പനിപ്പേടി
ഉറക്കത്തില്‍ സ്വപ്നം ഒരു കഥ പറഞ്ഞു. ഒരു വലിയ മരം നിറയെ പൂക്കള്‍. അവയിലധികവും കരയുന്നതു പോലെ കാണപ്പെട്ടു. ചിലത് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതു മുഖം വക്രിച്ചു കാട്ടുന്നതിന് തുല്യമായി മാറുന്നു. പൊടുന്നനെ മരത്തിനു ചുറ്റും ആള്‍ക്കാര്‍ തടിച്ചുകൂടി. പൊടുന്നനെ എന്നു പറഞ്ഞാല്‍ ശരിയാവില്ല.ഒറ്റയ്ക്കും കൂട്ടമായും വന്ന അവര്‍ പെട്ടെന്നു ഒരാള്‍ക്കൂട്ടമായി
മാറുകയായിരുന്നു. അവര്‍ പൂക്കള്‍ പറിക്കാന്‍ ധൃതികൂട്ടി. ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ പൂക്കള്‍ കിട്ടി. അവര്‍ പൂക്കള്‍ കിട്ടാത്തവരെ നോക്കി കളിയാക്കി ചിരിച്ചു. അതുകണ്ടപ്പോള്‍ വാശി തോന്നി മരത്തില്‍ വലിഞ്ഞുകയറി ഒരു കൈക്കുടന്ന നിറയെ പൂക്കള്‍ പറിച്ചു.
പുറത്ത് കാലൊച്ച കേട്ടു. വാതില്‍ തുറന്നു നോക്കി. അതു മഴയായിരുന്നു. കഥ കേള്‍ക്കാന്‍ വന്നതാവും. സ്വപ്നം കഥ തുടര്‍ന്നു. പറിച്ചെടുത്ത പൂക്കള്‍ക്കു കടുംചോരയുടെ നിറമായിരുന്നു. മണത്തു നോക്കി. മണവും ചോരയുടെ തന്നെ. വല്ലാത്ത അസ്വസ്ഥത തോന്നി. ശരീരം നുറുങ്ങുന്ന വേദന. തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചപ്പോള്‍ ആരോ പിന്നില്‍നിന്ന് പിടിച്ചു വലിക്കും പോലെ. ശരീരത്തിനു മീന്‍ചെതുമ്പലിന്റെമണം. നന്നായൊന്നു കുളിക്കണം.
സ്വപ്നത്തെ കൂട്ടുപിടിച്ച് അഞ്ചാം ക്ലാസ്സിലേക്ക് പോയി. അവിടെ കോരംകുണ്ട് നിറയെ വെള്ളമുണ്ടായിരുന്നു. രണ്ടുപാറകള്‍ക്കിടയിലൂടെ നീങ്ങുന്ന ആ തോട്ടില്‍ മുങ്ങികുളിച്ചു. പേടി തോന്നാതിരുന്നില്ല. കോരന്‍ എന്നു പറയുന്ന ഒരാള്‍ മുങ്ങിമരിച്ച ചുഴിയാണ്.പേടി തോന്നാതിരിക്കാന്‍ അഞ്ചാം ക്ലാസ്സിലെ ഇന്ദിര ടീച്ചറുടെ മലയാളം ക്ലാസ്സിനെ ഓര്‍മ്മിച്ചു. അന്നേരം, കൂടെ പഠിച്ച മൂന്നാം ബെഞ്ചില്‍ രണ്ടാമതിരിക്കുന്ന ഷരിഫ് ക്ലാസ്സില്‍ മുള്ളിയത് ഓര്‍മ്മവന്നു. അവന്‍ ട്രൗസര്‍ കഴുകാന്‍ വന്നത് ഇവിടെയായിരുന്നു. പത്തൊമ്പതാം വയസ്സിലെ കല്യാണം കഴിച്ച അവന്‍ ഇപ്പോഴും ട്രൗസറില്‍ മുള്ളുന്നുണ്ടാവുമോ ആവോ...?
ഓര്‍ത്തപ്പോള്‍ ചിരിവന്നു. വസ്ത്രങ്ങള്‍ പിടിച്ചു, മടിയോടെ തോട്ടിന്‍കരയില്‍ ഇരുന്ന സ്വപ്നത്തിനും ചിരിപൊട്ടി. അതിനിടയില്‍ എപ്പോഴോ കോരംകുണ്ട് തിളച്ചു മറിയാന്‍ തുടങ്ങി. കാവടിക്കാര്‍ നേര്‍ച്ചയപ്പം ഉണ്ടാക്കാനൊരുക്കുന്ന തിളച്ച എണ്ണയുടെ ചൂടായി അവിടം. മീനുകള്‍ ചൊറികുത്താനും തുടങ്ങി. ചൂട് സഹിക്കാതായപ്പോള്‍ കുളിച്ചു കയറി. തോര്‍ത്താതെ വാടകവീട്ടിലേക്ക് നടന്നു.
അവിടെയെത്തിയപ്പോള്‍ മഴയെ കണ്ടില്ല. കാത്തിരുന്നു മുഷിഞ്ഞു പോയതാകണം. വന്നപാടെ കിടന്നു. ദേഹം നന്നായി ചൂടെടുക്കുന്നു. നെറ്റിയില്‍ ആരോ കമ്പികൊണ്ടു കുത്തുന്നത് പോലെ. ശരീരം വല്ലാതെ വിറയ്ക്കുന്നു. തൊട്ടടുത്ത വീട്ടിലെ ടീച്ചര്‍ കഞ്ഞികൊണ്ടുവന്നു. കൂട്ടാനായി അച്ചാറും പപ്പടവും. പപ്പടം കണ്ടപ്പോള്‍ നേരത്തെ പറിച്ചെടുത്ത പൂക്കള്‍ ഓര്‍മ്മവന്നു. ഓക്കാനിക്കാന്‍ തുടങ്ങി.
തൊട്ടടുത്ത് സുഹൃത്തു സുഖമായി കിടന്നുറങ്ങുന്നു. വല്ലാത്ത ദാഹം. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. തുപ്പലിറക്കി ദാഹം മാറ്റാന്‍ നോക്കി. അതിനു കയ്പായിരുന്നു. കാര്‍ക്കിച്ചു തുപ്പി. ഇതു കണ്ടു ആകാശത്തുനിന്ന് ഒരു നക്ഷത്രം പാതി തുറന്ന ജനലിലൂടെ എത്തിനോക്കി കളിയാക്കിച്ചിരിച്ചു. ആ നിസ്സഹായാവസ്ഥയിലും നക്ഷത്രത്തോടു വല്ലാത്ത ദേഷ്യം തോന്നി. പൂച്ചയെ ഓടിക്കാന്‍ ഉണ്ടാക്കിയ പുളിമരത്തിന്റെ വടി രണ്ടായി ഒടിച്ചു; നക്ഷത്രത്തെ ലാക്കാക്കി എറിഞ്ഞു. ഞെട്ടെറ്റ് രണ്ടു നക്ഷത്രങ്ങള്‍ ചത്തുവീണു. ഗോവിന്ദേട്ടന്റെ പീടികയ്ക്ക് മുമ്പിലെ മാവില്‍ കല്ലെറിയുമ്പോള്‍ കേട്ടചീത്ത വെറുതെയായില്ലെന്നു അന്നേരം തോന്നി. വേദനയും അസ്വസ്ഥതയും കൂടിക്കൂടി വന്നു. കോരംകുണ്ടിലെ മീനുകള്‍ ശാസംകിട്ടാതെ പിടയുന്നത് കണ്ണില്‍ തെളിഞ്ഞു.
മൊബൈലിനെ വേദനിപ്പിക്കാതെ നമ്പര്‍ ഞെക്കി. എന്നാല്‍ നാട്ടില്‍ പോകൂ.റസ്റ്റ് എടുക്കൂ. മറുപടി പറയാന്‍ നില്‍ക്കാതെ മൊബൈലിന്റെ കഴുത്തില്‍ കയ്യമര്ത്തി.
വൈകുന്നേരം മാവേലി എക്സ്പ്രസ്സില്‍ നാട്ടിലേക്ക് തിരിച്ചു. തത്കാല്‍ എടുത്തതിനാല്‍ ബര്‍ത്ത്കിട്ടി. അപ്പര്‍ബര്‍ത്ത് ആണ് തരപ്പെട്ടത്. ബാഗ് തലയണയാക്കി ഉറക്കത്തെ ശപിച്ചു കിടന്നു. താഴത്തെ ബര്‍ത്തുകളില്‍ ഒരു കുടുംബമാണ്. 50 വയസ്സു തോന്നിക്കുന്ന താടിയുള്ള ആള്‍ അച്ഛനായിരിക്കണം. അയാള്‍ക്ക് എതിര്‍വശത്തുള്ള ബര്‍ത്തില്‍ പതിനഞ്ചുകാരന്‍. തൊട്ടടുത്ത ബര്‍ത്തില്‍ അവന്റെ അമ്മ. അവരെ അവരുടെ പാട്ടിനു വിട്ടു ഉറക്കത്തെ സ്നേഹിക്കാന്‍ ശ്രമിച്ചു.
ഏറെ നേരം കഴിഞ്ഞു കുറേ ആള്‍ക്കാര്‍ ഒരുമിച്ചു സംസാരിക്കുന്നത് കേട്ടാണ് ഗുളിക കഴിക്കാന്‍ എഴുന്നേറ്റത്. അന്നേരം കമ്പാര്‍ടുമെന്റില്‍ ആള്‍ക്കാര്‍ നിറഞ്ഞതായി കാണപ്പെട്ടു. പേര് ഏതെന്നു ഓര്‍മ്മ വരാത്ത ഒരു മൃഗത്തിന്റെ മുഖമുള്ള യുവാവ് പത്രം വായിക്കുന്നുണ്ടായിരുന്നു. കാഴ്ചകള്‍ക്ക് മങ്ങല്‍ വന്നുതുടങ്ങിയപ്പോള്‍ എവിടെയോ കേട്ട നാടന്‍പാട്ട് കൂട്ടിനെത്തി. എതിര്‍വശത്തുള്ള ബര്‍ത്തില്‍ നിന്ന് ഒരു അച്ഛന്‍ അഞ്ചുവയസ്സു തോന്നിക്കുന്ന മകള്‍ക്ക് പാട്ട് പാടികൊടുക്കുകയായിരുന്നു.
മുട്ടോളം കേറിയാലോ ചോണനുറുമ്പ്
തട്ടീട്ടും പോണില്ല മുട്ടീട്ടും പോണില്ല ചോണനുറുമ്പ്
കഴുത്തോളം കയറിയല്ലോ ചോണനുറമ്പ്
അമ്മാവനെ വിളിച്ചല്ലോ ചോണനെ തട്ടാന്‍
അമ്മാവന്‍ വന്നല്ലോ ചോണനെ തട്ടാന്‍
തട്ടീട്ടും പോണില്ല മുട്ടീട്ടും പോണില്ല ചോണനുറമ്പ്
.............................. ...........
തലയോളം കയറിയല്ലോ ചോണനുറമ്പ്
അമ്മയെ വിളിച്ചല്ലോ ചോണനെ തട്ടാന്‍
തട്ടീട്ടും പോയാലോ മുട്ടീട്ടും പോയാലോ ചോണനുറുമ്പ്
അമ്മയുടെ അരികിലേക്കായിരിക്കും ആ കുട്ടിയെയും കൊണ്ടു അയാള്‍ പോകുന്നതെന്ന് തോന്നി. അതുകൊണ്ടാവും അയാള്‍ ആ പാട്ടുതന്നെ കുട്ടിക്ക് പാടികൊടുത്തത്. പാട്ടിന്റെ താളത്തില്‍ കൈകൊട്ടികൊണ്ടിരുന്ന കുട്ടിയെപ്പോഴോ മുഖത്തൊളിപ്പിച്ച ചിരിയോടെ ഉറക്കത്തിലേക്ക് വീണു.
അസ്വസ്ഥതകളുടെ തണുപ്പ് പുതപ്പിനുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ നോക്കുന്നു. അതിനിനിടയിലാണ് താഴത്തെ ബര്‍ത്തിലെ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. അയാള്‍ തൊട്ടടുത്ത കുടുംബക്കാരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. അയാള്‍ അവര്‍ നല്കിയ ചിപ്സ് കൊറിച്ചു കൊണ്ടു താടിക്കാരന്‍ ചേട്ടനുമായി ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.
താടിക്കാരന്‍ ചേട്ടന്റെ അതേയതെ എന്ന സപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍, ഇങ്ങനെയായാല്‍ കാര്യങ്ങള്‍ എല്ലാം കുഴഞ്ഞത് തന്നെ എന്നൊരു മുന്നറിയിപ്പോടെയാണ് അയാള്‍ ഓരോ ചര്‍ച്ചയ്ക്കും തുടക്കമിടുന്നത്. തീവ്രവാദി സായിദിനെ തൂക്കികൊല്ലാന്‍ പാക് സര്‍ക്കാര്‍ തയ്യാറാവാത്തതിലുള്ള ഭവിഷ്യത്തുകളാണ് അയാള്‍ ആദ്യം എടുത്തിട്ടത്. ജോലി ചെയ്യുന്ന വെബ്സൈറ്റില്‍ എല്ലാ ദിവസവും ഈ വാര്‍ത്ത കൊടുക്കേണ്ടി വരുന്നതിനാല്‍ സായിദിനെ തൂക്കിക്കൊല്ലേണ്ടത് തന്നെ എന്നു സമര്‍ഥിക്കാന്‍ തോന്നി. പക്ഷേ അതിനുമുന്‍പേ അയാള്‍ അടുത്ത വിഷയത്തിലേക്ക് ഹൈജമ്പ് ചെയ്തിരുന്നു.
ഇത്തവണ വിഷയം സ്വവര്‍ഗ്ഗ ലൈംഗിക നിയമവിധേയമാക്കുന്നതിനെ കുറിച്ച് ആയിരുന്നു. എവിടെ നിന്നാണ് ഇയാള്‍ ഇത്രയും ആധികാരികമായി കാര്യങ്ങള്‍ പഠിച്ചെടുത്തതെന്ന് ആലോചിക്കുന്നതിനിടയിലാണ് ചാനല്‍ ചര്‍ച്ചയില്‍ പ്രമുഖര്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് കേട്ടത്. ഇങ്ങനെയെങ്കില്‍ കുറ്റക്കാര്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ സര്‍ക്കാര്‍ മടികാണിക്കില്ല. ഒരുതരത്തിലും ഇതു അനുവദിക്കരുത്. ഇതു പാപമാണ് എന്നാണ് എന്റെ പക്ഷം. താടിക്കാരന്‍ ചേട്ടന്റെ അതെയതെ എന്ന മറുപടികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ മകന്റെ ബര്‍ത്തിലേക്ക് യുവാവ് പറിച്ചുനടപ്പെട്ടിരുന്നു.
ഇതിനിടയില്‍ ഒരു കുഞ്ഞിന്റെ കരച്ചിലിലേക്ക് ശ്രദ്ധ പോയതിനാല്‍
ചര്‍ച്ചക്കാരെ വെറുതെ വിടേണ്ടിവന്നു. കരച്ചിലിന് ചെവികൊടുക്കുന്നതിനിടയില്‍ ജനാലയിലൂടെ വെള്ളത്തുള്ളികള്‍ മുഖത്തേക്ക് തെറിച്ചു. അപ്പോഴാണ് മനസ്സിലായത് പുറത്തു നല്ല മഴയാണെന്ന്. ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. രണ്ടു ദിവസമായി നിര്‍ത്താതെ മഴപെയ്യുന്നു. എവിടെയൊക്കെയോ റെയില്‍ പാളങ്ങള്‍ ഒലിച്ചുപോയിരിക്കുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ടെന്നു ആരോ പറയുന്നത് കേട്ടു. മഴ ഓര്‍മ്മയില്‍ കലക്കവെള്ളമായി ഒഴുകാന്‍ തുടങ്ങി.
അവള്‍ ഇപ്പോള്‍ നാട്ടിലായിരിക്കുമോ? അവളുടെ വീട്ടിനടുത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടാവുമോ. വിളിക്കാന്‍ മൊബൈല്‍ എടുത്തെങ്കിലും പിന്നെ വേണ്ടെന്ന് വച്ചു. ജീവിതമെന്ന കലക്കവെള്ളത്തില്‍ തോര്‍ത്തിട്ടാല്‍ കിട്ടുന്ന സ്വര്‍ണനിറമുള്ള കലംകൊത്തി മീനാകുന്നു ഇന്നത്തെ പ്രണയം. കയ്യിലൊതുക്കാന്‍ നോക്കുമ്പോഴേക്കു അതു വഴുതി പോകും എന്നു സ്വയം ഉരുവിട്ടു ബര്‍ത്തിന്റെ അതിരിന് എതിര്‍വശമായി തിരിഞ്ഞുകിടന്നു.
അന്നേരമാണ് അതു കണ്ടത്. പതിനഞ്ചുവയസ്സുകാരന്‍ പയ്യന്‍ മുള്ളില്‍ ഇരിക്കുന്നത് പോലെ.അവന്‍ കൈത്തലം ബര്‍ത്തില്‍ അമര്ത്തി എഴുന്നേല്‍ക്കാന്‍ നോക്കുകയും അതേസമയംഇരിക്കുകയും ചെയ്യുന്നു. അസ്വസ്ഥതകള്‍ ചൊറിയാന്‍ തുടങ്ങിയപ്പോള്‍ പയ്യന്റെ മടിയില്‍ അവന്റെ ഷര്‍ട്ട് മറയാക്കി ചെറുപ്പക്കാരന്റെ കൈകള്‍ പുളയുന്നത് കണ്ടു. അയാളുടെ ഒരു കൈ അവനെ എന്തിനോ പ്രേരിപ്പിക്കുന്നു.
പത്രം വായിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനും അതെയതെ എന്നു പറഞ്ഞു തലകുലുക്കിക്കൊണ്ടിരുന്ന താടിക്കാരനും ഫ്ലാഷ് ബാക്കായപ്പോള്‍ ഓക്കാനിക്കാന്‍ വന്നു. ബര്‍ത്തില്‍ നിന്നിറങ്ങി വാഷ് ബേസിനു നേരെ ഓടി. കയ്പ്പ് രുചിയുള്ള തുപ്പല്‍ വാഷ് ബേസിനില്‍ നിറച്ച് തിരിച്ചുവന്നു. ബാഗില്‍ മുഖമൊളിപ്പിച്ചു കമിഴ്ന്നു കിടന്നു.
നല്ല വിശപ്പ് തോന്നിയപ്പോഴാണ് കണ്ണുതുറന്നത്. ട്രെയിന്‍ എപ്പോഴോ വീണ്ടും ഓടാന്‍ തുടങ്ങിയിരുന്നു. അതിനിടയില്‍ പകല്‍വെളിച്ചം ഏതോ സ്റ്റോപ്പില്‍ നിന്ന് വണ്ടിയില്‍ കയറിപ്പറ്റിയിരുന്നു. പുറത്ത് നോക്കിയപ്പോള്‍ ചുറ്റും പുഴ ഒഴുകുന്നത് പോലെ തോന്നി. കുറച്ചുസമയം കഴിഞ്ഞാണ് കാര്യം മനസ്സിലായത്. ദിവസങ്ങളായി മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ എല്ലായിടവും മഴവെളളം കൊണ്ടു നിറഞ്ഞിരിക്കുന്നു.
ട്രെയിന്‍ കയറ്റാന്‍ വന്ന സുഹൃത്തു വാങ്ങിത്തന്ന ബിസ്ക്കറ്റിനായി ബാഗില്‍ തപ്പി. അതു തണുത്തുകുതിര്‍ന്നുപോയിരുന്നു. ഒന്നുരണ്ടു കഷണം മാത്രമാണ് വിശപ്പടക്കാന്‍ കിട്ടിയത്. വണ്ടി ഓരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും എന്തെങ്കിലുംവാങ്ങാമെന്നു വിചാരിച്ചെങ്കിലും ഒന്നും കിട്ടിയില്ല. തോരാത്ത മഴ കാരണം പ്ലാറ്റ്ഫോമുകളിലെ കടകളൊക്കെ അടച്ചിരുന്നു.
നെറ്റിയില്‍ ഇടയ്ക്കെപ്പോഴു തൊട്ടപ്പോള്‍ കൈപൊള്ളിയതു പോലെ തോന്നി. ചെവിയില്‍ ഏതോ ഒരു ജീവി വട്ടം കറങ്ങുന്നത്പോലെ. മറ്റുബര്‍ത്തുകളില്‍ നിന്നുയരുന്ന ശബ്ദങ്ങള്‍ക്ക് വിലക്ക് നല്‍കി കണ്ണടച്ചു കിടന്നു. അന്നേരം സ്വപ്നം വീണ്ടും തോണ്ടിവിളിച്ചു. വിശക്കുന്നുണ്ടാവും. മിണ്ടാതെ കിടക്കു എന്നു പറഞ്ഞെങ്കിലും കേട്ടില്ല. കഥകള്‍ക്ക് അവസാനമില്ല എന്ന പിറുപിറുക്കലിനിടയില്‍ പറഞ്ഞു: സ്ഥലമെത്തി. എഴുന്നേല്‍ക്കൂ.. ചാടിപിടിച്ചു എഴുന്നേറ്റപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.ചാടിയിറങ്ങിയപ്പോള്‍ വേച്ചുപോയി.
ഓട്ടോ പിടിച്ചു ബസ് സ്റ്റാന്റിലെത്തി. നാട്ടിലേക്കുള്ള ബസ് മുരള്‍ച്ചയോടെ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. സ്റ്റാന്റില്‍ നിന്ന് വാങ്ങിയ പത്രം വായിക്കാന്‍ നിവര്‍ത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു ബാഗില്‍ തിരുകി. ബസ് സീറ്റിന്റെ പിന്നിലെ കമ്പിയില്‍ ഇടയ്ക്കിടെ തലയിടിച്ചു. മരവിപ്പ് പോലെ അനുഭവപ്പെട്ടു. വേദന തോന്നിയില്ല. പുറത്തേക്കു നോക്കിയപ്പോള്‍ പോസ്റ്ററില്‍ നിന്ന് മോഹന്‍ലാലും ദിലീപും ചിരിച്ചു. നൃത്തം ചെയ്യുന്ന കാവ്യ അതിനിടയില്‍ മിന്നിമറഞ്ഞു. കാവ്യയുടെ ചിരി അവളുടേതു പോലെ തോന്നി. പിന്നിലേക്കു നോക്കി കൈവീശി.
നാട്ടിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അച്ചന്റെ താടി വളര്‍ന്നു തുടങ്ങിയിരുന്നു. ഓരോ അരയാല്‍ മരങ്ങളായി രൂപപ്പെടുന്നതു പോലെ. അനിയന്‍ പറയാറുള്ള കുഞ്ഞികണ്ണും കുഞ്ഞിചെവിയും കുഞ്ഞിക്കയുമൊക്കെ കുറച്ചുകൂടി ചെറുതായത്പോലെ. അച്ഛനെ തന്നെ നോക്കിനില്‍ക്കുന്നിടയില്‍ ഓട്ടോ വന്നു. അച്ഛന്‍ കുറച്ചു കഴിഞ്ഞു വരാംഎന്നു പറഞ്ഞു.
വീട്ടിലേക്കുള്ള വഴിയില്‍ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. ഓട്ടോ ഇറങ്ങിയയുടനെ ബാഗ് വാങ്ങി. നെറ്റിയില്‍ കൈവച്ചു. ശരീരം മൊത്തം തണുപ്പ് പടര്‍ന്നു... വന്നയുടനെ കിടക്കാന്‍ നോക്കി. പക്ഷേ അമ്മ കഞ്ഞി വിളമ്പിവച്ചിരുന്നു. കഞ്ഞികുടിച്ചു കിടന്നാല്‍ മതിയെന്ന് പറഞ്ഞു. കഞ്ഞികുടിച്ചു. അപ്പോഴേക്കും സ്വപ്നം കഥപറയുന്നത് നിര്‍ത്തി.
വിസിഡി ഓണാക്കി മുരുകന്‍ കട്ടാക്കടയുടെ രേണുക പ്ലേ ചെയ്തു. കാട്ടാക്കട രേണുക പാടുന്നതിനിടയില്‍, ബാഗില്‍ചുരുട്ടി വച്ച പത്രം നിവര്‍ത്തിക്കൊണ്ട് ഞാന്‍ കസേരയിലേക്ക്ചാഞ്ഞു. ആദ്യം പുറകിലെ പേജ് ആണ് നോക്കിയത്. തലക്കെട്ടുകളില്‍ ഒന്നും കണ്ണുടാക്കാത്തതിനാല്‍ പത്രം നേരെ മറിച്ച് ഒന്നാം പേജിലെത്തി. ഒന്നാം പേജ് മുഴുവന്‍ നനഞ്ഞിരുന്നു. ഉരുള്‍പൊട്ടിയത്പോലെ. കുറേ അക്ഷരങ്ങള്‍ ഒഴുകിനടക്കുന്നത് കണ്ടു. വയനാട്ടില്‍ ഒരു കുടുംബം ഒലിച്ചുപോയി.
