പണ്ടുപണ്ട് ഒരിടത്ത്...
അപ്പുവേട്ടന്റെ പാറക്കത്തെ പറങ്കിമാവിന്‍തോട്ടത്തില്‍ തൂങ്ങിച്ചത്തതിന്റെ അഞ്ചാം മിനിറ്റ് ആണ് അവര്‍ക്കു മരണത്തിലേയ്ക്ക് ബോധം വീണത്. കണ്ണു തുറക്കുമ്പോള്‍ ഇരുവര്‍ക്കും അനുഭവപ്പെട്ടത് ഒരു തരം നീറ്റലായിരുന്നു. നീറ്റല്‍വകവയ്ക്കാതെ കണ്ണുതുറന്നപ്പോള്‍ കണ്ട കാര്യങ്ങള്‍ അവരെ അദ്ഭുതപ്പെടുത്തി. തൂങ്ങിച്ചാവാന്‍ അവന്‍ മുണ്ടും അവള്‍ ഷാളും കെട്ടിയ പറങ്കിമാവു പൂത്തിരിക്കുന്നു. നിറയെ പറങ്കിമാങ്ങകള്‍. ചുറ്റും പറങ്കിമാവിന്റെ ചപ്പിലകള്‍ ആരോ കൂട്ടിയിട്ടു തീ കത്തിച്ചിരിക്കുന്നു. തീ ആളിപടരുന്നുണ്ടെങ്കിലും അവര്‍ക്കു ചൂടേല്‍ക്കുന്നുണ്ടായിരുന്നില്ല. പറങ്കി മാങ്ങകള്‍ കരിയുന്നുണ്ടായിരുന്നില്ല. തീകളില്‍ പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്‍ മാത്രം അവരെ നാക്ക് കാട്ടി പേടിപ്പിച്ചു.
അവള്‍ അവനെ നോക്കി ചിരിച്ചു. അവന്‍ അതു കണ്ടില്ല. അവന്‍ എന്തോ ആലോചിക്കുകയായിരുന്നു. തീയുടെ സ്വര്‍ണനിറത്തില്‍ തിളങ്ങിയപ്പോള്‍ സുന്ദരനായി തോന്നിയ അവനെ അവള്‍ക്കു ചുംബിക്കാന്‍ തോന്നി. തുടവരെ തീയെത്തിയിട്ടും അവന്‍ കരയാത്തതില്‍ അവള്‍ക്കു അഭിമാനം തോന്നി. അവന്‍ ധീരനാണെന്നു അന്നു ആദ്യമായി അവള്‍ക്ക് തോന്നി. അതു ലോകത്തോട് വിളിച്ചു പറയണമെന്ന് കരുതി അവള്‍ വായ തുറന്നപ്പോള്‍ നരിമടയില്‍ നിന്ന് കുറുക്കന്മാര്‍ ഒരിയിടുന്നത് കേട്ടു വേണ്ടെന്ന് വച്ചു.
കുറുക്കന്മാരെ പേടിയായിരുന്നു ചെറുപ്പംമുതലേ അവള്‍ക്കു. അമ്മമ്മയാണ് കുറുക്കന്‍മാര്‍ക്ക് വില്ലന്‍പരിവേഷം നല്‍കിയത്. ഉറങ്ങുമ്പോള്‍ വേണ്ടാതീനം തോന്നിയാല്‍ നരിമടയിലെ കുറക്കന്‍മാര്‍ വന്നു പെണ്‍കുട്ടികളെ കട്ടിലോടെ കൊണ്ടുപോകും. എന്നിട്ട് കുറുക്കന്‍മാരുടെ രാജാവിന്റെ മുന്‍പില്‍ കൊണ്ടുവച്ചു ഉച്ചത്തില്‍ ഓരിയിടും. പെണ്‍കുട്ടി പേടിച്ചു കരയുമ്പോള്‍ ശബ്ദം കുറുക്കന്‍മാരുടെ ഒരിയിടുന്നതിനു തുല്യമാണെങ്കില്‍ അവള്‍ കന്യകയല്ലെന്നു രാജാവ് തീര്‍ച്ചപ്പെടുത്തും. പെണ്‍കുട്ടിയെ നരിമാളത്തില്‍ വച്ചു കുറുക്കന്മാര്‍ വലിച്ചു കീറും. മറിച്ചാണെങ്കില്‍ കുറേ സമ്മാനങ്ങളും നല്‍കി തിരികെ വീട്ടിലെത്തിക്കും . -താന്‍ കന്യകയാണെന്ന് ഉറപ്പുണ്ടായിരുന്നിട്ടും അമ്മമ്മ പറഞ്ഞ കഥകള്‍ അവളെ പേടിപ്പെടുത്തി.
ടിവിയിലെ ഫോണ്‍ ഇന്‍ പ്രോഗ്രാം അവതാരകരുടെ കൊഞ്ചിക്കുഴയലുകളും കുറുക്കന്‍മാരുടെ ഒരിയിടലുകള്‍ പോലെയാണ് അവള്‍ക്ക് അനുഭവപ്പെട്ടത് . അവര്‍ ജോസ് പ്രകാശിനെയാണ് പലപ്പോഴും പെരുമാറുന്നതെന്ന് അവള്‍ വിശ്വസിച്ചു. എത്രനന്നായി ഷാള്‍ പുതച്ചാലും അവരുടെ കുറുക്കന്‍ കണ്ണുകള്‍ മാറിടത്തിന്റെ വിടവ് കണ്ടെത്തുമെന്ന് അവള്‍ ഭയന്നു.
പാറയില്‍ ആത്മഹത്യ ചെയ്തവരുടെ പ്രേതങ്ങളുടെ നിലവിളിയായിട്ടാണ് അവനു കുറുക്കന്മാരുടെ ഓരിയിടല്‍ തോന്നിയത്. നരിമാളത്തില്‍ പ്രേതങ്ങള്‍ കൂട്ടത്തോടെ താമസിക്കുന്നുവെന്ന് അവന്‍ വിശ്വസിച്ചിരുന്നു. അതിനു കുറേ തെളിവുകളും കണ്ടെത്തിയിരുന്നു. പാറക്കു ക്രിക്കറ്റ് കളിക്കുമ്പോള്‍ നരിമാളത്തില്‍ കാണാതാകുന്ന ബോളുകള്‍ എത്രതിരഞ്ഞാലും കിട്ടാത്തത് അവ പ്രേതങ്ങള്‍ ഒളിപ്പിക്കുന്നത് കൊണ്ടാ ണെന്നാണ് അവന്‍ കരുതുന്നത്. അവര്‍ക്കു കുടിക്കാന്‍ വേണ്ടിയാണത്രെ പാറക്കത്തെ കിണറ്റില്‍ എത്രകൊടിയ വേനലിലും വെള്ളം വറ്റാത്തത് . വെള്ളത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ അവനു ദാഹം തോന്നി.
എത്തിവലിഞ്ഞു ചുവപ്പു നിറത്തിലുള്ള ഒരു പറങ്കിമാങ്ങ പറിച്ചു.പറങ്കിമാങ്ങ തിന്നുമ്പോള്‍ പാറക്കത്തെ തങ്കമണിയുടെ വാറ്റുചാരായത്തിന്റെ ചവര്‍പ്പും എരിവും നാവില്‍ വന്നു.
ഒരാഴ്ച മാത്രം ആയുസ്സുള്ള പ്രണയം വേണ്ടെന്ന് വയ്ക്കാമെന്ന് അവള്‍ പറഞ്ഞതിന്റെ വൈകുന്നേരമാണ് തങ്കമണിയുടെ ചായ്പ്പിലെയ്ക്ക് പറങ്കിമാങ്ങ കൊണ്ടു വാറ്റിയ ചാരായം തേടി ചെന്നത്. കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന ഷൈജുവേട്ടനും പൊട്ടന്‍തെയ്യം കെട്ടാറുള്ള സുനിയേട്ടനുമാണ് ഒപ്പം വന്നത്.
പറങ്കിമാങ്ങയ്ക്കൊപ്പം മണ്ണിരയും ചേര്‍ത്താണ് തങ്കമണി ചാരായം വാറ്റാറുള്ളത്. അതിനാല്‍ ചാരായത്തിനു എരിവും കടുപ്പവും കൂടും. തൊണ്ടയിലൂടെ അതു ഒഴിക്കുമ്പോള്‍ ചിലയിടങ്ങളില്‍ പൊള്ളുന്നുണ്ടായിരുന്നു.വെള്ളമൊഴിച്ച് നേര്‍പ്പിച്ചു കഴിച്ചാല്‍ മതിയെന്ന് സുനിയേട്ടന്‍ പറഞ്ഞപ്പോള്‍ അവള്‍ തൊണ്ടയില്‍ നിന്നു തേട്ടി.
പാടിച്ചാലെ അയ്യപ്പക്ഷേത്രത്തിനും ചന്ദ്രേട്ടന്റെ പൂജപ്പീടികയ്ക്കും ഇടയിലെ നടപ്പാതയിലൂടെ അവന്‍ നടന്നപ്പോള്‍ അവളും ഒപ്പം ചേര്‍ന്നു. കോളേജില്‍ പോകാന്‍ നേരത്തെ ഇറങ്ങിയതിനു അമ്മ ചീത്തപറഞ്ഞു- അതു പറയുമ്പോള്‍ അവനു തൊണ്ടയിടറുന്നുണ്ടായിരുന്നു. എപ്പോഴെന്നും നിന്നെ കാണാന്‍ എനിക്ക് പറ്റിയെന്നു വരില്ല-അവന്‍ തുടര്‍ന്നപ്പോള്‍ അവള്‍ക്കു മൂത്രമൊഴിക്കാന്‍ മുട്ടി. അവന്‍ വിയര്‍ക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ അവള്‍ക്കു കരച്ചിലാണ് വന്നത്. യൂത്ത്ഫെസ്റ്റിവലിന് സ്കൂളില്‍ നാടകം പഠിപ്പിക്കാന്‍ വന്ന ആളും അവനും ഒരാളല്ലെന്നു അവള്‍ക്കു അന്നേരം തോന്നി. ഈസ്റ്റ് കോസ്റ്റ് വിജയനെ പകര്‍ത്തിയതാവും അവന്‍ എഴുതിയ കത്തുകളില്‍ അധികവും. അവന്‍ കുറുക്കന്മാരെ പോലെ ഒരിയിട്ടിരുന്നുവെങ്കിലെന്നു അവള്‍ ആഗ്രഹിച്ചു.
ഗോപിയേട്ടന്റെ തുണിക്കടയിലെ സെയില്‍സ്മാന്‍ സുമേഷേട്ടന്‍ പഠിപ്പിച്ചതൊക്കെ മറന്നു പോയിരുന്നു അവളെ കണ്ടപ്പോള്‍. ആദ്യം ഒന്നു ബലം പിടിക്കണമെന്ന് പറഞ്ഞിരുന്നു.പിന്നെ അറിയാത്തെ പോലെ അവളുടെ കയ്യില്‍ പിടിക്കണമെന്നും . കയ്യില്‍പിടിക്കാന്‍ അവള്‍ സമ്മതിച്ചാല്‍ പിന്നെ ബാക്കിയെല്ലാം ഓക്കേയാണെന്ന് സുമേഷേട്ടന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. പക്ഷേ ഒന്നിനും കഴിഞ്ഞില്ല. അവള്‍ക്കൊപ്പം നടന്നപ്പോള്‍ വയറില്‍ ഒരു കടല്‍ രൂപം കൊള്ളൂന്നതായി അനുഭവപ്പെട്ടു. ചുണ്ടുകള്‍ പരസ്പരം മുട്ടാതെ കെറുവിച്ചു.
ഒമ്പതാം ക്ലാസ്സുകാരിയാണെങ്കിലും അവള്‍ ഡിഗ്രീ രണ്ടാംവര്‍ഷക്കാരനായ തന്നേക്കാള്‍ മുതിര്‍ന്നവയാളേ പോലെ പെരുമാറുന്നതായി അവന്‍ സംശയിച്ചു. അവളുടെ ക്ലാസ്സിലെ കുട്ടികളെ നാടകം പഠിപ്പിക്കാന്‍ പോകേണ്ടിയിരുന്നില്ല. ജീവിതം ഒരു നാടകമാണെന്ന് പറഞ്ഞ ഷേക്സ്പിയറിനെ കണ്ടാല്‍നാലു വര്‍ത്തമാനം പറയണമെന്ന് മനസ്സിലുറപ്പിച്ചു. അവളോടു പിന്നെ കാണാമെന്നു എങ്ങനെയൊക്കെയൊ പറഞ്ഞൊപ്പിച്ചു അവിടെ നിന്ന് മുങ്ങി.
ഉച്ചക്ക് ക്ലാസ്സും കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ പെരിങ്ങോത്ത് നിന്നാണ്, അവളുടെ കൂടെ പഠിക്കുന്ന സുരേഷ് ബസില്‍ കയറിയത്. ഒരു കാര്യം പറയാനുണ്ട്, അവളെ കുറിച്ചാണ് ..സുരേഷ് പറഞ്ഞപ്പോള്‍ വയറിനുള്ളിലെ കടല്‍ ചൊടിച്ചു. സ്വകാര്യമായി സംസാരിക്കാന്‍ പാടിച്ചാല്‍ വരെ കാത്തിരിക്കേണ്ടി വന്നു. ബസ് ഇറങ്ങിയ പാടേ സുരേഷിനെയും കൊണ്ടു വായനശാലയിലേയ്ക്ക് നടന്നു. ''അമ്മയെ പേടിയുള്ളവന്‍ എന്നെ എങ്ങനെയാ നോക്കുക- അവള്‍ എല്ലാരെയും മുന്നില്‍വച്ചാണ് പറഞ്ഞത്. അവളോട് ദേഷ്യം തോന്നരുതെന്നു പറയാന്‍ പറഞ്ഞിരുന്നു.''-സുരേഷ് പറഞ്ഞു .
തങ്കമണിയുടെ ചായ്പ്പിലെ ചുമ്മിനിക്കൂടിന്റെ വെളിച്ചത്തില്‍ വാറ്റു ചാരായത്തിന്റെ രണ്ടാമത്തെ കുപ്പിയുടെ അടപ്പ് ഊരുമ്പോള്‍ സുനിയേട്ടന്‍ പൊട്ടന്‍തെയ്യത്തിന്റെ തോറ്റംപാട്ടു ചെറിയ ശബ്ദത്തില്‍ മൂളി. ഷൈജുവേട്ടന്‍ കുപ്പിഗ്ലാസ് കൂട്ടിമുട്ടിച്ചു താളമിട്ടു. തങ്കമണിച്ചേച്ചി ഒരു സ്റ്റീല്‍പാത്രത്തില്‍ മൂന്നു കഷണം മീന്‍ പൊരിച്ചത് കൊണ്ടുവച്ചു.
വെളിയില്‍ ആരോ ഉച്ചത്തില്‍ ചീത്തവിളിക്കുന്നത് കേട്ടു. ആസമയം പാറക്കു ആകെയുള്ള നാലോ അഞ്ചോ വീടുകളില്‍ നിന്ന് ചുമ്മിനിക്കൂടുകള്‍ പുറത്തുവരികയും അതേവേഗത്തില്‍ അകത്തേക്ക് പോകുകയും ചെയ്തു. ചീത്ത പറയുന്നത് വലിയാളപ്പു കുമാരേട്ടന്‍ തന്നെയെന്നു ചില ചായ്പ്പുകള്‍ പിറുപിറുത്തു.
"കുമാരേട്ടന്റെ ഭാര്യ ശാന്തേട്ടിക്കു ക്യാന്‍സര്‍ വന്നു ആശുപത്രിയിലായിരുന്നപ്പോ കുടിയൊന്നു കുറഞ്ഞിനി. പിന്നെ ശാന്തേട്ടി ചത്തതിന്റെ മൂന്നാംനാളാണ് വീണ്ടും തുടങ്ങിയത്. മക്കള്‍ ബിളിച്ചെങ്കിലും അവരെ ഒപ്പരം പോയിറ്റ. വെളിവില്ലാതെ കുടിച്ചു ചെന്ന് ഇരുട്ടിലേക്ക് നോക്കി ശാന്ത കഞ്ഞിവിളമ്പണെയെന്നു പറഞ്ഞു നായിയോടും പൂച്ചയോടും കലമ്പു കൂടലാന്നു ഇപ്പളത്തെ പണി": ഷൈജുവേട്ടന്‍ കുമാരേട്ടന്റെ ജീവചരിത്രകാരനായപ്പോള്‍ ഒരു മീന്‍കഷണം വയറ്റിലെത്തിയിരുന്നു.
അവന്‍ മൂക്ക്പിടിച്ചു നാലാമത്തെ ഗ്ലാസ് ചാരായം വായിലെയ്ക്കൊഴിക്കുമ്പോള്‍ അവളുടെ വയര്‍ കത്താന്‍ തുടങ്ങിയിരുന്നു. ഏട്ടന്‍ മൂത്രമൊഴിച്ചു വളര്‍ത്തിയ മുറ്റത്തെ പറങ്കികളിലൊന്നും ഒഴിയാതെ മീന്‍കറിയില്‍ ഞെരിച്ചിരുന്നു. എരിവു പോരെന്നു തോന്നിയത് കൊണ്ടു ശ്രീധരേട്ടന്റെ പീടികയില്‍ നിന്ന് കൊണ്ടുവന്ന പച്ചമുളകില്‍ പാതിയും കറിയില്‍ ഞെരിച്ചു. മൂത്രക്കടച്ചില്‍ തുടങ്ങിയപ്പോള്‍ പാനിയോടു വായിലേയ്ക്ക് വെള്ളം കമിഴ്ത്തി.
അടുത്ത വീട്ടില്‍ ടി വി കാണാന്‍ പോയാലോ എന്നു വിചാരിച്ചെങ്കിലും വേണ്ടെന്ന് വച്ചു. കാവ്യമാധവന്റെ മുഖചിത്രമുള്ള ആഴ്ചപ്പതിപ്പെടുത്ത് കിടക്കയിലേയ്ക്ക് ചാഞ്ഞു. വിവാഹജീവിതം താറുമാറായ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരുന്നുവെന്ന് ഉള്‍പേജില്‍ വായിച്ചപ്പോള്‍ സന്തോഷം തോന്നി. ഇങ്ങനെയാവണം പെങ്കുട്ടിയായാല്‍. കണ്ടു പിടിക്ക് -തൊട്ടടുത്ത പേജിലെ കണ്ണീര്‍ നായികയെ ഉപദേശിച്ചു വാരിക ചുരുട്ടിയെറിഞ്ഞു ഉറക്കം പിടിച്ചു.
അവള്‍ ഉറക്കാമായപ്പോള്‍ വാരികയിലെ നോവല്‍ കഥാപാത്രങ്ങള്‍ ഓരോന്നായി എഴുന്നേറ്റു. ''ഇവള്‍ക്ക് അഹമ്മതിയാ,ആ പയ്യനെ കടലാസ് ചുരുട്ടി ഏറിയും പോലയല്ലേ കളഞ്ഞത് .ഇപ്പോള്‍ നമ്മളെ ഉപദേശിക്കാന്‍ വന്നിരിക്കുന്നു''- റേറ്റിംഗില്‍ മുന്‍പിലുണ്ടായിരുന്നവര്‍ സീരിയലില്‍ പോയ ഒഴിവില്‍ പുതിയ ദുരന്തനായിക സ്ഥാനം കിട്ടിയ കോളേജ് കുമാരി തൊട്ടടുത്ത പേജിലുള്ള മന:ശാസ്ത്രജ്ഞനോടു പറഞ്ഞു. ''അവളാരാ മാധവികുട്ടിയാ അതോ സാറാ ജോസഫോ ?'' കോളേജ് കുമാരിക്കു ദേഷ്യം അടക്കാനായില്ല. ''ഈ സ്വഭാവം ഇപ്പോഴത്തെ പെണ്‍കുട്ടികളില്‍ സാധാരണയാണ് ,എല്ലാത്തിനോടും ഒരു തരം എതിര്‍പ്പ്.ഇങ്ങനെയായാലെ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്നവര്‍ക്കറിയാം.കരച്ചില്‍ ഒരു കാലത്ത് പ്രതിരോധമായിരുന്നു.എന്നാല്‍ ഇന്ന് അതു അധിനിവേശിക്കപ്പെട്ടിരിക്കുന്നു-'' മന: ശാസ്ത്രജ്ഞന്റെ മറുപടി നായികയ്ക്ക് രസിച്ചില്ല . അവള്‍ കരയാന്‍ തുടങ്ങി. അതുകണ്ടു റേറ്റിംഗില്‍ പിന്നിലുള്ള നായികമാരും കരച്ചിലില്‍ മത്സരിക്കാന്‍ തുടങ്ങിയപ്പോള്‍ വാരിക കുതിര്‍ന്നു. കയ്യില്‍ തണുപ്പ് പടരുന്നത് പോലെ അനുഭവപ്പെട്ടാണ് അവള്‍ ഉറക്കമെഴുന്നേറ്റത്.
അമ്മ വരാന്‍ ഇനിയും ഒരു മണിക്കൂറുണ്ട്. അതുവരയെങ്ങനെ സമയം ചിലവഴിക്കും എന്നു കരുതിയിരിക്കുമ്പോഴാണ് ജനകീയസമിതി സെക്രട്ടറി ഷിബു അച്ഛനെ തിരക്കിയെത്തിയത്. അച്ഛന്‍ സന്ധ്യ കഴിഞ്ഞേ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും , അച്ഛന്‍ ഇപ്പോള്‍ വരും ഷിബുവേട്ട, കേറിയിരിക്ക് എന്നു പറഞ്ഞു അയാള്‍ക്ക് കാപ്പിയെടുക്കാന്‍ അടുക്കളയിലെയ്ക്ക് പോയി. സുഹൃത്തിന്റെ മകളെ തട്ടിക്കൊണ്ട് പോയ യുവാവിനെ കുറിച്ചു തലേദിവസം പത്രത്തില്‍ വായിച്ചത് അയാള്‍ ഓര്‍ത്തെടുക്കുന്നതിനിടയില്‍ അവള്‍ കാപ്പിയുമായി വന്നു.
ഈ സമയം അവന്‍ ആറാമത്തെ ഗ്ലാസ് കാലിയാക്കിയിരുന്നു. ഡസ്ക്കില്‍ തലയിടിച്ചു ചോരയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ചാരായത്തില്‍ കുതിര്‍ന്ന മീന്‍കഷണത്തിനു ജീവന്‍ വച്ചു . ഇതിനകം തന്നെ അവന്റെ വയറു ചൊറിയാന്‍ തുടങ്ങിയ മണ്ണിരകള്‍ക്ക് ബോറടിക്കാന്‍ തുടങ്ങിയപ്പോഴാണ് മീന്‍ കൊടലില്‍ പൊങ്ങിവരുന്നത് കണ്ടത്. അതുകണ്ടപ്പോള്‍ അവര്‍ക്കു ചിരി വന്നു. "ശത്രുക്കളുണ്ടാകുമ്പോഴാണ് ജീവിക്കാന്‍ ഒരു രസം": മണ്ണിരകളില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ മീന്‍ പിറുപിറുത്തു. "മരിക്കാനും". ആദ്യം അമര്‍ഷം തോന്നിയെങ്കിലും പിന്നീട് മീനിനു മണ്ണിരകളോട് സഹതാപം തോന്നി . "സുഹൃത്തെ ആരും ആരുടെയും ശത്രുക്കളല്ല. മറ്റുള്ളവരെ തകര്‍ക്കാന്‍ തുനിയുമ്പോള്‍ ആരും സ്വയം നശിക്കുന്നത് അറിയുന്നില്ല". -മീന്‍ കളിയാക്കുകയാണെന്നു അവര്‍ക്കു തോന്നി. "ഇപ്പോള്‍ ഞങ്ങള്‍ വിചാരിച്ചാല്‍ മതി തിരിച്ചു കിട്ടിയ നിന്റെ ജീവിതം വീണ്ടുമെടുക്കാന്‍" . മണ്ണിരകള്‍ ഭീഷണിമുഴക്കിയപ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും മീന്‍ പറഞ്ഞു: "നിങ്ങള്‍ എന്തു വേണേലും ചെയ്തോളു; പക്ഷേ പിന്നീട് കരയാന്‍ ഇടവരരുത്. നമ്മളെ കുടലില്‍ ഒന്നിപ്പിച്ച കാര്യം തന്നെ നോക്കൂ. വെറും ഒരാഴ്ച മാത്രം ആയുസുള്ള പ്രണയം തകര്‍ന്നതിനാണ് ഇവന്‍ നമ്മളെ വിഴുങ്ങിയത്. ചങ്ങബുഴയോ കീറ്റ്സോ ഇതറിഞ്ഞാല്‍ തല്ലിക്കൊല്ലും"-മീന്‍ സാഹിത്യം പറയുന്നത് കേട്ടു അദ്ഭുതപ്പെട്ടു മണ്ണിരകള്‍ ഒന്നും പറയാനാകാതെ വിമ്മിഷ്ടപ്പോള്‍ അവന്‍ ഊക്കോടെ ഛര്‍ദ്ദിച്ചു.
ഒന്നു മുങ്ങികുളിച്ചുകഴിഞ്ഞാല്‍ വിമ്മിഷ്ടങ്ങള്‍ മാറുമെന്നു കരുതി തോട്ടിലേയ്ക്ക് നടന്നു . തോട്ടിലെത്തുമ്പോള്‍ സുനിയേട്ടന്‍ കുളികഴിഞ്ഞു തോര്‍ത്തുകയായിരുന്നു. തെയ്യക്കാലമായതിനാല്‍ കുറേ നാളായി സുനിയേട്ടനെ കാണാറില്ലെങ്കിലും ഒന്നും പറയാന്‍ നില്‍ക്കാതെ തോട്ടിലേയ്ക്കിറങ്ങി. ഒന്നുമുങ്ങി നിവര്‍ന്നപ്പോള്‍ എന്തോ പറഞ്ഞു ഓടിപ്പോകുന്ന സുനിയേട്ടനെയാണ് കണ്ടത്. കാര്യമെന്തെന്ന് തിരക്കാന്‍ തോന്നിയില്ല.
വയറിന്റെ അത്രയേ കുളിക്കാനിറങ്ങുമ്പോള്‍ വെള്ളമുണ്ടായിരുന്നുള്ളൂ. ഒന്നുകൂടി മുങ്ങിയപ്പോള്‍ തോട്ടില്‍ വെള്ളം പൊങ്ങുന്നതായി അനുഭവപ്പെട്ടു. ഇതെന്തൊരദ്ഭുതം എന്നു വിചാരിക്കെയാണ് തോട്ടിലെ ഒരു മീന്‍ പൊടുന്നനെ വലുതാകുന്നത് കണ്ടത്. പേടിച്ചു വിറച്ചു വെള്ളത്തില്‍ നിന്നു മുങ്ങി നിവരുമ്പോള്‍ ചുറ്റും പേരറിയാവുന്നതും അറിയാത്തതുമായ കുറേ തെയ്യങ്ങള്‍ ചുറ്റും ഉറഞ്ഞുതുള്ളൂന്നുണ്ടായിരുന്നു. അവരുടെ കാലുകള്‍ താഴാതെ വെള്ളത്തിനു മീതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ പേടി തോന്നി. തെയ്യങ്ങള്‍ ഏതോ പ്രാകൃതഭാഷയില്‍ ഉരിയാടുകയാണ്. എത്രശ്രമിച്ചിട്ടും അവര്‍ പറയുന്നത് മനസ്സിലായില്ല. ഇടയ്ക്കെപ്പോഴോ തെയ്യങ്ങള്‍ തോട്ടില്‍ നിന്നു വെള്ളം വായിക്കൊണ്ട് തുപ്പി . തെയ്യങ്ങളുടെ തുപ്പലുകള്‍ കൊണ്ടയിടങ്ങളില്‍ പൊള്ളി .
തോട്ടില്‍ നിന്നു എത്രയും പെട്ടെന്ന് കയറാന്‍ ആഗ്രഹിച്ചെങ്കിലും പറ്റുന്നില്ല. ഓരോ തവണ കയറാനായുമ്പോഴും തോട്ടില്‍ വെള്ളം കൂടികൂടിവന്നു. തെയ്യങ്ങളില്‍ നിന്നു രക്ഷപ്പെടാനെന്നവവണ്ണം മുങ്ങാംകുഴിയിട്ടപ്പോഴാണ് വളര്‍ന്നു വലുതായ മീനിന്റെ വായില്‍പെട്ടത്. അബോധാവസ്ഥയില്‍ ഒരു ഇരുള്‍ഗുഹയിലൂടെ ഒഴുകുന്നത് പോലെ അനുഭവപ്പെട്ടു. മീനിന്റെ വായിലെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ കൊണ്ടു ശരീരത്തിന്റെ ചിലയിടങ്ങളില്‍ മുറിഞ്ഞു. ബോധം വന്നപ്പോള്‍ കൊട്ടാരത്തിനു സമാനമായ വിശാലമായ ഒരു മുറിയില്‍ എത്തിപ്പെട്ടതായി മനസ്സിലായി. അവിടെ മൊത്തം ഒരു വെള്ളിവെളിച്ചം തൂവുന്നുണ്ടാരുന്നു. മുളകള്‍ പരസ്പരം ഉരസുമ്പോള്‍ ഉണ്ടാകുന്നത് പോലെ ഒരു സംഗീതം ഭ്രമിപ്പിച്ചു. ചിലയിടങ്ങളില്‍ രവിവര്‍മ്മചിത്രങ്ങള്‍ തൂക്കിയിട്ടുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളില്‍ കാനായി കുഞ്ഞിരാമന്റെ ചില ശില്‍പ്പങ്ങളും .രവിവര്‍മ്മ ചിത്രങ്ങളെക്കാള്‍ ഇഷ്ടപ്പെട്ടത് കാനായി കുഞ്ഞിരാമന്റെ പ്രതിമകളാണ് . അവ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതീകങ്ങളായിട്ടാണ് തോന്നിയത്.
വെള്ളത്തില്‍ കുതിര്‍ന്നിരുന്ന ശരീരത്ത് ഇളംചൂട് പടരുന്നതെങ്ങനെയെന്നു ആലോചിക്കുന്നതിനിടയാണ് കുറേ പരിചിത മുഖങ്ങളെ അവിടെ കണ്ടെത്തിയത്. ഡിഗ്രിക്ക് കെമിസ്ട്രി മെയിനായെടുത്ത് എപ്പോഴും ലാബിലും പുസ്തകത്തിലും അടയിരുന്നപ്പോള്‍ ജീവിതത്തിന്റെ രസതന്ത്രം തെറ്റി ഞരമ്പ് മുറിച്ചു ആത്മഹത്യചെയ്ത അഞ്ജുവും, നാട്ടില്‍ ആദ്യമായി ഡിഷ് ആന്റിന വാങ്ങി വമ്പു കാട്ടിയ ഗോയിന്ദേട്ടനും , സിനിമ നടന്‍ ജയനായി സ്വയം അവരോധിച്ചു ഭാര്യയെ എടുത്തു ഇടയ്ക്കിടെ കറക്കിയെറിഞ്ഞ ഭ്രാന്തന്‍ ഐസക്കും , മംഗലാപുരത്ത് നേഴ്സിംഗ് പഠിക്കാന്‍ പോയി ന്യുമോണിയ ബാധിച്ച് ചത്ത ബിനിയും, പിന്നെ പേരോര്‍മ്മയില്ലാത്താ ആരൊക്കെയോ.
ഇവരൊക്കെ ഇവിടെയെങ്ങനെയെന്ന് അദ്ഭുതപ്പെടുന്നതിനിടയില്‍ അവര്‍ ഒരേ ശബ്ദത്തില്‍ ചോദിച്ചു: ''അവിടെ എല്ലാര്‍ക്കും സുഖല്ലേ...''അതെയെന്നോ അല്ലെന്നോ പറയേണ്ടത് എന്നു വിചാരിക്കുന്നതിനിടയില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു.''അപ്പ്യക്കെന്ത് സൂക്കേട്-''ശബ്ദത്തിന്റെയുടമയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയില്ല. -കുമാരേട്ടന്‍. -ശാന്തേട്ടിയ്ക്കൊപ്പം കഞ്ഞികുടിക്കുന്നു.
മരിച്ചവര്‍ക്കിടയില്‍ കുമാരേട്ടനെ കണ്ടപ്പോള്‍ ഉത്തരംകിട്ടാത്ത കുസൃതിചോദ്യങ്ങള്‍ ഓര്‍മ്മവന്നു. പേടിവിട്ടുമാറിയില്ലെങ്കിലും കുമാരേട്ടനെ ഒന്നു തൊടാന്‍ തോന്നി. കാലു വേച്ചുപോകാതെ കുമാരേട്ടനടുത്തു എത്താന്‍ ശ്രമിച്ചപ്പോഴേക്കും തോട്ടില്‍ വെള്ളം കുറഞ്ഞിരുന്നു. മുങ്ങിനിവരുമ്പോള്‍ തെയ്യങ്ങളേയും കണ്ടില്ല. കുറച്ചു കുരുത്തോലകള്‍ തോട്ടില്‍ ഒഴികിവരുന്നത് കണ്ടപ്പോള്‍ പെട്ടെന്നു കരയ്ക്ക് കയറി തോര്‍ത്താതെ വീട്ടിലേയ്ക്ക് നടന്നു.
വൈകുന്നേരം ട്യൂഷന് പോയപ്പോഴാണ് അവള്‍ സംഭവം അറിഞ്ഞത്. സുകുമാരേട്ടന്റെ മോള് ധന്യയാണ് പറഞ്ഞത്: "കുമാരേട്ടന്‍ തൂങ്ങിച്ചത്തു.ശാന്തേട്ടിനെ വിളിച്ച് ഇന്നലെയും ചോറ് വിളബാന്‍ പറയുകയും പാത്രങ്ങള്‍ പറമ്പിലേയ്ക്ക് വലിച്ചെറിയുകെയും ചെയ്തിരുന്നോലും -എല്ലാരും പറയുന്നുണ്ട് ."
വീട്ടില്‍ നിന്നു എല്ലാവരും കുമാരേട്ടന്റെ വീട്ടില്‍ പോയിരുന്നു. ഒന്നും ചെയ്യാനില്ലാത്തിനാല്‍ വരാന്തയുടെ ഉമ്മറപ്പടിയില്‍ അവനെയും കാത്തിരുന്നു. ഏഴുമണിക്കാണ് അവന്‍ അതുവഴിപോകാറുള്ളത് . രാത്രി പത്തുമണിവരെ മൊബൈല്‍ ഷോപ്പില്‍ നില്‍ക്കാറുണ്ട്. അവനെ ഇനി കാണേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇന്നെന്തോ ഒരിഷ്ടം.നിനക്ക് ഇപ്പോ ആരും ലൈനില്ലേ എന്നു ചോദിച്ച പത്തു ബിയിലെ സൌമ്യയോട് അവന്റെ പേര് പറഞ്ഞാണ് പിടിച്ചു നിന്നത്. അവള്‍ക്കു എന്തു അഹങ്കരമാ. ഓട്ടോറിക്ഷ ഡ്രൈവറായ സുധീഷ് സൌമ്യയുടെ പിറകെ നടക്കുന്നത് അവളുടെ വീട്ടില്‍ പറയണം എന്നുവിചാരിച്ചതാ. പിന്നെ പറഞ്ഞിട്ടു കാര്യമില്ലെന്ന് അറിയാമായിരുന്നത് കൊണ്ടു അത് വേണ്ടെന്നുവച്ചു. പുതിയ ഒരാളെ വളക്കാന്‍ അവള്‍ക്കു അധികം സമയമൊന്നും വേണ്ട. തനിക്ക് ഇടയ്ക്കിടെ മഞ്ച് വാങ്ങിത്തന്നിരുന്ന സുദീപിനെ എത്രപെട്ടെന്നു ആണ് സൌമ്യ വളച്ചെടുത്തത്. ആകെ ദേഷ്യം വന്നു. അരികില്‍ ചുരുണ്ടിരുന്നിരുന്ന പൂച്ചയെ തൂക്കിയെടുത്ത് മുറ്റത്തേക്കു എറിഞ്ഞു.
നരിമാളത്തില്‍ നിന്നു കുറുക്കന്‍മാര്‍ കൂട്ടത്തോടെ ഓരിയിടാന്‍ തുടങ്ങിയപ്പോള്‍ പേടിച്ചുവിറച്ച അവള്‍ക്കു അവനെ കെട്ടിപ്പിടിക്കാന്‍ തോന്നി. തെല്ലു ചമ്മലുണ്ടെങ്കിലും ഇടതുകയ്യെടുത്ത് അവന്റെ നെഞ്ചില്‍ വച്ചു. അവളുടെ നഖങ്ങള്‍ നെഞ്ചില്‍ പോറലുണ്ടാക്കിയപ്പോള്‍ അവനു രമ്യയുടെ കയ്യാണ് ഓര്‍മ്മ വന്നത്.
കമ്പ്യൂട്ടര്‍ ക്ലാസ്സിനു പോകാന്‍ തുടങ്ങിയപ്പോഴാണ് നഖം വളര്‍ത്തുന്നത് രമ്യ വേണ്ടെന്നു വച്ചത്. ടൈപ്പ് ചെയ്യുമ്പോള്‍ സ്പീഡ് കുറയുന്നതിനാലായിരുന്നു നഖം മുറിച്ചു കളഞ്ഞത്. നഖം ഒരു പ്രതിരോധമാണ് പെണ്‍കുട്ടികള്‍ക്ക് , ആഭരണവും എന്നു തുടങ്ങുന്ന ഒരു ഉത്തരാധുനികത കവിത അവനു മനസ്സില്‍ തോന്നി.
അവള്‍ ഒന്നുകൂടി നെഞ്ചില്‍ പതുങ്ങിയപ്പോള്‍ അവന് രമ്യയെ കാണാന്‍ തോന്നി. രമ്യക്ക് ഇതൊന്നും ഇഷ്ടമല്ല.കമ്പ്യൂട്ടര്‍ ഗെയിം പോലെയായിരുന്നു അവളുടെ പ്രണയം. ഓരോ ഘട്ടം കഴിയുമ്പോഴും പ്രമോഷന്‍ കിട്ടും. ഒന്നു കയ്യില്‍ തൊടാന്‍ തന്നെ കുറേ ഗെയിം കളിക്കേണ്ടി വന്നു. ഓരോ ഘട്ടവും കഴിഞ്ഞു ഗെയ്മില്‍ വിജയിക്കാനായപ്പോഴേക്കും അവളുടെ കമ്പ്യൂട്ടര്‍ കോഴ്സ് കഴിഞ്ഞിരുന്നു.അതോടെ രമ്യ റീസൈക്കിളില്‍ നിന്നും ഡിലീറ്റ് ചെയ്ത ഒരു ഡാറ്റയായി മാറി.
വിനീതയെ പക്ഷേ അധികമൊന്നും കാണാറില്ലായിരുന്നു . ഇടയ്ക്കിടെ അവള്‍ക്കു മെസേജ് അയക്കണം. അത് കുറച്ചു കടന്ന മെസേജ് ആണേല്‍ അവള്‍ക്കു സന്തോഷമാകും. ഇതൊന്നും എനിക്ക് അയക്കരുത് എന്നു മറുപടി സെന്‍ഡ് ചെയ്ത അവള്‍ അത്തരം മേസേജുകള്‍ക്ക് എപ്പോഴും ഇന്‍ബോക്സില്‍ പരതുമായിരുന്നു.45 രൂപയ്ക്ക് 450 മെസേജ് അയക്കാവുന്ന ഓഫര്‍ ചെയ്തുകൊടുത്തയന്നു വിനീതയും കുറച്ചു എരിവു മെസേജുകള്‍ തിരിച്ചയച്ചു. എവിടെ നിന്നാണ് ഈ മെസേജുകള്‍ എന്നു ചോദിച്ചപ്പോള്‍ ഒരു ന്യൂഡ് പിക്ചര്‍ മെസേജ് ആണ് മറുപടിയായി വന്നത് .
പ്ലസ് ടു സയന്‍സ് ബാച്ചില്‍ പഠിക്കുന്ന സജിത്ത് മൊബൈല്‍ നന്നാക്കാന്‍ വന്നതും അന്നായിരുന്നു. ഒരു വയര്‍ പോയ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. വയര്‍ സോള്‍ഡര്‍ ചെയ്തു മൊബൈല്‍ സ്വിച് ഓണ്‍ ചെയ്തപ്പോള്‍ വെറുതെ ഇന്‍ബോക്സ് നോക്കി. തലേദിവസം അയച്ച മെസ്ജുകള്‍ വിനീതയുടെ നമ്പറില്‍ നിന്നു സജിത്തിന്റെ മൊബൈലില്‍ എത്തിയിരിക്കുന്നു. സെന്‍റ് ബോക്സ് പരിശോധിപ്പോള്‍ വിനീത അയച്ച ന്യൂഡ് മെസേജിന്റെ ഉറവിടവും കണ്ടെത്തി. സജിത്ത് മൊബൈല്‍ വാങ്ങി പോയയുടനെ പുതിയ ഓഫര്‍ സിമ്മെടുത്ത് മൊബൈലിലിട്ടു. പഴയ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞു.
അവനു അവളോടു സ്നേഹം തോന്നിത്തുടങ്ങിയിരുന്നു.ആരും ഒറ്റക്കല്ലെന്ന് അവനു അന്നാദ്യമായി തോന്നി.ആരെങ്കിലും ഒരാള്‍ എല്ലാവര്‍ക്കും കൂട്ടിനുണ്ടാകും. അതു ആരാണെന്ന് തിരിച്ചറിയുന്നതിലാണ് ഒരാളുടെ വിജയം.
അവന്‍ അവളെ ആദ്യമായി കാണുന്നത്പോലെ നോക്കി. അവളുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും അവന്റെ കണ്ണുടക്കിയപ്പോള്‍ അവള്‍ക്കു ശരിക്കും നാണം വന്നു. പ്രണയപരവശയായി നെഞ്ചില്‍ ചായാനാഞ്ഞപ്പോഴാണ് അവന്റെ കണ്ണുകളില്‍ നിന്നു കുറുക്കന്‍മാര്‍ ഒളിഞ്ഞുനോക്കുന്നത് അവള്‍ കണ്ടത്. അവ തന്റെ മേല്‍ ചാടിവീഴുമെന്നു അവള്‍ ഭയന്നു. അവന്റെ കണ്ണുകളില്‍ നിന്നു അവ ഓരിയിടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അച്ഛന്റെ ഒച്ച കേട്ടു.
"ഇനി നീ ട്യൂഷന് പോണ്ട. ഇല്ല പഠിത്തം മതി. ഈടിപ്പം ഇഷ്ടം പോലെ പഠിക്കാന്‍ നിനിക്ക് സമയുണ്ടല്ലോ.സംശയുണ്ടെല്‍ ആ ഷിബുവിനോട് ചോയിച്ചാല് ഓന്‍ പറഞ്ഞു തരും"-അച്ഛന്‍ അന്നു കടുപ്പിച്ചു പറഞ്ഞതിനാല്‍ ട്യൂഷന് പോകുന്നത് നിര്‍ത്തി. അതിനു ശേഷം അവനെയെന്നല്ല സൌമ്യയെയും കാണുന്നത് കുറവായിരുന്നു. അവള്‍ ഓരോ ചെക്കന്മാരെ വട്ടംചുറ്റിച്ച കഥകള്‍ കേള്‍ക്കാത്തതിനാല്‍ ട്യൂഷന്‍ നിറുത്തിയതിന്റെ അന്നു തീരെ ഉറക്കം വന്നില്ല.
പിറ്റേദിവസം ഏട്ടനും അമ്മയും വീട്ടിലില്ലാത്ത സമയത്ത് സൌമ്യയെ വിളിച്ചു. സൌമ്യ എന്തെങ്കിലും തുടങ്ങുന്നതിന് മുന്നേ, അവളുടെ പുതിയ കണക്ഷന്‍ സുരേഷിനെ കുറിച്ച് ചോദിച്ചു. "എണേ, ഒന്നും പറയാതിരിക്കയ ഭേദം. ഇപ്പൊ എനിക്ക് സിം നാലായി. ഓന് വോഡാഫോണിലേക്ക് ഫ്രീയാ. പുതിയ നമ്പര്‍ ഓന്‍ തന്നെയാ എടുത്തു തന്നത്. ഇനിയോപ്പോ സുദീപിന്റെ സമയം കുറയ്ക്കണം .എന്നാലെ അഡ് ജസ്റ്റ്റ് ചെയ്യാന്‍ പറ്റൂ.ഒരു ഡബിള്‍ സിം മൊബൈല്‍ വാങ്ങിച്ചു തരാന്‍ ഏട്ടനോട് പറഞ്ഞിട്ടുണ്ട്"- മൊബൈല്‍ ഇല്ലാത്തതില്‍ അന്നാദ്യമായി സങ്കടം വന്നു.ഒന്നും പറയാന്‍ നില്‍ക്കാതെ സൌമ്യയുടെ ഫോണ്‍ കട്ടു ചെയ്തു. സൌമ്യ ഒന്നു രണ്ടു പ്രാവശ്യം കൂടി റിംഗ് ചെയ്തെങ്കിലും ഫോണ്‍ എടുത്തില്ല.
ഓരോന്ന് ആലോചിച്ചു കുറേ നേരം കരഞ്ഞു. വൈകുന്നേരം പാല്‍ വാങ്ങിക്കാന്‍ പോകണമല്ലോ എന്നോര്‍ത്താണ് എഴുന്നേറ്റത്. കരഞ്ഞുകലങ്ങിയ മുഖത്തോടെ പോയാല്‍ ഭാമേച്ചി ചോദിക്കും. ഓരോന്ന് കുത്തികുത്തിചോദിക്കുന്നത് അവര്‍ക്കു ഭയങ്കര രസമാണ് .കുറച്ചു വൈകിയാലും കുളിച്ചിട്ടു പോകാമെന്ന് കരുതി. തോര്‍ത്തെടുത്തു കുളിമുറിയില്‍ കയറിയപ്പോള്‍ പുറത്തെന്തോ ഒച്ചകേട്ടിരുന്നു. എന്തെന്ന് നോക്കാന്‍ തോന്നിയില്ല. കുളിമുറിയുടെ ടിന്നുകൊണ്ടുണ്ടാക്കിയ വാതിലിന്റെ ദ്വാരത്തില്‍ തോര്‍ത്ത് വയ്ക്കാന്‍ ഓര്‍മ്മിച്ചില്ല.
മാറിനു മീതെ കെട്ടിയ തോര്‍ത്ത് അഴിച്ചു ബക്കറ്റിലിട്ടു തിരുമ്മിഎടുക്കുന്നതിലിടയിലാണ് ആരോ കുളിമുറിയുടെ പുറത്തു നില്‍ക്കുന്നതായി തോന്നിയത്. തോര്‍ത്ത് പിഴിയാന്‍ നില്‍ക്കാതെ ദേഹത്ത് പുതച്ചു വാതില്‍ തുറക്കുമ്പോള്‍ ഒരു നിലവിളി തൊണ്ടയില്‍ വരെ എത്തിയിരുന്നു. പക്ഷേ വാതിലിന്റെ തുരുമ്പിച്ച ടിന്നില്‍ തട്ടി മുറിഞ്ഞ വിരലിലെ ചോര വലിച്ചുകുടിക്കുന്ന അച്ഛനെ കണ്ടപ്പോള്‍ നിലവിളി തൊണ്ടയില്‍ വറ്റിപ്പോയി.
അവന്റെ കണ്ണുകളില്‍ നിന്നു കുറുക്കന്‍മാര്‍ പോയിരുന്നു.പക്ഷേ ഇപ്പോഴും കണ്ണുകള്‍ ചുവന്നുതന്നെയിരുന്നു. അവ കുത്തിപൊട്ടിക്കണമെന്നു അവള്‍ക്കു തോന്നി. അവള്‍ ആ കണ്ണുകളില്‍ വിരല്‍ കുത്താന്‍ ശ്രമിച്ചപ്പോള്‍ അവനു ഈയിടെ കണ്ട ത്രീഡി സിനിമയിലെ രംഗങ്ങളാണ് ഓര്‍മ്മ വന്നത്.
മൊബൈല്‍ ഷോപ്പില്‍ ആരോ മറന്നുവച്ച സിഡിയായിരുന്നു.പയ്യന്നൂര്‍ ശാന്തി ടാക്കീസില്‍ അവതാര്‍ ഇപ്പോഴും കളിക്കുന്നുണ്ടെന്നു സിനിമ കാണുന്നതിനിടയില്‍ സുരേഷ് പറഞ്ഞു. ഒരു പ്രത്യേക കണ്ണട വച്ചാലേ ഈ സിനിമ കാണുന്നതിന്റെ സുഖം കിട്ടൂ.ഓരോ സാധനങ്ങള്‍ നമ്മുടെ കണ്ണിലേയ്ക്കു വരുന്നത് പോലെ തോന്നും. -ഒന്നുരണ്ടു പേര്‍ ഇടയ്ക്ക് റീചാര്‍ജ് ചെയ്യാന്‍ വന്നതിനാല്‍ സിനിമ കാണുന്നതിന്റെ രസം നഷ്ടപ്പെട്ടു.
ഒറ്റയ്ക്കായത് കൊണ്ടു സുരേഷും സിനിമ മുഴുവന്‍ കാണാന്‍ നിന്നില്ല. അവളുടെ അച്ഛന്‍ മൊബൈല്‍ നന്നാക്കാന്‍ വന്നപ്പോള്‍ സുരേഷ് പീടിയയില്‍ നിന്നു ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. "ഇപ്പോ കാണാറെ ഇല്ലല്ലോ...ഓള് ട്യൂഷന്‍ നിര്‍ത്തിയാ"...അയാള്‍ ഒന്നു മൂളിയതല്ലാതെ ഒന്നും മിണ്ടിയില്ല. "പുതിയ സെറ്റാന്നല്ല.ടു ജി ബിരെ മെമ്മറി ഇണ്ടല്ലേ-അമ്പുവേട്ടന്‍ പോയിക്കോ ഞാന്‍ നന്നാക്കിട്ടു വീട്ടില്‍ പൊന്ന വയിക്കു കൊണ്ടുതരാ" -
"ബേണ്ട .ഇപ്പൊ പറ്റൂങ്കില് മതി. ഞാന്‍ റേഷന്‍ ബാങ്ങിവരാ .അപ്പോഴേക്ക് തരണം" -അമ്പുവേട്ടന്‍ റേഷന്‍ കടയിലേയ്ക്ക് പോകാനിറങ്ങിയപ്പോഴേക്കും മൊബൈല്‍ ശരിയായിരുന്നു. വന്നിട്ട് കൊടുക്കാം എന്നു വിചാരിച്ചതിനാല്‍ തിരിച്ചുവിളിച്ചില്ല.
അവളുടെ ഫോട്ടോ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറിലിട്ടത്. കുറേ കോമഡി ക്ലിപ്പുകളാണ് ആദ്യത്തെ ഫോള്‍ഡറില്‍ ഉണ്ടായിരുന്നത്. അതില്‍ ചിലത് കമ്പ്യൂട്ടറിലേയ്ക്ക് കോപ്പി ചെയ്തു. രണ്ടാമത്തെ ഫോള്‍ഡറില്‍ ചെമ്പകമെ എന്ന പാട്ടുണ്ടായിരുന്നു.അവള്‍ക്കു ഏറെ ഇഷ്ടമുള്ള പാട്ടാണ് അത്.അവള്‍ തന്നെയാകാം അത് സേവ് ചെയ്തതിട്ടുണ്ടാകുക. മൂന്നാമത്തെ ഫോള്‍ഡര്‍ തുറന്നപ്പോള്‍ അമ്പുവേട്ടന്‍ കൊള്ളാലോ എന്നാണ് ആദ്യം തോന്നിയത്. കോപ്പി ചെയ്യണോന്നു ഒന്നു സംശയിച്ചു. ഷിബുവേട്ടന്റെയില് ഇലാത്തത് ആണെങ്കില്‍ മതി എന്നു കരുതിയാണ് ഓടിച്ചു കാണാന്‍ നോക്കിയത്.
ഇരുട്ടിലാണ് ആ ക്ലിപ്പിംഗ് എടുത്തതെങ്കിലും ആളുടെ മുഖം ശരിക്കും വ്യക്തമായിരുന്നു. എന്നാലും ന്റെ അമ്പുവേട്ട,നിങ്ങള് ... ദേഷ്യവും സങ്കടവും ഒരുമിച്ചു പൊതിഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞപ്പോള്‍ ശ്വാസം മുട്ടി. അന്നേരം രമ്യയും വിനീതയും അടിവസ്ത്രങ്ങള്‍ മാത്രമിട്ട് കമ്പ്യൂട്ടറില്‍ നിന്നു കൊഞ്ഞനംകാട്ടി ചിരിച്ചു. പൊടുന്നനെ, അവശേഷിച്ചിരുന്ന വസ്ത്രങ്ങള്‍ ആരാലോ ഊരിമാറ്റപ്പെടുന്നതറിഞ്ഞു അവര്‍ കരയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പീടികയയില്‍ നിന്നിറങ്ങി ഓടി.
നേരം സന്ധ്യയാവാന്‍ തുടങ്ങിയിരുന്നു. ചപ്പിലകള്‍ കത്തിതീര്‍ന്നു. പറങ്കിമാങ്ങകള്‍ മുഴുവന്‍ കരിഞ്ഞുപോയി. അവന്റെ കണ്ണിലെ ചുവപ്പു മാറി . അവന്റെകണ്ണുകളില്‍ അമ്പിളിമാമന്‍ മുഖം നോക്കുന്നത് കണ്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
അന്നേരം നരിമടയില്‍ നിന്നു കുറുക്കന്മാര്‍ ഓരോരുത്തരായി ഇരതേടി ഇറങ്ങാന്‍ തുടങ്ങി.
