കറിയില്ല . കൂടുതല്‍ അറിയുമ്പോള്‍ മാറിയേക്കും . പൂരക്കളി കളിച്ച , കബഡി കളിച്ചു അടികൂടിയ ,പ്രകടനത്തിന് പോയ പുഴയില്‍ ജീവിച്ച കാലത്തിന്റെയൊക്കെ നാടന്‍വാറ്റ് ലഹരി മനസ്സില്‍ ഉണ്ട് .കാലിച്ചാംപൊതിക്കാരന്‍ അല്ലായിരുന്നെങ്കില്‍ ഞാന്‍ കഥ എഴുതുമായിരുന്നില്ല.

നാട്ടുമണമുള്ള കഥകളാണ്‌ എഴുതിയതില്‍ പലതും . തെയ്യങ്ങളും വിശ്വാസവും പല കഥകളിലും ആവര്‍ത്തിച്ചു കാണപ്പെടുന്നു. കലാലയ ജീവിതത്തില്‍ ഇടതുപക്ഷസഹയാത്രികനായിരുന്നല്ലോ ? കഥകളിലെയും ജീവിതത്തിലെയും വൈരുദ്ധ്യം?


നേരത്തെ പറഞ്ഞപോലെയുള്ള ജീവിതപരിസരം ഫില്‍ ചെയ്തു എന്ന ഒറ്റക്കാര്യമേ ഞാന്‍ ചെയ്തിട്ടുള്ളൂ . എന്റെ കഥകള്‍ എന്റേതല്ല എന്ന് ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ടുതന്നെ . എന്റെ കഥകളുടെ പേറ്റന്റ്‌ മരിച്ചവരും ജീവിക്കുന്നവരുമായ അനുഭവങ്ങളുടെ പി എച്ച് ഡി എടുത്തവര്‍ക്ക് മാത്രമാണ് ,പിന്നെ വൈരുദ്ധ്യം, അമ്പലങ്ങളിലെ വെളിച്ചപ്പാടന്മാര്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . തലേന്ന് തെയ്യംകെട്ടി ദൈവത്തെ വിളിക്കുന്ന കേളുവേട്ടന്‍ പിറ്റേദിവസം മാര്‍ച്ചിനുപോയി പൊലീസിന്റെ തല്ലു കൊള്ളുന്നത്‌ ഞാന്‍ അറിഞ്ഞിട്ടുണ്ട് . പിന്നെ ഇത് വൈരുധ്യം ഒന്നുമല്ല , ജീവിതത്തിന്റെ ശീലമായാണ് എനിക്ക് തോന്നിയത് . അത് തന്നെയാണ് എന്റെ കഥകളിലും വന്നിട്ടുള്ളത്. അതിന്റെ വളരെ ആഴമേറിയ സൈദ്ധാന്തിക കാര്യങ്ങളില്‍ എനിക്ക് വലിയ പിടിപാടുകള്‍ ഇല്ലാത്തതു ഭാഗ്യം.
എഴുത്തില്‍ ഇടതു പക്ഷവും വലതുപക്ഷവും എന്ന് വേര്‍തിരിച്ചാല്‍ താങ്കള്‍ എതുപക്ഷത്തായിരിക്കും?
ഞാന്‍ എല്ലാക്കാലവും ഇടതുപക്ഷക്കാരനായിരിക്കും. പക്ഷെ അതൊരു പാര്‍ട്ടി അനുയായിയെന്ന നിലയിലല്ല. മനുഷ്യരും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെട്ട ലോകത്തെ സാമൂഹികമായി കാണുക , അറിയുക ,ഇടപെടുക എന്ന രീതിയല്‍ ഉള്ള ഇടതുപക്ഷത്തില്‍ ആണെന്റെ വിശ്വാസം .

സമകാലീന മാധ്യമപ്രവണതകളെക്കുറിച്ച് പ്രതിപാദിക്കുന്ന അതിശക്തമായ രണ്ട് കഥകള്‍ എഴുതിയിട്ടുണ്ടല്ലോ;കണ്ണുകീറലും, വെള്ളരിപ്പാടവും. ഇന്നത്തെ മാധ്യമപ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നു?

പ്രശ്നങ്ങളെ അതിന്റെ തീവ്രതയോടെ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട് . പക്ഷെ അതോടൊപ്പം വളരെ ബോറായ സംഭവങ്ങളെ പര്‍വതീകരിച്ച് കാണിക്കാനുള്ള ശ്രമങ്ങളും തീവ്രമായുണ്ട്. കത്തുന്ന പ്രശ്നങ്ങളേക്കാള്‍ ഫാഷന്‍ ഷോയും രാഖി സാവന്ത്‌ ആരെ താലികെട്ടും എന്നുള്ളതാണ് മാധ്യമങ്ങളുടെ ഉത്ക്കണ്ഠ. മരിച്ച പാപ്പാനേക്കള്‍ ആനയ്ക്ക് അരികില്‍ ഉണ്ടായിരുന്ന സിനിമാതാരങ്ങളെക്കുറിച്ച് വാര്‍ത്ത‍ അവതരിപ്പിക്കും വിധം നെഗറ്റീവായി മാധ്യമ രീതി മാറിയിരിക്കുന്നു .എല്ലാം ആഘോഷിക്കാന്‍ ഉള്ളതാണെന്ന് മാധ്യമങ്ങള്‍ നമ്മളെക്കൊണ്ട് തീരുമാനിപ്പിച്ചു കൊണ്ടിരിക്കുന്നു .

കലാലയ ജീവിതത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് താങ്കള്‍. ചുരുങ്ങിയ കാലം കൊണ്ടു നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു. സഹഎഴുത്തുകാരുടെ കൃതികള്‍ എങ്ങനെ വിലയിരുത്തുന്നു?

സന്തോഷേട്ടന്‍മാര്‍ക്കും ( ഏച്ചിക്കാനവും സന്തോഷ്‌ കുമാറും) സുഭാഷേട്ടനും ശേഷം വരുന്ന ചെറിയ തലമുറയാണ് ഞങ്ങള്‍ . ഇവര്‍ ഉയര്‍ത്തുന്ന ജീവിതംനോക്കി അത്ഭുതപ്പെടുന്നതിനൊപ്പം കഴിയാംവിധം മല്‍സരിക്കണം എന്ന വാശി ഞങ്ങള്‍ ബാലസംഘത്തിനുണ്ട് . എല്ലാവരും തീക്ഷണമായിത്തന്നെ തങ്ങളുടെ അനുഭവങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. ഏറെപ്പേരുണ്ട് ഈ നിരയില്‍, ഒരു സമരം വിജയിപ്പിക്കാന്‍ തക്കവണ്ണം .

യുവഎഴുത്തുകാരില്‍ പലരും ലൈംഗികഅതിപ്രസരമുള്ള കഥകളും മറ്റും എഴുതി ശ്രദ്ധനേടാനാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ടല്ലോ?

അങ്ങനെയുണ്ടെന്ന്‌ തോന്നുന്നില്ല . പ്രമേയം അങ്ങനെ ആവശ്യപെടുന്നുണ്ടെങ്കില്‍ അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പക്ഷെ മസാല പടങ്ങളില്‍ എന്നപോലെ ചേര്‍ക്കാന്‍വേണ്ടി ചേര്‍ക്കുന്നതിനോട് യോജിപ്പില്ല. മാത്രമല്ല ബഹുഭൂരി പക്ഷവും രഞ്ജിനി ഹരിദാസ്‌, റിമി ടോമി, തുടങ്ങിയവര്‍ നടത്തുന്ന എല്ലാ ആഭാസത്തരങ്ങളെയും ആരാധനയോടെ കാണുന്നതില്‍ പ്രശ്ന്നമില്ല , വായിക്കാന്‍ ആളില്ലാത്ത കഥയില്‍ അത് വന്നാല്‍ വലിയ തെറ്റ് .

ജീവിതം ആഘോഷമാക്കുന്ന യുവതലമുറയില്‍ നിന്നു ഗൗരവമുള്ള രചനകള്‍ പ്രതീക്ഷിക്കാമോ? അരാഷ്ട്രീയ രചനകളാണ് പലരുടേതും? യുവഎഴുത്തുകാരില്‍ പലരും സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടാറില്ല?

ഒരാള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ല കാര്യം അയാള്‍ എന്ത് എഴുതുന്നു എന്നതിലാണ് അയാളുടെ രാഷ്ട്രീയം കിടക്കുന്നത് .ഞാന്‍ ഇങ്ങനെ നോക്കിക്കാണുവാനാണ് ഇഷ്ടപെടുന്നത് . അരാഷ്ട്രീയം എന്നതിന്റെ അര്‍ഥം എല്ലാം മാറിക്കഴിഞ്ഞു. രാഷ്ട്രീയം എന്ന പദം രാഷ്ട്രീയക്കാര്‍ പോലും ഉച്ചരിക്കാന്‍ ഇഷ്ട്ടപെടുന്നില്ല ഇപ്പോള്‍. അവനവന്റെ വയര്‍ എത്ര കൂടി, പുതിയ മൊബൈല്‍ എങ്ങനെ വാങ്ങാം എന്നതൊക്കെയാണ് അവര്‍ക്കുപോലും സീരിയസ് വിഷയങ്ങള്‍. അപ്പോള്‍പ്പിന്നെ ഒരാളും മൈന്‍ഡ് ചെയ്യാത്ത പാവം എഴുത്തുകാരന്റെ അവസ്ഥ എന്തായിരിക്കും. പക്ഷെ ജീവിതത്തെ 100% പ്രതിബദ്ധതയോടെ എഴുതുയെന്നതില്‍ തന്നെ ഒരു രാഷ്ട്രീയമുണ്ട്.

എഴുത്തിലെ സാമൂഹ്യ പ്രതിബദ്ധത?

പരാജയപ്പെട്ടവനെ കുറിച്ചാണ് എല്ലാ കഥകളും സംസാരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരാജയപ്പെട്ടവനെ പകര്‍ത്തുമ്പോള്‍ തന്നെ അവന്‍ ഒരു സാമൂഹ്യ ഇടപെടല്‍ നടത്തുകയാണ്. നിലനില്‍ക്കുന്ന ഇടം കാണാതെ ഒരാള്‍ മുന്നോട്ടുപോകുക എന്നത് എനിക്ക് വിഷമകരം ആണ് . ഞാന്‍ ഇടപെടുന്നത്‌ ഒരു മനുഷ്യന്‍ എന്ന നിലയിലാണ്. എഴുത്തുകാരന്‍ എന്നനിലയിലല്ല. ഏഴുതുന്നവര്‍ എല്ലാം അങ്ങനെ സമരങ്ങളില്‍ പങ്കെടുക്കണമെന്നോ അടികൊള്ളണമെന്നോ പറയാന്‍ ഞാനാളല്ല .

എംസിഎ ബിരുദധാരിയായ താങ്കള്‍ എന്തുകൊണ്ടാണ് ബ്ലോഗെഴുത്ത് തുടങ്ങാന്‍ വൈകിയത്.?ബ്ലോഗ്‌ ഒരു സാഹിത്യരൂപമായി കണക്കാക്കുന്നില്ലേ?

കമ്പ്യൂട്ടറാണ് പഠിച്ചതെങ്കിലും കമ്പ്യൂട്ടറില്‍ മലയാളമെഴുത്ത് ഇപ്പോഴും പ്രയാസമാണ്. കഥകള്‍ കൈകൊണ്ട് എഴുതിയ ശീലമേയുള്ളൂ .എത്രശ്രമിച്ചിട്ടും കഥ ഏകാഗ്രതയോടെ കമ്പ്യൂട്ടറിലെഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല,അറിയില്ല. ബ്ലോഗ്‌ തുടങ്ങുന്നതുപോലും സുഹൃത്തുക്കള്‍ മുന്കയ്യെടുത്താണ്. ഞാനതില്‍ ഒന്നുമല്ല. മാറ്റര്‍ എഴുതി എന്നതൊഴിച്ച്.

ജീവിതമുള്ള കഥകളെഴുതിയ എഴുത്തുകാരനില്‍ നിന്നു നോവല്‍?

ഒരു നോവലിന്റെ ഇഷ്ടങ്ങളില്‍ ആണിപ്പോള്‍. അലസത, ചുറ്റല്‍ തുടങ്ങിയ അസുഖങ്ങള്‍ക്കു ആയുര്‍വേദ കഷായം ഉണ്ടെങ്കില്‍ വാങ്ങിക്കഴിക്കണം.

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?

പലകാലങ്ങളില്‍ പലരാണ്. പലരും വന്നും പോയി.സക്കറിയയോടുള്ള ഇഷ്ടം ഇത് വരെ കുറഞ്ഞിട്ടില്ല .എം സുകുമാരന്‍, ഉറൂബ്‌ , ആനന്ദ്‌, മാധവിക്കുട്ടി, കോവിലന്‍, സാറാ ജോസഫ്‌... ഇവരുമുണ്ട് കൂടെ . കൊച്ചുബാവ, അയ്മനം ജോണ്‍, ഇടശ്ശേരി,കുഞ്ചന്‍ നമ്പ്യാര്‍, ദസ്തയോവസ്കി , മാര്‍ക്വേസ് , പുതിയ തലമുറയില്‍ രണ്ടു സന്തോഷേട്ടന്‍മാര്‍, സുഭാഷേട്ടന്‍ അങ്ങനെനീളുന്നു. ആരോടും വെറുപ്പ്‌ തോന്നിയിട്ടില്ല . എഴുത്തങ്ങനെ വെറുക്കപ്പെടേണ്ട കാര്യമല്ല. കോവിലന്‍ പറഞ്ഞത് പോലെ :'എതു പതിരിനിടയിലും നെല്ലുണ്ടാകും. നെല്ല് പെരുക്കാനാണ് ഏറെ ഇഷ്ടം.

ഇഷ്ടകൃതി?

അങ്ങനെ പറയാന്‍ പറ്റില്ല. ഏറെയുണ്ട് . എന്നാലും യയാതിയും ആരോഗ്യനികേതനവും കാരമസോവ്‌ സഹോദരന്മാര്‍ ഒക്കെയിപ്പോഴും കിട്ടിയാല്‍ വായിക്കും.സുന്ദരികളും സുന്ദരന്മാരും വീണ്ടും വായിക്കും. മഹാഭാരതവും ബൈബിളും ഖുറാനും മനസ്സിലാക്കി വായിക്കുന്നു. ഇനിയും എത്രയോ വായിക്കപ്പെടാത്ത പുസ്തകങ്ങള്‍ ....

കഥകളെ എങ്ങനെ വിലയിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്?


അങ്ങനെ ആഗ്രഹങ്ങളൊന്നുമില്ല. മലയാളകഥയുടെ 100വര്‍ഷത്തിലധികമുള്ള പാരമ്പര്യത്തില്‍ ഷാജി കുമാര്‍ എന്ന കാലിച്ചാംപൊതിക്കാരന്‍ ഒന്നുമല്ലെന്ന പൂര്‍ണ ബോധ്യമെനിക്കുണ്ട്. എത്ര ബോറനെഴുത്തുകാരനും അപരിചിതനായൊരു വായനക്കാരന്‍ ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നു. ആ വായനക്കാരനു വേണ്ടി എല്ലാക്കാലത്തും എഴുതാന്‍ കഴിയണമെന്ന ആഗ്രഹമുണ്ട് , ആര്‍ത്തിപൂണ്ട ആഗ്രഹമാണ് . പക്ഷേ അതിനുവേണ്ട സ്വയം പൊളിച്ചെഴുത്തിനു ഞാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

പി വി ഷാജി കുമാര്‍
1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ ജനനം.
അച്ഛന്‍: പരേതനായ കല്ലിങ്കീല്‍ കുഞ്ഞിക്കണ്ണന്‍
അമ്മ: തങ്കമണി പി വി
കാസര്‍ഗോഡ് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എം സി എ ബിരുദം
മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

തെയ്യങ്ങള്‍ ഉറങ്ങാത്ത രാവുകള്‍‍‍‍‍‍‍‍‍‍‍‍‍‍















ഓരോ തെയ്യവും ചില ഓര്‍മ്മപ്പെടുത്തലാണ്. ഒരിക്കല്‍ അവഗണിക്കപ്പെട്ടിരുന്നവരുടെ വേദനനിറഞ്ഞ അനുഭവങ്ങളുടെ പുനരാവിഷ്കാരമാണ്‌ തെയ്യം. അല്ലെങ്കില്‍ അധ:കൃതനു വേണ്ടിയുള്ള പരിഹാരമാണ് ഓരോ തെയ്യവും.കാളിയും ശിവനും ഒന്നുചേര്‍ന്നു നില്‍ക്കുന്ന കാളീശ്വരത്തെ തറവാട്ടില്‍ മൂവാളംകുഴി ചാമുണ്ഡി തെയ്യം കാണാന്‍ പോകുമ്പോഴും ചിന്തകള്‍ മറിച്ചായിരുന്നില്ല.

ഓരോ തെയ്യക്കാഴ്ചയും സമ്മാനിക്കുന്ന ഓര്‍മ്മകള്‍ ഒരുപാടാണ്. ദൂരെ നാട്ടില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ തെയ്യം കാണാന്‍ നാട്ടിലെത്തും. തെയ്യത്തെ തൊഴാന്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ നാണയത്തുട്ടുകള്‍ തരും. തെയ്യത്തോട് മനസ്സില്‍ ക്ഷമ ചോദിച്ചു കൊണ്ടു പാലൈസും ചന്തയിലെ കളിപ്പാട്ടങ്ങളും വാങ്ങാനായി നാണയത്തുട്ടുകളില്‍ പകുതി മാറ്റിവയ്ക്കുന്നത്... സംസാരിക്കുന്ന ദൈവത്തിനു മുന്നില്‍ വിവിധ പ്രാര്‍ത്ഥനകളുമായി കണ്ണീര്‍ വാര്‍ക്കുന്നവര്‍... സന്താനലബ്ധിക്കായി, മാറാരോഗങ്ങളുടെ ശമനത്തിന്...നല്ല ജോലി കിട്ടാന്‍... തെയ്യക്കാലം പരീക്ഷാസമയത്തായതിനാല്‍ കുട്ടികളുടെ പ്രാര്‍ത്ഥന കൂടുതല്‍ മാര്‍ക്ക് കിട്ടാനോ പരീക്ഷയില്‍ ജയിക്കാനോ ആവും... പ്രാര്‍ത്ഥന എന്തായാലും തെയ്യം കേള്‍ക്കും. തലയില്‍ കുറിയിട്ട് അനുഗ്രഹിക്കും..

ഓര്‍മ്മകളിലൂടെ നടക്കുമ്പോള്‍ ദൂരെ നിന്നേ കേള്‍ക്കാമായിരുന്നു അസുരവാദ്യത്തിന്റെ ഉച്ചത്തിലുള്ള താളത്തിനൊത്തുള്ള കാല്‍ചിലമ്പിന്റെ കിലുക്കം. തെയ്യാട്ട സ്ഥലത്ത് എത്തുന്നതിനു മുന്നേ മനസ്സില്‍ തെയ്യക്കോലങ്ങള്‍ നിറഞ്ഞാടാന്‍ തുടങ്ങിയിരുന്നു. ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന രൂപവുമായെത്തുന്ന ഉഗ്രമൂര്‍ത്തികള്‍... മനസ്സു നിറയെ വാത്സല്യമൊളിപ്പിച്ചുവെയ്ക്കുന്ന അമ്മതെയ്യങ്ങള്‍...

അസുരവാദ്യത്തിന്റെ താളം മുറുകുകയാണ്... വിഷ്ണുമൂര്‍ത്തി തെയ്യമായിരിക്കണം ഉറഞ്ഞാടുന്നത്. നിന്റെ ദൈവം എവിടെയുണ്ട് എന്ന ഹിരണ്യ കശിപുവിന്റെ ചോദ്യത്തിന് തൂണിലും തുരുമ്പിലുമുണ്ട് എന്നായിരുന്നു വിഷ്ണു ഭക്തനായ പ്രഹ്ളാദന്റെ മറുപടി. എന്നാല്‍ ആ ദൈവത്തെ കാണട്ടെ എന്ന് ആക്രോശിച്ച് തൂണില്‍ അസുര ചക്രവര്‍ത്തി ഗദ കൊണ്ട് ആഞ്ഞടിച്ചപ്പോള്‍ പുറത്തുവന്നത് ഉടല്‍ മനുഷ്യനും തല സിംഹവുമായുള്ള രൂപം. തുടര്‍ന്ന് രാത്രിയും പകലുമല്ലാത്ത സന്ധ്യക്ക് അകത്തും പുറത്തുമല്ലാതെ വാതില്‍പടിയില്‍ വച്ച് ആകാശത്തും ഭൂമിയിലുമല്ലാതെ മടിയില്‍ വച്ച് മനുഷ്യനും മൃഗവുമല്ലാത്ത രൂപം അസുരരാജാവിനെ വധിച്ചത് ...യമുനയില്‍ വിഷം വമിപ്പിച്ച കാളിയന്റെ നെറുകയില്‍ ശ്രീകൃഷ്ണന്‍ നൃത്തം ചവിട്ടിയത്.. ഉത്തര മലബാറിലെ പെരുദേവത എന്നു വിശേഷിപ്പിക്കുന്ന വിഷ്ണുമൂര്‍ത്തി തെയ്യത്തിന് ഐതിഹ്യങ്ങള്‍ ഏറെയാണ്.

തറവാട്ട് മുറ്റത്തെത്തുമ്പൊള്‍ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ കഴിയലായിരുന്നു. വിഷ്ണുമൂര്‍ത്തി മുടി അഴിച്ചപ്പോഴേക്കും തറവാട്ടിലെ പ്രധാന തെയ്യമായ മൂവാളംകുഴി ചാമുണ്ഡി തെയ്യം എത്തിയിരുന്നു. അസുരവാദ്യത്തിന്റെ പെരുക്കങ്ങള്‍ ഉച്ചസ്ഥായിലാവാന്‍ തുടങ്ങി. സ്ത്രീകളും കുട്ടികളും ദൂരെ മാറിനിന്നു. ഞങ്ങള്‍ ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ തെയ്യം നടക്കുന്ന മുറ്റത്തിന്റെ വരമ്പിനോട് ചേര്‍ന്ന് നിന്നു. 501 നായന്‍മാരോട് പട വെട്ടിയ ദൈവമാ. ഫോട്ടോ എടുക്കാന്‍ നോക്കണ്ട- കാമറാ ലെന്‍സ് അഡ്ജസ്റ്റ് ചെയ്യുന്നതിനിടയില്‍, തറവാട്ടിലെ ഏതോ തലമുതിര്‍ന്ന കാരണവര്‍ക്ക് ചെവി കൊടുത്തില്ല.
തോറ്റംപാട്ടിന്റെ താളത്തിനൊത്ത് മൂവാളംകുഴി ചാമുണ്ഡി അരക്കെട്ടു മുറുക്കി. വട്ടമുടിയണിഞ്ഞു. പിന്നെ കണ്ണാടിയില്‍ മുഖം നോക്കി.'തലേപ്പാളി തലയില്‍ വെച്ചാല്‍ ഞങ്ങള്‍ ദൈവമാണ്. കണ്ണാടിയില്‍ നോക്കി ദൈവങ്ങളുടെ പ്രതിരൂപം കണ്ടാല്‍ പിന്നെ ഒന്നുമറിയില്ല'- കോലക്കാരന്‍ കുഞ്ഞിരാമന്‍ പണിക്കരുടെ വാക്കുകള്‍ ഓര്‍ത്തെടുക്കുന്നതിനിടയില്‍, അങ്കക്കലി പൂണ്ട മൂവാളംകുഴി ചാമുണ്ഡി തെയ്യം അടുത്തെത്തിയത് കണ്ടില്ല. എന്റെ തൃക്കണ്യാവപ്പാ എന്ന് ഉച്ചത്തില്‍ അലറി തെയ്യം അടുത്തുവരുന്നതുകണ്ട്, ധൈര്യം സംഭരിച്ചു നിന്ന ചെറുപ്പക്കാരും ദൂരേക്ക് ഓടി മാറി. തെയ്യത്തെ കാമറമിഴിയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഫ്രെയിമുകള്‍ ചേരാത്തതില്‍ സ്വയം പഴിച്ച് വേലിക്കരികിരികിലേക്ക് മാറിനിന്നു.

ഐതിഹ്യങ്ങളെ ഓര്‍മ്മപ്പെടുത്തും വിധം മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ അങ്കപ്പുറപ്പാടായി പിന്നെ. ആയുധങ്ങള്‍ മാറിമാറി ഉപയോഗിച്ച് പലതരം അങ്കച്ചുവടുകളാല്‍ തെയ്യം അവിടം വീണ്ടുമൊരു യുദ്ധഭൂമിയാക്കി. മുക്കാല്‍ മണിക്കൂര്‍ നീണ്ട യുദ്ധം ഒടുവില്‍ മൂന്നു വട്ടം തൃക്കണ്യാവപ്പാ എന്ന വിളിയോടെ അവസാനിച്ചു.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ പുരാവൃത്തവും പടപ്പുറപ്പാടിനെ ചുറ്റിപ്പറ്റിയാണ്. തൃക്കണ്യാവിലെത്തിയ ചാമുണ്ഡിയുടെ സാന്നിദ്ധ്യം എടമന തന്ത്രിക്ക് രസിച്ചില്ല. എന്നാല്‍ ഇളയപുരത്ത് തന്ത്രി നിഷേധിച്ചില്ല. ഇതില്‍ കലിപൂണ്ട എടമന തന്ത്രി ചാമുണ്ഡിയെ ചെമ്പുകുടത്തില്‍ ആവാഹിച്ച് ഭൂമിയില്‍ കുഴിച്ചിട്ടു. പക്ഷേ തിരിച്ചു വീട്ടിലെത്തും മുന്‍പേ ഇടിനാദം കേള്‍ക്കുകയും ആ ശബ്ദത്തിന്റെ മൂര്‍ച്ചയില്‍ ഉഗ്രമായൊരു വാളുണ്ടാകുകയും, ആ കുഴിയില്‍നിന്ന് മൂന്ന് വാളുകള്‍ ഉയരുകയുംചെയ്തു. മൂന്ന് ആള് ആഴമുള്ള കുഴിയില്‍ നിന്ന് മൂന്ന് വാളുയര്‍ന്നതിനാലാണത്രെ മൂവാളംകുഴി ചാമുണ്ഡി എന്ന പേരു വന്നത്. ചാമുണ്ഡിയുടെ കോപത്തില്‍നിന്ന് രക്ഷപ്പെടാന്‍ എടമന തന്ത്രി തൃക്കണ്യാവപ്പന്റെ സന്നിധിയിലെത്തി അഭയം തേടുകയും ദേവതയുടെ ശക്തി മനസ്സിലാക്കിയ തൃക്കണ്യാവപ്പന്‍ പെരുദേവതാ സ്ഥാനം കല്‍പ്പിച്ച് മൂവാളംകുഴി ചാമുണ്ഡിക്ക് ആരൂഢം നല്‍കിയെന്നുമാണ് ഐതിഹ്യം.
മൂവാളംകുഴി ചാമുണ്ഡി കുറി കൊടുക്കുന്നതിനിടയിലാണ് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാടറിയിച്ച് ചെണ്ടയുടെ പെരുക്കങ്ങള്‍ തുടങ്ങിയത്. കുട്ടികളുടെ ഒരു ആഘോഷമാണ് ഗുളികന്‍ തെയ്യം. കൂക്കിവിളികളാല്‍ കളിയാക്കുന്ന കുട്ടികളെ ഗുളികന്‍ ഓടിക്കും. അവര്‍ക്ക് അത് ഒരു വിനോദം പോലെയാണ്. ചൂട്ട്കറ്റയുമായി കുട്ടികള്‍ക്കടുത്തെത്തുന്ന തെയ്യം അവര്‍ക്കു മുന്നില്‍ ചൂട്ട് കൊണ്ട് കുത്തും. വേദനിപ്പിക്കില്ല. ഗുളികന്‍ കുട്ടികളെ നോക്കുംപോലെ എന്ന ഒരു ചൊല്ലു തന്നെയുണ്ട് മലബാറില്‍.

ശിവന്റെ ഇടം പെരുവിരലില്‍നിന്ന് പൊട്ടിപ്പിളര്‍ന്നുണ്ടായ ദേവതയാണത്രേ ഗുളികന്‍. അര്‍ജ്ജുനനുമായുള്ള യുദ്ധത്തില്‍ ശിവന്റെ തലയ്ക്ക് അടിയേല്‍ക്കുകയും അപ്പോള്‍ തലച്ചില്‍ എന്ന ദേവതയുണ്ടായെന്നാണ് ഗുളികന്‍ തെയ്യത്തെപ്പറ്റിയുള്ള പുരാസങ്കല്‍പ്പം.
കുട്ടികളുടെ കൂക്കിവിളികള്‍ കേട്ട് ഐതിഹ്യങ്ങളില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ കണ്ടത് തെയ്യത്തറയോട് ചേര്‍ന്നുള്ള ചെമ്പകമരത്തിന്റെ മുകളില്‍ കയറിയിരുന്ന് അട്ടഹസിക്കുന്ന ഗുളികന്‍ തെയ്യത്തെയാണ്. എപ്പോഴാണ് വീണ്ടും ഓടിക്കുകയെന്ന് നോക്കി കുട്ടികള്‍ താഴെയും. പിന്നെ കുറച്ച് നേരം കൂടിയേ തെയ്യ പുറപ്പാട് നീണ്ടുള്ളു. പിന്നീട് ഗുളികന്‍ തെയ്യവും കുറി കൊടുക്കാന്‍ തുടങ്ങി.

തെയ്യം കഴിയാന്‍ നില്‍ക്കാതെ തറവാട്ടില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ചിലമ്പൊലിയുടെ കിലുക്കവും കൂടെ വരുന്നതുപോലെ തോന്നി. ചുറ്റും തെയ്യക്കോലങ്ങള്‍ ഉറഞ്ഞു തുള്ളുന്നതു പോലെയും.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments