റേഡിയോര്‍മ്മകള്‍













ചെറിയ ആ പെട്ടിയിലിരുന്ന്‌ ആരോ പാടുകയാണെന്നാണ്‌ ആദ്യം വിചാരിച്ചിരുന്നത്‌. തെയ്യപ്പറമ്പുകളിലെ വലിയ സ്റ്റേജുകള്‍പോലും മതിയാകാത്തവര്‍ ഇതിനുള്ളിലിരുന്നെങ്ങനെ നാടകം കളിക്കുന്നുവെന്ന്‌ അദ്‌ഭുതപ്പെട്ടിട്ടുണ്ട്‌. രാവിലത്തെ ആറുമണിയുറക്കത്തെ ഒച്ചയിട്ട്‌ ഉണര്‍ത്തുന്ന സുഭാഷിതത്തെയും പ്രാദേശികവാര്‍ത്തകളെയും ചിലദിവസങ്ങളില്‍ ശപിച്ചിട്ടുമുണ്ട്‌.

പക്ഷേ ഇഷ്‌ടമായിരുന്നുവെന്നും റേഡിയോ കേള്‍ക്കാന്‍. എന്തുചെയ്യുമ്പോഴും ഒപ്പം കൂട്ടാമെന്നതിനാല്‍ കേള്‍ക്കുന്തോറും ആ ഇഷ്‌ടം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.

രാത്രി എട്ടുമണിയായിരുന്നു സ്‌കൂള്‍ കാലയളവിലെ ഏറ്റവും ഇഷ്‌ടപ്പെട്ട സമയം. എട്ട്‌ മണിമുതല്‍ അരമണിക്കൂര്‍ നാടകമുണ്ടാകും. വീട്ടുകാര്‍ക്കും നാടകം കേള്‍ക്കണമെന്നതിനാല്‍ അരമണിക്കൂര്‍ പഠനത്തിന്‌ ഇടവേള കിട്ടുമെന്നതു തന്നെയാണ്‌ ഇഷ്‌ടത്തിനു പിന്നില്‍.

'കണ്ടതും കേട്ടതും' കേള്‍ക്കാനും ഇടവേളകളുണ്ട്‌. ടെലിവിഷനിലെ ആക്ഷേപരിപാടികള്‍ക്കൊന്നും കണ്ടതും കേട്ടതിനുമൊപ്പമെത്താനായില്ലെന്നോര്‍ക്കുമ്പോള്‍ അത്‌ വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു.

വര്‍ഷംതോറും നടത്തുന്ന റോഡിയോ നാടകോത്സവങ്ങള്‍ കളിയാട്ടം പോലെയായിരുന്നു. നേരത്തെ രാത്രിഭക്ഷണം കഴിച്ച്‌ റേഡിയോ നാടകങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ഇന്നെന്തെ സമയം പോകന്നേയില്ലല്ലോയെന്ന്‌ ആത്മഗതം ഉച്ചത്തിലാകും. നാടകം ഒരു ഹരമായതിനു കാരണക്കാരനും റേഡിയോയായിരുന്നു. ശബ്‌ദങ്ങളിലൂടെ മാത്രം പരിചയിച്ച നാടകനടന്‍മാര്‍ ഉറക്കത്തിലൊപ്പം വന്ന്‌ പുലരുവോളം നാടകം കളിക്കുമായിരുന്നു. വീട്ടില്‍ നിന്നും സ്‌കൂളിലോട്ടും തിരിച്ചുമുള്ള യാത്രകളില്‍ ഒറ്റയ്‌ക്കാകുമ്പോള്‍ ഓര്‍മ്മയില്‍ നാടകം പലകുറി അരങ്ങേറും.

സമയം നോക്കാനറിയാത്തവര്‍ക്കും കണ്ണുകാണാത്തവര്‍ക്കും യുവവാണിയും വയലുംവീടും യഥാസമയം സമയമെത്രയായെന്നു പറഞ്ഞുകൊടുത്തു. രാമചന്ദ്രേട്ടനും വെണ്‍മണി വിഷ്‌ണുവേട്ടനും പ്രതാപേട്ടനും , സുഷമചേച്ചിയും , ഗോപേട്ടനും പറയുന്നത്‌ കേള്‍ക്കുമ്പോള്‍ അറിയാതെ മന:പാഠമാകുന്നതിനാല്‍ പത്രംവായിക്കാത്തവര്‍ ആരൊക്കെയെന്ന സ്‌കൂള്‍ടീച്ചറുടെ ചോദ്യത്തിനുമുന്നില്‍ മിക്കപ്പോഴും എഴുന്നേല്‍ക്കേണ്ടി വരാറില്ല.

ചേലയില്‍ തിരിയുന്ന ടേപ്പ്‌ റിക്കാര്‍ഡര്‍ ഇല്ലാതിരുന്നിട്ടും യുവജനോത്സവത്തിന്‌ മിമിക്രിയില്‍ ഒരുകൈനോക്കൂവെന്ന്‌ പറഞ്ഞു ധൈര്യം തന്നത്‌ 'യം ആകാശവാണിയാം ,സമ്പ്രദി വാര്‍ത്താഹാ സൂയംഗ്‌താം പ്രവാചകേന ലക്ഷ്‌മീകാനന്ദ ബലദേവാനന്ദ സാഗരഹ'യാണ്‌. പ്രാദേശികവാര്‍ത്തകള്‍ക്കു ശേഷമുള്ള സംസ്‌കൃതവാര്‍ത്ത മുടങ്ങാതെ കേട്ട്‌ അവതരിപ്പിച്ചതിനാല്‍ സമ്മാനം കിട്ടിയില്ലെങ്കിലും നന്നായിരുന്നുവെന്ന്‌ പറയിപ്പിക്കാനായി. 'പതുക്കെ പതുക്കെ പാടൂ കുട്ടി, എങ്കിലല്ലേ ഭാവം വരു'വെന്ന്‌ സ്‌നേഹത്തോടെ പലവുരു ശാസിക്കുന്ന എം ജി രാധാകൃഷ്‌ണേട്ടനും പഠിപ്പിച്ചുതന്ന ലളിതാഗാനങ്ങളായിരുന്നല്ലോ പലരും യുവജനോത്സവത്തില്‍ പാടിയിരുന്നത്‌.

വേനലവധിക്കാലത്ത്‌ ഉച്ചയുറക്കങ്ങള്‍ക്ക്‌ താരാട്ടുപാട്ടുപാടാന്‍ പ്രധാനവാര്‍ത്തകള്‍ കഴിയുന്നതും കാത്ത്‌ യേശുദാസും സുശീലയും ഉദയഭാനുവും കെ എസ്‌ ചിത്രയുമൊക്കെ റേഡിയോയില്‍ ക്യൂനില്‍ക്കും. രണ്ടുമണിയാകുമ്പോള്‍ പാട്ടുനിര്‍ത്തുമ്പോള്‍ ഉച്ചമയക്കം അവസാനിപ്പിക്കേണ്ടിവരുന്നതിനാല്‍ പറമ്പില്‍ പണിയെടുക്കാന്‍ വരുന്നവര്‍ അവരോടു പരിഭവിക്കും. പക്ഷേ പിറ്റേദിവസം വീണ്ടും പണിക്കാര്‍ അവരോട്‌ ഇഷ്‌ടം കൂടും. ഉച്ചമയക്കം കഴിഞ്ഞ്‌ 'പോക്കുവെള്ളം' കുടിച്ച്‌ വീണ്ടും പറമ്പിലേക്കിറങ്ങുമ്പോള്‍ പണിക്കാര്‍ റേഡിയോ പാട്ടുകള്‍ മൂളിക്കൊണ്ടിരിക്കും.

ഞായറാഴ്‌ചകളില്‍ വൈകുന്നേരത്തെ കുളി നേരത്തെ കഴിയും. മൂന്നുമണിക്കുള്ള ചലച്ചിത്രശബ്‌ദരേഖ കേള്‍ക്കാനായിരുന്നുവത്‌. ഒച്ചയുണ്ടാക്കാതെ ശബ്‌ദരേഖ കേള്‍ക്കാനിരിക്കുന്നവരുടെ ഉള്ളില്‍ മോഹന്‍ലാലും മമ്മൂട്ടിയും, സുരേഷ്‌ ഗോപിയും ശോഭനയും പാര്‍വതിയും ചിലപ്പോള്‍ നസീറും തിക്കുറുശ്ശിയുമൊക്കെ രണ്ടുമണിക്കൂര്‍ സിനിമ ഒരുമണിക്കൂര്‍ കൊണ്ട്‌ അഭിനയിച്ച്‌ തീര്‍ക്കും. ഈ സിനിമ നമ്മുടെ കഥയാണെന്നും എന്നാലും ഓള്‌ ഓനോട്‌ അങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്നും വീട്ടുകാരെ ഉപേക്ഷിച്ച ഓനെ സമ്മതിക്കണമെന്നും ചക്കക്കുരു വേവിച്ചത്‌ തേങ്ങാപ്പൂളിനൊപ്പം തിന്നുകൊണ്ട്‌ എല്ലാവരും മൂക്കത്തുവിരല്‍ വച്ചുപറയുമ്പോളേ സിനിമ യഥാര്‍ഥത്തില്‍ അവസാനിക്കുമായിരുന്നുള്ളൂ.

ഇങ്ങനെ എത്രഎണ്ണിപ്പറഞ്ഞാലാണ്‌ റേഡിയോര്‍മ്മകള്‍ തീരുക? അതങ്ങ്‌ മിണ്ടിക്കൊണ്ടേയിരിക്കും; പഠിക്കുമ്പോഴും ജോലിചെയ്യുമ്പോഴുമെല്ലാം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments